പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24, 25 തീയ്യതികളില്‍ വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുന്നമംഗലം എംഎല്‍എയായ അഡ്വ. പിടിഎ റഹീമിനെ പ്രോട്ടേം സ്പീക്കറായി നിയമിക്കാനും സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യും. തിങ്കളാഴ്ച നിയമസഭാംഗങ്ങളുടെ സത്യപ്രതിജ‍്ഞ കഴിഞ്ഞ് ചൊവ്വാഴ്ചയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്.
ആരാണ് പ്രോട്ടേം സ്‌പീക്കർ?
ചെറിയൊരു കാലയളവിലേയ്ക്ക് ലോക്‌സഭയുടെയും നിയമസഭകളുടെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് താൽക്കാലികമായി ചുമതലപ്പെടുത്തന്നതാണ് പ്രോട്ടേം സ്‌പീക്കർ. ലോക്‌സഭയിലേയ്ക്കും നിയമസഭയിലേയ്ക്കുമുളള ജനപ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടാലും സ്‌പീക്കറേയും ഡപ്യൂട്ടി സ്‌പീക്കറേയും തിരഞ്ഞെടുക്കണമെങ്കില്‍ സഭ വിളിച്ചു ചേര്‍ക്കണം. ഈ സാഹചര്യത്തിൽ സഭയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് പ്രോട്ടേം സ്‌പീക്കറാണ്. മറ്റെന്തെങ്കിലും കാരണവശാൽ സ്‌പീക്കർ, ഡപ്യൂട്ടി സ്‌പീക്കർ തസ്തികകൾ ഒഴിഞ്ഞു കിടന്നാലും നിയമ നിർമ്മാണ സഭകളുടെ പ്രവർത്തനം പ്രോട്ടേം സ്‌പീക്കറുടെ നിയന്ത്രണത്തിലാകും.
പ്രോട്ടേം സ്‌പീക്കറെ നിയമിക്കുന്നത് ലോക്‌സഭയിലേയ്ക്കും നിയമസഭകളിലേയ്ക്കും തിരഞ്ഞെടുക്കപ്പെടുന്നവരുമായുളള ധാരണയുടെ അടിസ്ഥാനത്തിലാണ്. സ്ഥിരം സ്‌പീക്കറെ തിരഞ്ഞെടുക്കുന്നത് വരെ പ്രോട്ടേം സ്‌പീക്കര്‍ക്ക് സഭയുടെ നടപടിക്രമങ്ങൾ നിയന്ത്രിക്കാം. സാധാരണ ഗതിയിൽ ആ സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും മുതിർന്ന അംഗത്തെയായിരിക്കും പ്രോട്ടേം സ്‌പീക്കറായി തിരഞ്ഞെടുക്കുക. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് പ്രോട്ടേം സ്‌പീക്കറുടെ മുഖ്യ ചുമതലകളിലൊന്ന്. പിന്നെ പുതിയ സ്‌പീക്കറെ തിരഞ്ഞെടുക്കുന്ന നടപടിയും പ്രോട്ടേം സ്‌പീക്കറുടെ ചുമതലയിലാണ് നടക്കുക. പുതിയ സ്‌പീക്കറെ തിരഞ്ഞെടുക്കന്നതോടെ പ്രോട്ടേം സ്‌പീക്കറുടെ പ്രവർത്തനം അവസാനിക്കും.