മാധ്യമ പ്രവർത്തകരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്ന് നിയുക്ത തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപിച്ചു. കൊറോണ വൈറസിനെതിരായ മുൻഗണന വാക്സിനേഷൻ ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങൾക്കും തമിഴ്നാട്ടിലെ മാധ്യമപ്രവർത്തകർക്ക് ഇനിമുതൽ അർഹതയുണ്ടാകും.
പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ജോലി ചെയ്യുന്നവർ ജീവൻ പണയം വെച്ചാണ് ജോലി ചെയ്യുന്നതെന്ന് എം കെ സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു. മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്നതിനാൽ മാധ്യമ പ്രവർത്തകർക്ക് ഇതനുസരിച്ചുള്ള പ്രത്യേകാവകാശങ്ങൾ നൽകും," അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് -19 നെതിരായ പോരാട്ടത്തിൽ മുൻഗണനാ വിഭാഗത്തിൽ മാധ്യമ പ്രവർത്തകരെ ബീഹാർ, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് ബാധിച്ച് രാജ്യത്ത് നിരവധി മാധ്യമ പ്രവർത്തകരാണ് മരിച്ചത്. ഈ സാഹചര്യത്തിലാണ് വിവിധ സംസ്ഥാനങ്ങൾ മാധ്യമ പ്രവർത്തകരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. ആരോഗ്യ പ്രവർത്തകർ, പൊലീസ്, ഫയർഫോഴ്സ് തുടങ്ങിയവരാണ് മുൻഗണനാ വിഭാഗത്തിൽ നിലവിൽ ഉൾപ്പെടുന്നത്.