പശ്ചിമ ബംഗാൾ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ട് എംഎൽഎമാർ രാജിവെച്ചു. 77 എംഎൽഎമാണ് ബിജെപിക്കുള്ളത്. ഇത് 75 ആയി കുറഞ്ഞു. നിഷിത് പ്രമാണിക്, ജഗന്നാഥ് സർക്കാർ എന്നിവരാണ് രാജിവെച്ചത്. ഇരുവരും കഴിഞ്ഞ ദിവസം സ്പീക്കർക്ക് രാജി സമർപ്പിച്ചു. ഇരുവരും ലോക്സഭാ എംപിമാരാണ്. ബിജെപി സർക്കാർ അധികാരത്തിലെത്തിയാൽ മന്ത്രിമാരാകാം എന്ന് കരുതിയാണ് ഇരുവരും മത്സരിച്ചത്. എന്നാൽ ബിജെപിക്ക് സംസ്ഥാനത്ത് കനത്ത പരാജയമാണ് ഉണ്ടായത്. ലോക്സഭാ അംഗത്വം രാജിവെച്ചാൽ ഉപതെരഞ്ഞെടുപ്പിൽ ജയിക്കാനാവില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ബിജെപിയുടെ 5 എം പിമാരാണ് നിയമസഭയിലേക്ക് മത്സരിച്ചത്.
പാർട്ടി നിർദ്ദേശ പ്രകാരമാണ് രാജിവെച്ചതെന്ന് സാന്റിപൂർ സീറ്റിൽ നിന്ന് ജയിച്ച ജഗന്നാഥ് സർക്കാർ പറഞ്ഞു. രണഘട്ടിൽ നിന്നുള്ള എംപി കൂടിയാണ് ജഗന്നാഥ സർക്കാർ. നിയമസഭാഗത്വം രാജിവെച്ച നടപടിയെ തൃണമുൽ കോൺഗ്രസ് ശക്തമായ ഭാഷയിൽ വിമർശിച്ചു. ജനങ്ങളിൽ വിശ്വാസമില്ലാത്തതിനാലാണ് എംഎൽഎമാർ രാജിവെച്ചതെന്ന് ടിഎംസി ആരോപിച്ചു. ബിജെപി നികുതിദായകരുടെ പണം ധൂർത്തടിക്കുകയാണെന്നും മുതിർന്ന ടിഎംസി നേതാവ് സുഖേന്ദു റോയ് പറഞ്ഞു.