ഗാന്ധിജിയുടെ സുഹൃത്തും ഡോക്ടറുമായിരുന്നു ഡോ. ബിദാൻ ചന്ദ്ര റോയ്. 1933 ൽ പൂനയിലെ പാർണകുട്ടിവിനിൽ ഗാന്ധിജി ഉപവാസം നടത്തുമ്പോൾ ഡോ. റോയ് അദ്ദേഹത്തോടൊപ്പം പങ്കെടുത്തു. ഇന്ത്യയിൽ ഉണ്ടാക്കിയതല്ല എന്ന കാരണം പറഞ്ഞ് ഗാന്ധിജി മരുന്ന് കഴിക്കാൻ വിസമ്മതിക്കുകയായിരുന്നു. ഡോ. റോയിയോട് ഗാന്ധിജി ചോദിച്ചു, "ഞാൻ എന്തുകൊണ്ട് നിങ്ങളുടെ ചികിത്സ സ്വീകരിക്കണം? രാജ്യത്ത് ദുരിതമനുഭവിക്കുന്ന നാനൂറ് ദശലക്ഷത്തോളം ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ നിങ്ങള്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ...?" ഡോ. റോയ് മറുപടി പറഞ്ഞു, "ഇല്ല ഗാന്ധിജി, എനിക്ക് എല്ലാ രോഗികളെയും സൗജന്യമായി ചികിത്സിക്കാൻ കഴിഞ്ഞില്ല. പക്ഷെ ഞാൻ ഇവിടെ വന്നത് മോഹൻദാസ് കരംചന്ദ് ഗാന്ധിയെ ചികിത്സിക്കാനല്ല, മറിച്ച് എന്റെ രാജ്യത്തെ നാനൂറ് ദശലക്ഷം ആളുകളെ പ്രതിനിധീകരിക്കുന്ന "മഹാത്മാവിനെ" ചികിത്സിക്കാനാണ്... ഗാന്ധിജി അനുതപിച്ച് മരുന്ന് കഴിച്ചു.
അതിനുശേഷമാണ് ഡോ. റോയ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. 1928 ൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശത്രുതയിൽ നിന്നും സംഘർഷങ്ങളിൽ നിന്നും സ്വയം അകന്നു നിൽക്കുകയും നേതാക്കളിൽ ആഴത്തിലുള്ള മതിപ്പുണ്ടാക്കുകയും ചെയ്തു. 1931 ലെ ദണ്ഡി മാർച്ചിൽ കൊൽക്കത്ത കോർപ്പറേഷനിലെ നിരവധി അംഗങ്ങളെ ജയിലിലടച്ചു. ജയിലിൽ നിന്ന് പുറത്തുപോകാനും കോർപ്പറേഷന്റെ ചുമതലകൾ നിറവേറ്റാനും കോൺഗ്രസ് റോയിയോട് അഭ്യർത്ഥിച്ചു. 1930–31 വരെ കോർപ്പറേഷന്റെ ആൽഡർമാൻ ആയും 1931 മുതൽ 1933 വരെ കൊൽക്കത്ത മേയറായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് പാർട്ടി റോയിയുടെ പേര് ബംഗാൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചു. കിഴക്കൻ പാകിസ്താൻ സൃഷ്ടിച്ചതിന്റെ പശ്ചാത്തലത്തിൽ സാമുദായിക അതിക്രമങ്ങളും, പട്ടിണിയും, തൊഴിലില്ലായ്മയും, അഭയാർഥി പ്രവാഹവുംമൂലം ദുരിതക്കയത്തിലായിരുന്നു ബംഗാള്‍. അന്നദ്ദേഹം ജനങ്ങളോട് പറഞ്ഞു "പ്രിയരേ, നമ്മള്‍ ശക്തരാണ്. ബ്രിട്ടിഷ് സാമ്രാജ്യത്തത്തെ കെട്ടുകെട്ടിച്ചവരാണ്. എത്ര കടുത്ത പ്രതിസന്ധിയാണെങ്കിലും ആത്മവിശ്വാസത്തോടെ, നിശ്ചയദാർഢ്യത്തോടെ ഒറ്റക്കെട്ടായ് പ്രവർത്തിച്ചാല്‍, എനിക്കുറപ്പുണ്ട്, ഒരു തടസ്സങ്ങൾക്കും നമ്മെ തകര്‍ക്കാന്‍ കഴിയില്ല. ഐക്യത്തോടെ പ്രവർത്തിക്കുക..."
സമയത്തിന് ജീവന്‍റെ വിലയിട്ടുകൊണ്ടായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍. ജാദവ്പൂർ ടിബി ഹോസ്പിറ്റൽ, ചിത്തരഞ്ജൻ സേവാ സദാൻ, കമല നെഹ്‌റു മെമ്മോറിയൽ ഹോസ്പിറ്റൽ, വിക്ടോറിയ ഇൻസ്റ്റിറ്റ്യൂഷൻ (കോളേജ്), ചിത്തരഞ്ജൻ കാൻസർ ഹോസ്പിറ്റൽ തുടങ്ങി ചെറുതും വലുതുമായ ഒട്ടനവധി ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍ക്ക് അദ്ദേഹം തറക്കല്ലിട്ടു. ദുർഗാപൂർ, കല്യാണി, ബിദാൻനഗർ, അശോക്നഗർ, ഹബ്ര എന്നീ അഞ്ചു പ്രധാന നഗരങ്ങള്‍ക്ക് ശിലയിട്ടു. സ്വതന്ത്ര വിദ്യാഭ്യാസം, സൗജന്യ വൈദ്യസഹായം, മെച്ചപ്പെട്ട റോഡുകൾ, ജലവിതരണം തുടങ്ങിയവയ്ക്ക് പ്രത്യേകം ഊന്നല്‍ നല്‍കി. സ്വാതന്ത്ര്യാനന്തരം അതിവേഗം പുരോഗതി കൈവരിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ പശ്ചിമ ബംഗാളിനെ മുന്നില്‍ നിര്‍ത്തി.
ഇന്ത്യയിൽ, എല്ലാ വർഷവും അദ്ദേഹത്തിന്റെ ജനനദിനവും മരണദിനവുമായ ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആഘോഷിക്കുന്നു. 1961 ഫെബ്രുവരി 4 ന് ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.