കവരത്തി: ലക്ഷദ്വീപിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഡയറിഫാമുകള്‍ അടച്ചുപൂട്ടാന്‍ മൃഗസംരക്ഷണ ഡയറക്ടര്‍ ഉത്തരവിറക്കി. ഫാമുകള്‍ അടയ്ക്കുന്നതോടെ സര്‍ക്കാര്‍ തലത്തില്‍ വിതരണം ചെയ്യുന്ന പാല്‍, പാല്‍ ഉത്പന്ന വിപണനം ഇല്ലാതാകും. പശുക്കളെ ഈ മാസം തന്നെ വിറ്റ് ഒഴിവാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
ഡയറി ഫാമുകള്‍ അടക്കുന്നതോടെ സര്‍ക്കാര്‍ ഫാമുകളിലെ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടും. സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടിയാണ് പുതിയ ഉത്തരവെന്ന ആക്ഷേപം ഉയര്‍ന്ന് വരുന്നുണ്ട്. ലക്ഷദ്വീപില്‍ നടപ്പാക്കി വരുന്ന ഫാസിസ്റ്റ് തീരുമാനങ്ങള്‍ക്കെതിരെ കേരളത്തിലും പ്രതിഷേധം ഉയരുന്നുണ്ട്. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ ബിജെപി സങ്കുചിത താല്പര്യം വെച്ച് നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കെതിരെ, കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ, സംഘടന നേതാക്കള്‍ പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
ബിജെപി അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് എളമരം കരീം എംപി രാഷ്ട്രപതിക്ക് കത്തയച്ചു. കഴിഞ്ഞ ദിവസം ലക്ഷദ്വീപിലെ വിദ്യാര്‍ഥികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ ഓണ്‍ലൈന്‍ പ്രതിഷേധത്തിന് കേരളത്തില്‍ നിന്ന് എസ്എഫ്ഐ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജില്ലാ പഞ്ചായത്തിന്‍റെ അധികാര പരിധിയില്‍ വരുന്ന വിദ്യാഭ്യാസം, മൃഗസംരക്ഷണം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, തുടങ്ങിയവയൊക്കെ അഡ്മിനിസ്ട്രേറ്ററുടെ കീഴിലാക്കി ഏകാധിപത്യ ഭരണത്തിന് ബിജെപി ശ്രമിക്കുകയാണെന്നാണ് ലക്ഷദ്വീപുകാരുടെ പരാതി.