തിരുവനന്തപുരം: മിസ് ട്രാന്‍സ് ഗ്ലോബല്‍ സൗന്ദര്യ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത് മലയാളിയായ ശ്രുതി സിത്താരയാണ്. മലയാളി ട്രാന്‍സ് വനിതയാണ് ശ്രുതി. ലണ്ടന്‍ കേന്ദ്രീകരിച്ച് നടക്കുന്ന സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാനായി ശ്രുതിക്കൊപ്പം നിരവധി ട്രാന്‍സ് വനിതകളാണ് മത്സരിച്ചത്. ഒരു മാസം നീണ്ട് നിന്ന മത്സരത്തിനൊടുവിലാണ് ശ്രുതി സിത്താര വിജയിച്ചത്. കോഴിക്കോട് സ്വദേശിനി സഞ്ജനയോടായിരുന്നു അവസാനത്തെ മത്സരം.
അവഗണിച്ചവര്‍പോലും ഇന്ന് എന്‍റെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നത് കാണുമ്പോള്‍ വളരെയധികം സന്തോഷമുണ്ടെന്ന് ശ്രുതി സിത്താര പറഞ്ഞു. ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്കായി കഴിഞ്ഞ വര്‍ഷം മുതലാണ് മിസ് ട്രാന്‍സ് ഗ്ലോബല്‍ സൗന്ദര്യ മത്സരം ആരംഭിച്ചത്. ആദ്യമത്സരത്തില്‍ ഫിലിപ്പിന്‍കാരി മേളയായിരുന്നു വിജയി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജൂണില്‍ വെര്‍ച്ച്വലായി മത്സരം നടത്തും.
സാമൂഹിക നീതി വകുപ്പില്‍ പ്രോജക്ട് അസിസ്റ്റന്‍റായിരുന്ന ശ്രുതി, 2018ല്‍ ക്വീന്‍ ഓഫ് ദ്വയ സൗന്ദര്യ മത്സരത്തിലെ വിജയിയാണ്. പക്ഷെ മത്സരത്തില്‍ വിജയിച്ചിരുന്നെങ്കിലും സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി അധിക്ഷേപങ്ങള്‍ നിറത്തിന്‍റെയും, രൂപത്തിന്‍റെയും പേരില്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിന് ശേഷമാണ് ശ്രുതി മോഡലിംഗ് രംഗത്ത് ശ്രുതി സജീവമാകുന്നത്.