വിവാദ പ്രസംഗത്തിന്റെ പേരിൽ റജിസ്റ്റർ ചെയ്ത കേസിൽ നടനും ബിജെപി നേതാവുമായ മിഥുൻ ചക്രവർത്തിയെ പൊലീസ് ചോദ്യം ചെയ്തു. വീഡിയോ കോൺഫ്രൻസ് വഴിയായിരുന്നു ചോദ്യം ചെയ്യൽ. നിങ്ങളെ ഇടിച്ചാൽ ശ്മശാനത്തിൽ ചെന്ന് വീഴും( മാർബോ ഇക്കാനെ ലാഷ് പോർബെ ഷോഷാനെ) എന്ന മിഥുൻ ചക്രവർത്തിയുടെ പ്രസംഗത്തിനെതിരെയാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ഒരു പാമ്പിന്റെ കടിയേറ്റാൽ നിങ്ങൾ ഫോട്ടോഗ്രാഫായി മാറും എന്ന മിഥുൻ ചക്രവർത്തിയുടെ പ്രസംഗവും വിവാദമായിരുന്നു.
ബംഗാൾ നിയമസഭാ തെരഞ്ഞടുപ്പിനിടെ ബിജെപി വേദിയിലായിരുന്നു മിഥുൻ ചക്രവർത്തിയുടെ പ്രസംഗം. തെരഞ്ഞെടുപ്പിനെ തുടർന്ന് ബംഗാളിൽ അരങ്ങേറിയ അക്രമങ്ങൾക്ക് മിഥുന്റെ പ്രസംഗം പ്രചോദനമായെന്നാണ് ആരോപണം. എന്നാൽ മിഥുൻ ചക്രവർത്തി പൊലീസിന്റെ വാദങ്ങൾ തള്ളി. തന്റെ ഹിറ്റ് ബംഗാളി ചിത്രമായ എംഎൽഎ ഫടാകിഷ്ടോയിലെ ഡയലോഗ് പ്രസംഗത്തിനിടെ പറഞ്ഞാതാണെന്നാണ് മിഥുൻ ചക്രവർത്തി പൊലീസിന് നൽകിയ വിശദീകരണം.
എഫ്ഐആർ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മിഥുൻ ചക്രവർത്തി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പൊലീസുമായി സഹകരിക്കാൻ മിഥുൻ ചക്രവർത്തിയോട് കോടതി ആവശ്യപ്പെട്ടു. കോടതിയുടെ നിർദ്ദേശ പ്രകാരമാണ് പൊലീസ് വീഡിയോ കോൺഫ്രൻസ് വഴി മിഥുൻ ചക്രവർത്തിയെ ചോദ്യം ചെയ്തത്.
മിഥുൻ ചക്രവർത്തിക്കെതിരായ കേസ് കെട്ടിചമച്ചതാണെന്ന് ബിജെപി ആരോപിച്ചു. നടനെതിരെ മമത സർക്കാർ പകപോക്കുകയാണെന്നും ബിജെപി വക്താവ് പറഞ്ഞു.ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ താരപ്രാചരകനായിരുന്നു 71 കാരനായ മിഥുൻ ചക്രവർത്തി. തൃണമുൽ കോൺഗ്രസിന്റെ രാജ്യസഭാ എംപിയായിരുന്ന മിഥുൻ ചക്രവർത്തി 3 മാസം മുൻപാണ് ബിജെപിയിൽ ചേർന്നത്.