ഫ്രാന്‍സ്: ഇസ്ലാം മത വിശ്വാസികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാനാണ് തീരുമാനമെങ്കില്‍ രാജ്യത്ത് അഭ്യന്തര യുദ്ധമുണ്ടാക്കുമെന്ന് വലതുപക്ഷ തീവ്രവാദികളുടെ തുറന്ന കത്ത്. ഫ്രാന്‍സില്‍ ഇസ്ലാമിക വിഘടനവാദം ഇല്ലായ്മ ചെയ്യുകയെന്ന ലക്ഷ്യത്തോടെ പുതിയ നിയമം കൊണ്ടുവരാനുള്ള പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ നീക്കമാണ് വലതുപക്ഷത്തെ പ്രകോപിപ്പിച്ചത്. മാക്രോണ്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച കരട് ബില്ലിനെതിരെ രാജ്യത്തിനകത്തും, പുറത്തും ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്ന് വരുന്നത്.
വലതുപക്ഷ മാഗസിനായ 'വലുവര്‍ ആക്ടുവെലി'ലാണ് 130,000 ത്തോളം ആളുകള്‍ ഒപ്പിട്ട ഊമക്കത്ത് പ്രത്യക്ഷപ്പെട്ടത്. ആരുടേയും പേര് വ്യക്തമാക്കാത്ത കത്തിനു പിന്നില്‍ സൈനീകരുടെയടക്കം ഇടപെടല്‍ ഉണ്ടെന്നാണ് മാക്രോണ്‍ ഭരണകൂടം കരുതുന്നത്. അഫ്ഗാനിസ്ഥാന്‍, മാലി, മധ്യ ആഫ്രിക്ക, എന്നീ രാജ്യങ്ങളിലെ ഭീകര വിരുദ്ധ യുദ്ധത്തില്‍ പങ്കെടുത്തവരാണ് ഞങ്ങളെന്നും കത്തില്‍ അവകാശപ്പെടുന്നുണ്ട്.
ആദ്യമായിട്ടല്ല ഫ്രാന്‍സില്‍ ഇത്തരം കത്തുകള്‍ പ്രത്യക്ഷപ്പെടുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വലതുപക്ഷ സ്ഥാനാര്‍ഥിയായ മറൈൻ ലെ പേൻ ഇതിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം കത്തിനെ പരിഹസിച്ച ഫ്രഞ്ച് അഭ്യന്തര മന്ത്രി, ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാരിനെ നേരിട്ട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു. അല്ലാതെയുള്ള ഒരു ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കും വഴിപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.