മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പരാമര്‍ശങ്ങളുമായി വീണ്ടും രംഗത്തുവന്ന പി.സി. ജോര്‍ജിനെതിരെ ഈരാറ്റുപേട്ട പൊലീസില്‍ പരാതി. കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായി മാറ്റിത്തീര്‍ക്കാന്‍ രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യിപ്പിച്ചിട്ടുണ്ടെന്നായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. 2030ല്‍ കേരളത്തെ ഒരു മുസ്ലിം സ്റ്റേറ്റാക്കുമെന്നും 2040ല്‍ ഇന്ത്യ മുസ്ലിം രാജ്യമാക്കുമെന്നും പ്രഖ്യാപനം തന്നെയുണ്ടെന്നും ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ജോര്‍ജ് പറഞ്ഞിരുന്നു.
ജോര്‍ജിന്റെ പരാമര്‍ശം വംശീയമാണെന്നും ക്രിസ്ത്യന്‍- മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും പരാതിയില്‍ പറയുന്നു. നടയ്ക്കല്‍ കാരയ്ക്കാട് സ്വദേശി എം.എം. മുജീബാണ് ജോര്‍ജിനെതിരെ നടപടിയാവശ്യപ്പെട്ട് ഈരാറ്റുപേട്ട സ്റ്റേഷന് ഹൗസ് ഓഫിസര്‍ക്ക് പരാതി നല്‍കിയത്.
ജോര്‍ജിന്റെ പ്രസ്താവനകള്‍ അധാര്‍മികവും നിയമവിരുദ്ധവും ഇന്ത്യന്‍ ശിക്ഷാനിയമം 153, 153 (എ), 502 (2) വകുപ്പുകള്‍ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. അതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. വിവാദ അഭിമുഖവും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.