പൊതുമേഖലാ ബാങ്കില്‍ നിന്ന് രാജിവച്ചിറങ്ങിയ കെഎന്‍ ബാലഗോപാല്‍ കേരളത്തിന്റെ ധനകാര്യമന്ത്രിയായി ചുമതലയേല്‍ക്കുകയാണ്. ആര് ബാലകൃഷ്ണപ്പിളളയ്ക്കുശേഷം കൊട്ടാരക്കരയില്‍ നിന്നുളള മന്ത്രിയാണ് കെഎന്‍ ബാലഗോപാല്‍. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങളെല്ലാം ഭംഗിയായി ചെയ്ത് തീര്‍ക്കുന്ന സൗമ്യനായ ബാലഗോപാലിന് ആദ്യ വിജയത്തില്‍ തന്നെ ലഭിക്കുന്ന മന്ത്രിസ്ഥാനം അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയ്ക്കുളള സമ്മാനമാണ്.
പത്തനാപുരം കലഞ്ഞൂര്‍ പികെ നാരായണപ്പണിക്കരുടെയും ഒവി രാധാമണി അമ്മയുടെയും മകനാണ് കെന്‍ ബാലഗോപാല്‍. 1982-ല്‍ പുനലൂര്‍ എസ്എന്‍ കോളേജില്‍ മാഗസിന് എഡിറ്ററായി വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ബാലഗോപാല്‍ പിന്നീട് കോളേജ് യൂണിയന് ചെയര്‍മാനായി. 1985-ല്‍ എസ്എഫ് ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗമായും പിന്നീട് സംസ്ഥാന സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായി ദേശീയ രാഷ്ട്രീയത്തിലും സജീവമായിരുന്നു കെഎന്‍ ബാലഗോപാല്‍. വിഎസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010-ലാണ് കെഎന്‍ ബാലഗോപാല്‍ രാജ്യസഭയിലെത്തുന്നത്. 2016-ലെ മികച്ച പാര്‍ലമെന്റേറിയനുളള സന്‍സദ് രത്ന പുരസ്കാരം നേടി. 2018 മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്.
പുനലൂര്‍ എസ്എന്‍ കോളേജില്‍ നിന്ന് ബികോം ബിരുദവും തിരുവനന്തപുരം എംജി കോളേജില്‍ നിന്ന് എംകോം ബിരുദവും സ്വന്തമാക്കി. തിരുവന്തപുരം ലോ അക്കാദമിയില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ കെഎന്‍ ബാലഗോപാല്‍ പഠനശേഷം പൊതുമേഖലാ ബാങ്കില്‍ ലഭിച്ച ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്.