തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ബാറുകള്‍ പ്രവര്‍ത്തിക്കില്ല. വെയർ ഹൗസ് മാർജിൻ വർധിപ്പിച്ച ബെവ്കോ നടപടിയിൽ പ്രതിഷേധിച്ചാണ് അടച്ചിടുന്നത്. ബെവ്കോ നിരക്കിൽ തന്നെ ബാറുകളിൽ നിന്ന് മദ്യം പാഴ്സൽ നൽകുന്നത് നഷ്ടമാണെന്നും എംആർപി നിരക്ക് വർധിപ്പിക്കണമെന്നും ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ സര്‍ക്കാരിന്‍റെ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ബാറുകള്‍ അടച്ചിടുന്നത്.
കണ്‍സ്യൂമര്‍ ഫെഡിന്‍റേത് 8ല്‍ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് ഉയർത്തിയത്. വെയര്‍ഹൌസ് മാര്‍ജിന്‍ വര്‍ധിപ്പിക്കുമ്പോഴും എംആര്‍പി നിരക്കില്‍ നിന്ന് വിലകൂട്ടി വില്‍ക്കാന്‍ അനുവാദമില്ലാത്തതാണ് കണ്‍സ്യൂമര്‍ ഫെഡിനും ബാറുകള്‍ക്കും തിരിച്ചടിയായത്. ബാറുകൾ ഉൾപ്പെടുന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നു. പ്രശ്നം പരിശോധിച്ച് തീരുമാനിക്കാമെന്ന് സർക്കാർ ഉറപ്പുനൽകി. തീരുമാനം ആകുന്നത് വരെ ബാറുകള്‍ അടച്ചിടാനാണ് അസ്സോസിയേഷന്‍റെ തീരുമാനം.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസമാണ് മദ്യ വില്‍പ്പന ആരംഭിച്ചത്. ബെവ്ക്യൂ ആപ്പ് ഒഴിവാക്കിയാണ് വില്‍പ്പന തുടങ്ങിയത്. സാമൂഹിക അകലം പാലിച്ച് നേരിട്ട് ഔട്ട്‌ലെറ്റ് വഴിയാണ് മദ്യശാലകള്‍ വില്‍പ്പന നടത്തിയത്. ബെവ്ക്യൂ ആപ്പിന്‍റെ ചില പ്രായോഗിക പ്രശ്നങ്ങള്‍ വിലയിരുത്തിയായിരുന്നു സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനം കൈകൊണ്ടത്.
കൊവിഡ് രണ്ടാം ഘട്ട വ്യാപനം രൂക്ഷമായപ്പോള്‍ ഏപ്രില്‍ 26-നാണ് സംസ്ഥാനത്തെ മദ്യ വില്‍പ്പന ശാലകള്‍ അടച്ചത്. തിരക്ക് ഒഴിവാക്കാനായി മൊബൈല്‍ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തുള്ള വില്‍പ്പനക്കാണ് സര്‍ക്കാര്‍ ആദ്യം അനുവാദം നല്‍കിയതെങ്കിലും ആപ്പിന്‍റെ ചില പ്രായോഗിക പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് നേരിട്ടുള്ള വില്‍പ്പന ആരംഭിച്ചത്.