ലക്നൌ: മദ്യ മാഫിയക്കെതിരെ പോരാടിയ മാധ്യമ പ്രവർത്തകൻ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടു. ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിൽ എ.ബി.പി ന്യൂസിൻെറ റിപ്പോർട്ടറായിരുന്ന സുലഭ് ശ്രീവാസ്തയാണ് മരിച്ചത്. മദ്യ മാഫിയക്കെതിരെ സുലഭ് നിരന്തരം വാർത്ത നൽകിയിരുന്നു. യുപിയിലെ മദ്യ മാഫിയക്കെതിരെ വാർത്ത നൽകിയതിന്റെ പേരിൽ തനിക്ക് വധഭീഷണിയുണ്ടെന്ന് രണ്ട് ദിവസം മുമ്പ് സുലഭ് പൊലീസിൽ പരാതി നൽകിയിരുന്നു. തന്നെ ചിലർ പിന്തുടരുന്നുണ്ടെന്നും സുലഭ് പരാതിയിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ ഖത്ര എന്ന് സ്ഥലത്തുണ്ടായ ബൈക്ക് അപകടത്തിലാണ് സുലഭ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപടമുണ്ടായത്. സുലഭിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽ സുലഭ് തനിച്ചാണ് യാത്ര ചെയ്തിരുന്നത്. റോഡിൽ നിന്ന് ബൈക്ക് തെന്നിവീണാണ് അപകടം ഉണ്ടായത്. സുലഭിന്റെ തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടസ്ഥലത്ത് വസ്ത്രങ്ങൾ ഊരിയ നിലയിലായിരുന്നു സുലഭിനെ കാണപ്പെട്ടിരുന്നത്. മരണത്തിലെ ദുരൂഹത പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
സുലഭിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
മാധ്യമ പ്രവർത്തകർ സത്യം പുറത്തു കൊണ്ടുവരുന്നു, അപകടത്തിനെതിരെ മുന്നറിയിപ്പ് നൽകുന്നു, പക്ഷേ സർക്കാർ ഉറങ്ങുകയാണ്, യുപി സർക്കാർ ഗുണ്ടാ രാജിനെ പരിപാലിക്കുകയാണ്. മാധ്യമ പ്രവർത്തകനായ സുലഭ് ശ്രീവാസ്തവയുടെ കുടുംബാംഗങ്ങളുടെ കണ്ണീരിന് മറുപടിയുണ്ടോ- പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.