തിരുവനന്തപുരം: അന്തരിച്ച കവിയും സ്വാതന്ത്ര്യസമര സേനാനിയുമായ ഡോ.പുതുശ്ശേരി രാമചന്ദ്രന്‍റെ സംസ്കാരം ഇന്ന് വൈകീട്ട് 3- തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഇന്നലെ വൈകീട്ട് 4.50-ഓടെ വെള്ളയമ്പലത്തെ ഇലങ്കം ഗാര്‍ഡന്‍സിലായിരുന്നു അന്ത്യം. 92-വയസ്സായിരുന്നു. ഒരു മാസത്തെ ചികിത്സക്കുശേഷം കഴിഞ്ഞ ദിവസമാണ് ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ വീട്ടിലേക്കു തിരിച്ചെത്തിയത്.
ഭാഷാ പണ്ഡിതനും കവിയുമായ പുതുശ്ശേരി രാമചന്ദ്രന്‍ പി.ഭാസ്കരന്‍, വയലാര്‍, ഒ.എന്‍.വി എന്നീ കവികളുമായി വളരെ അടുപ്പം പുലര്‍ത്തുകയും കമ്മ്യുണിസ്റ്റ് അനുഭാവം പുലര്‍ത്തുകയും ചെയ്ത കവിയാണ്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അദ്ദേഹം പിന്നീട് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെടുകയും 1948-മുതല്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.പാര്‍ട്ടി വള്ളിക്കുന്നം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കവി എന്നതിലുപരി ഭാഷക്കും സാഹിത്യത്തിനും വലിയ സംഭാവനകള്‍ നല്‍കിയ പുതുശ്ശേരിയുടെ അക്ഷീണ ശ്രമങ്ങളുടെ ഫലങ്ങളിലൊന്നാണ് മലയാളത്തിനു ലഭിച്ച ക്ലാസ്സിക്കല്‍ ഭാഷാ പദവി. കേരളചരിത്രത്തിലും പ്രാചീന-മധ്യകാല മലയാള ഭാഷാ സാഹിത്യത്തിലുള്ള അദ്ദേഹത്തിന്‍റെ ഗവേഷണങ്ങളും ഏറെ വിലപ്പെട്ടതാണ്. പുതുശ്ശേരിയുടെ കണ്ണശ്ശരാമായണം പഠനമാണ് അദ്ദേഹത്തിന്‍റെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തത്. 1944-ല്‍ എഴുതിത്തുടങ്ങിയ പുതുശ്ശേരി 10-കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആകാവുന്നത്ര ഉച്ചത്തില്‍, അകലും തോറും,ശക്തിപൂജ, പുതിയ കൊല്ലനും പുതിയൊരാലയും, ആഗ്നേയ സ്വാഹ, പുതുശ്ശേരി രാമചന്ദ്രന്‍റെ കവിതകള്‍, ഈ വീട്ടില്‍ ആരുമില്ല തുടങ്ങിയ അദ്ദേഹത്തിന്‍റെ കാവ്യ സമാഹാരങ്ങളാണ്. ഇതിനു പുറമേ നിരവധി ഭാഷാ പഠനഗ്രന്ഥങ്ങളും വിമര്‍ശന പദങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.എഴുത്തച്ചന്‍ പുരസ്കാരവും ഭാഷാ പഠന മേഖയില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് സാഹിത്യ അക്കാദമിയുടെ ഭാഷാ സമ്മാന്‍ പുരസ്കാരവും നേടിയിട്ടുണ്ട്.
കവിയും സ്വാതന്ത്ര്യസമര സേനാനിയുമായ ഡോ.പുതുശ്ശേരി രാമചന്ദ്രന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.