ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ അറസ്റ്റുചെയ്ത കന്തസാമി ഐ പി എസിനെ തമിഴ്നാട് വിജിലന്‍സ് അഴിമതി വിരുദ്ധ സ്ക്വാഡിന്റെ മേധാവിയാക്കി നിയമിച്ചുകൊണ്ട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍റെ നിര്‍ണ്ണായക നീക്കം. മുന്‍പിന്‍ നോക്കാതെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതില്‍ ട്രാക്ക് റെക്കോര്‍ഡുള്ള കന്തസാമിയെ ഡിജിപി റാങ്കോടു കൂടിയാണ് നിയമിച്ചിരിക്കുന്നത്.
2005-ല്‍ സൊറാഹ്ബുദ്ദീനെയും ഭാര്യ കൌസര്‍ബിയെയും പോലീസ് കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തില്‍ അത് വ്യാജ ഏറ്റുമുട്ടലാണെന്ന് തെളിഞ്ഞു. തുടര്‍ന്ന്, 2010-ല്‍ അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രി ആയിരുന്ന അമിത് ഷായെ അറസ്റ്റ് ചെയ്തത് സിബിഐ ഇന്‍സ്പെക്ടര്‍ ജനറലായിരുന്ന കന്തസാമി ആയിരുന്നു.
അധികാരത്തിലെത്തിയാല്‍ ബിജെപിയുടെയും എ.ഐ.എ.ഡി.എം.കെ.യുടെയും അഴിമതിക്കാരായ മന്ത്രിമാര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ സ്റ്റാലിന്‍ പ്രസ്താവിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങളാണ് സ്റ്റാലിന്‍ ഉന്നയിച്ചിരുന്നത്. താന്‍ മുഖ്യമന്ത്രി ആയാല്‍ ഈ ആരോപണങ്ങളെല്ലാം അന്വേഷിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. അഴിമതി നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കാനാണ് സ്റ്റാലിന്‍റെ നീക്കമെന്നാണ് വിലയിരുത്തലുകള്‍.