ഡല്‍ഹി: സാമൂഹിക മധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ ജഡ്ജിമാര്‍ വീണുപോകരുതെന്ന് ചീഫ് ജെസ്റ്റിസ് എന്‍. വി. രമണ. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കാര്യങ്ങളില്‍ പലപ്പോഴും തെറ്റും ശെരിയും വേര്‍തിരിച്ച് മനസിലാക്കാന്‍ സാധിക്കില്ല. അതിനാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പൊതുജനാഭിപ്രായങ്ങള്‍ ജഡ്ജിമാരെ സ്വാധീനിക്കരുത്. എല്ലായിപ്പോഴും ഉച്ചത്തില്‍ കേള്‍ക്കുന്ന ശബ്ദം ശരിയായിക്കൊള്ളണമെന്നില്ലന്നും ചീഫ് ജെസ്റ്റിസ് പറഞ്ഞു. ഡല്‍ഹിയില്‍വെച്ച് നടന്ന പി. ഡി. ദേശായി മെമ്മോറിയല്‍ പ്രഭാഷണത്തിന്റെ ഭാഗമായി 'നിയമവാഴ്ച' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു എന്‍. വി. രമണ.
മാധ്യമങ്ങള്‍ എപ്പോഴും ഉള്ളതിനേക്കാള്‍ കൂടുതല്‍ കാണിക്കുവാന്‍ ശ്രമിക്കും. അതിനാല്‍ ഒരു കേസ് പരിഗണിക്കുമ്പോള്‍ മാധ്യമ വിചാരണയെ ഒരു ഘടകമായി പരിഗണിക്കരുത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ എങ്ങനെയാണ് മറ്റ് ഭരണ നിര്‍വഹണ സംവീധാനങ്ങളെ ബാധിക്കുന്നതെന്ന് ശ്രദ്ധിക്കണം. ഇതിനര്‍ഥം മാധ്യമങ്ങളില്‍ നിന്ന് ജഡ്ജിമാര്‍ വിട്ട് നില്‍ക്കണമെന്നല്ല. മറിച്ച് ചുറ്റിലും നടക്കുന്ന കാര്യങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കുകയും അതിനോടൊപ്പം ശരി തെറ്റുകളെ തിരിച്ചറിയുകയുമാണ് വേണ്ടതെന്നും ചീഫ് ജെസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തെ കുറിച്ച് സുദീര്‍ഘമായി സംസാരിച്ച അദ്ദേഹം, കോടതികള്‍ക്ക് സര്‍ക്കാര്‍ അധികാരത്തെയും അതിന്‍റെ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുവാന്‍ സ്വാതന്ത്ര്യം ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞു. കോടതിയുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുവാന്‍ നിയമസഭയോ എക്സിക്യൂട്ടീവോ ശ്രമിച്ചാല്‍ കോടതിക്ക് അതിന്‍റെ പ്രവര്‍ത്തനങ്ങളെ ശരിയായ ദിശയില്‍ മുന്‍പോട്ട് കൊണ്ട് പോകുവാന്‍ സാധിക്കില്ലെന്നും എന്‍. വി. രമണ കൂട്ടിച്ചേര്‍ത്തു.