ലോകമെമ്പാടും എല്ലാവർഷവും മെയ്മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് അന്താരാഷ്ട്ര മാതൃദിനമായി ആഘോഷിക്കപ്പെടുന്നത്. ഇതിൻ പ്രകാരം ഈ വർഷം മെയ് 9 മാതൃദിനമായി ആഘോഷിക്കുകയാണ്.
അന്താരാഷ്ട്ര മാതൃദിനത്തിന്റെ ചരിത്രം.
ആധുനിക മാതൃദിനാഘോഷം അമേരിക്കയിൽ ആരംഭിച്ചതായാണ് കണക്കാക്കപ്പെടുന്നത്. അമേരിക്കക്കാരിയായ അന്ന ജാർവിസ് എന്ന വനിതയാണ് അന്താരാഷ്ട്ര മാതൃദിനം ആഘോഷിക്കാൻ ആദ്യമായി മുൻകൈ എടുത്തത്. ഇവരുടെ അമ്മയുടെ ഓർമദിനമാണ് പിന്നീട് മാതൃദിനമായി ലോകമെമ്പാടും ആഘോഷിക്കപ്പെട്ടത്.
1908 ൽ ജാർവിസിന്റെ അമ്മയുടെ മൂന്നാം ചരമവാർഷികം ഇവർ സമുചിതമായി ആചരിക്കാൻ തീരുമാനിച്ചു. വെസ്റ്റ് വിർജീനിയയിലെ സെന്റ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിലാണ് ചടങ്ങുകൾ തീരുമാനിച്ചത്. എന്നാൽ ചില കാരണങ്ങളാൽ അന്ന ജാർവിസിന് ഈ ചടങ്ങളിൽ പങ്കെടുക്കാനായില്ല. ചടങ്ങിൽ പങ്കെടുത്ത അഞ്ഞൂറോളം പേർക്ക് ജാർവിസ് ടെലിഗ്രാം സന്ദേശം അയച്ചു. പൂക്കളും സന്ദേശത്തിന് ഒപ്പം ജാർവിസ് അയച്ചിരുന്നു. മാതൃദിനത്തിന്റെ പ്രാധാന്യം വിവരിക്കുന്നതായിരുന്നു ആ സന്ദേശം. തുടർന്നുള്ള വർഷങ്ങളിൽ ജാർവിസിന്റെ സന്ദേശം ഉൾക്കൊണ്ട് അമേരിക്കയിൽ ഈ ദിനം അമ്മമാർക്കായി ആഘോഷിക്കപ്പെട്ടു. തുർന്ന് ജാർവിസിന്റെ ആശയം ലോകം മുഴുൻ സ്വീകരിച്ചു.