ഡല്‍ഹി: വാക്‌സിൻ പാഴാക്കാത്തതിൽ കേരളത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിന്‍ പാഴാക്കാതെ ഫലപ്രദമായി ഉപയോഗിച്ച്ആരോഗ്യപ്രവര്‍ത്തകര്‍ മാതൃകയാണെന്നും, നഴ്‌സുമാര്‍ വളരെ കാര്യപ്രാപ്തിയുള്ളവരാണെന്നും പൂര്‍ണ്ണമനസ്സോടെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മോദി പറഞ്ഞു. കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വാക്‌സിന്‍ പാഴാക്കാതിരിക്കുന്നത് പ്രധാനമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റിന് മറുപടിയാണ് പ്രധാനമന്ത്രിയുടെ കുറിപ്പ്.
കേരളത്തിലെ വാക്സിൻ ഉപയോഗത്തെ കുറിച്ചായിരുന്നു പിണറായി വിജയന്റെ ട്വീറ്റ്. 73,38,860 ഡോസ് വാക്‌സിനാണ് കേരളത്തിന് ലഭിച്ചത്. ഇവ മുഴുവന്‍ ഉപയോഗിച്ചു. പത്ത് ഡോസ് അടങ്ങിയ ഓരോ വാക്‌സിന്‍ വയലിനകത്തും വേസ്‌റ്റേജ് ഫാക്ടര്‍ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. ഇത് ഉൾപ്പെടെ വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാല്‍ ഈ അധിക ഡോസ് കൂടി ആളുകള്‍ക്ക് നല്‍കി. അതിനാലാണ് 73,38,860 ഡോസ് നമുക്ക് ലഭിച്ചപ്പോള്‍ 74,26,164 ഡോസ് നൽകാൻ സാധിച്ചതെന്നായിരുന്നു മുഖ്യമന്ത്രി ട്വീറ്റ് ചെയ്തത്. ഇതിന് മറുപടിയായാണ് വാക്സിൻ ഉപയോഗത്തിൽ കേരളത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചത്.