ബിഗ് ബോസ് മത്സരാർഥി രജിത് കുമാറിന് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയ സംഭവത്തിൽ 13 പേരെ അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. കൊറോണ ജാഗ്രത നിര്‍ദേശങ്ങള്‍ മറികടന്ന് വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയതിന്റെ പേരിലാണ് അറസ്റ്റ്.
സംഭവത്തിൽ 75 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേ സമയം മുഖ്യപ്രതി രജിത്ത് കുമാറിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാൾ അന്നു രാത്രിതന്നെ ഒളിവിൽ പോയാതായാണ് പൊലീസ് നിഗമനം.
വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് രജിതിനെ സ്വീകരിക്കാന്‍ വരികയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌ത മുഴുവന്‍ ആളുകളേയും തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. പരിപാടിക്ക് എത്ര പേരുണ്ടെങ്കിലും അവരെയെല്ലാം അറസ്റ്റ് ചെയ്യാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
രജിത് കുമാറിന്റെ നിർദേശപ്രകാരമാണ് സ്വീകരണമൊരുക്കിയതെന്ന് അറസ്റ്റിലായവരുടെ വാദം . രജിത്തിന്റെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ വിദ്യാർത്ഥികളാണ് സ്വീകരിക്കാനെത്തിയത്. വിദ്യാർത്ഥികൾ പരസ്പരം ബന്ധപ്പെട്ട് വിമാനത്താവളത്തിലേക്ക് എത്തുകയായിരുന്നു. രജിത് ആർമി എന്ന ഫാൻസ് അസോസിയേഷന്റെ പേരിലാണ് സ്വീകരണം സംഘടിപ്പിച്ചത്.
വിമാനത്താവളത്തിന്റെ 500 മീറ്റർ ചുറ്റളവിൽ പ്രകടനവും മുദ്രാവാക്യം വിളിയും ഹൈക്കോടതി നേരത്തെ വിലക്കിയിട്ടുണ്ട്. കൊറോണ വൈറസ് ബാധയുടെ പശ്ചാതലത്തിൽ നിയന്ത്രണം കർക്കശമാക്കിയ സാഹചര്യത്തിലാണ് രജിത് ആരാധകർ തടിച്ചുകൂടിയത്.