തിരുവനന്തപുരം: പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പാറശാല ബി. പൊന്നമ്മാള്‍ അന്തരിച്ചു.വലിയശാല തെരുവിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 96 വയസ്സായിരുന്നു. 2017 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമി പുരസ്‌കാരം അടക്കം നിരവധി ബഹുമതികള്‍ പൊന്നമ്മാള്‍ക്ക് ലഭിച്ചിട്ടുണ്ട്. നവരാത്രി സംഗീത മേളയില്‍ പാടിയ ആദ്യ വനിതയാണ് പാറശാല പൊന്നമ്മാള്‍.
പാറശ്ശാല ഗ്രാമത്തിൽ ഹെഡ്മാസ്റ്റായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി 1924 ലാണ് പൊന്നമ്മാള്‍ ജനിച്ചത്. മ്യൂസിക് അക്കാദമി എന്നറിയപ്പെട്ടിരുന്ന സ്വാതി തിരുനാൾ സംഗീത കോളേജിലെ മൂന്ന് വർഷത്തെ ഗായിക കോഴ്സ് പൂര്‍ത്തിയാക്കി. പൊതുവേദികളിൽ സ്ത്രീകൾ പാടുന്നത് മോശമായി കണക്കാക്കിയിരുന്ന കാലത്ത് സംഗീതവേദികളിൽ പാട്ടുകൊണ്ട് വിപ്ലവം തീര്‍ക്കാന്‍ പൊന്നമ്മാളിന് സാധിച്ചു.
1965ൽ ഗായകരത്നം അവാർഡ് ലഭിച്ചു. കേരള സംഗീത നാടക അക്കാഡമി അവാർഡ്, കേന്ദ്ര സംഗീതനാടക ഫെല്ലോഷിപ്പ്,കേന്ദ സംഗീത നാടക അക്കാദമി അവാർഡ്, ചെമ്പൈ ഗുരുവായൂരപ്പൻ പുരസ്‌കാരം. മദ്രാസ് മ്യൂസിക് അക്കാദമി പുരസ്‌കാരം, ചെന്നൈ ശ്രീകൃഷ്ണഗാനസഭയുടെ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ തേടിയെത്തി. പരേതനായ ആർ. ദൈവനായകം അയ്യരാണ് ഭർത്താവ്.