ഡല്‍ഹി: ഒളിമ്പിക് മെഡല്‍ ജേതാവായ സുശീല്‍ കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ഡല്‍ഹി പോലീസ്. ജൂനിയര്‍ ഗുസ്തി താരവും, മുന്‍ ദേശിയ ചാമ്പ്യനുമായ സാഗര്‍ റാണയുടെ മരണവുമായി ബന്ധപ്പെട്ടാണ് സുശീല്‍ കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. സാഗര്‍ റാണയുടെ മരണത്തില്‍ സുശീല്‍ കുമാറിനെതിരെ കൊലപാതകം, ഗൂഢാലോചന എന്നിവ ആരോപിച്ച് ഡല്‍ഹി പോലീസ് കേസെടുത്തിരിക്കുകയാണ്.
ഗുസ്തി താരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ഡല്‍ഹി ഛത്രസാല്‍ സ്റ്റേഡിയത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍വെച്ച് സുശീല്‍ കുമാര്‍, അജയ്, പ്രിന്‍സ്, സാഗര്‍ കുമാര്‍, സോനു, അമിത് എന്നിവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. സ്റ്റേഡിയത്തിനകത്ത് വെടിയൊച്ച കേള്‍ക്കുന്നുവെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തുമ്പോള്‍ അഞ്ച് കാറുകള്‍ സ്‌റ്റേഡിയത്തിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ ഡബിള്‍ ബാരല്‍ തോക്ക് കണ്ടെടുത്തായും പൊലീസ് പറഞ്ഞു.
മറ്റ് ഗുസ്തി താരങ്ങള്‍ക്ക് മുന്‍പില്‍ വെച്ച് സുശീല്‍ കുമാറിനെതിരെ സംസാരിച്ചതിന്, സുശീല്‍ കുമാറും കൂട്ടുകാരും ചേര്‍ന്ന് സാഗര്‍ റാണയെ തട്ടികൊണ്ടുപോയെന്നും ആരോപണമുണ്ട്. ഇതുസംബന്ധമായി സുശീല്‍ കുമാറിനെതിരെ സാക്ഷി മൊഴികള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യകതമാക്കി. ഗുസ്തിയില്‍ രണ്ട് തവണ ഒളിംപിക്‌സ് മെഡല്‍ നേടിയ താരമാണ് സുശീല്‍ കുമാര്‍.