ഡല്‍ഹി: രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ലോക്സഭാ കക്ഷി നേതാവായി കേരളത്തില്‍ നിന്നുള്ള ലോക്സഭാംഗവും മുന്‍ യു എന്‍ അണ്ടര്‍ സെക്രട്ടറിയുമായ ശശി തരൂരിനെ പാര്‍ട്ടി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ഈ സ്ഥാനം വഹിക്കുന്ന ബംഗാളില്‍ നിന്നുള്ള പ്രമുഖ നേതാവ് അധീര്‍ രഞ്ജന്‍ ചൌധരിയെ മാറ്റാണ് ആലോചന.
യു പിയിലും പഞ്ചാബിലും സംഘടനാതല അഴിച്ചുപണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ള നീക്കങ്ങളാണ് നടത്തുന്നത്. ഈയിടെ യു പി ഘടകത്തിലെ പ്രമുഖ നേതാവും രാഹുല്‍ ഗാന്ധിയുടെ അടുത്തയാളുമായിരുന്ന ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ടതും പഞ്ചാബില്‍ മുന്‍ ക്രിക്കറ്റ് താരം കൂടിയായ നവജ്യോത് സിംഗ് സിദ്ദു ഇടഞ്ഞുനില്‍ക്കുന്നതും രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് തലവേദനയായി മാറിയ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളും കപില്‍ സിബലും ഗുലാം നബി ആസാദും അടക്കമുള്ള നേതാക്കള്‍ നേതൃത്വത്തിനെതിരെ അതൃപ്തി രേഖപ്പെടുത്തിയതും ഗൌരവത്തിലെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ ശക്തി പ്രാപിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് നവജ്യോത് സിംഗ് സിദ്ദുവുമായി പ്രിയങ്കയുടെ മുന്‍കയ്യില്‍ രാഹുല്‍ ചര്‍ച്ചക്ക് തയാറായത്. കേന്ദ്ര പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന നിര്‍ദ്ദേശവും ശക്തമാണ്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ അധീര്‍ രഞ്ജന്‍ ചൌധരിയെ മാറ്റി ശശി തരൂരിനെ ലോക്സഭാ കക്ഷി നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേതൃത്വത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ രംഗത്തുവന്ന 23 നേതാക്കളില്‍ കപില്‍ സിബലും ഗുലാം നബി ആസാദും ശശി തരൂരും ഉള്‍പ്പെടും. തരൂരിനെ താക്കോല്‍ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിലൂടെ ഇവരുടെ പരാതികളും ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാണ്ട് കണക്കുകൂട്ടുന്നത്. ഇതിനുപുറമേ ബംഗാളിലെ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താനും ഈ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് കേരളത്തിലെ പ്രതിപക്ഷ നേതാവിനേയും പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനേയും മാറ്റിയെങ്കിലും ബംഗാള്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ അധീര്‍ രഞ്ജന്‍ ചൌധരി താന്‍ മുന്‍പ് വഹിച്ചിരുന്ന സ്ഥാനങ്ങളില്‍തന്നെ തുടരുകയാണ്. പിസിസി അധ്യക്ഷസ്ഥാനത്ത് മാത്രമായി അദ്ദേഹത്തിന്‍റെ സേവനം ഉപയോഗപ്പെടുത്തണമെന്നും അതല്ല മമതാ ബാനര്‍ജിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പറ്റിയ മറ്റൊരു നേതാവിനെ പരീക്ഷിക്കണമെന്നതുമടക്കം വിവിധതരത്തില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ചതിനുശേഷമായിരിക്കും ഹൈക്കമാണ്ട് തീരുമാനം കൈക്കൊള്ളുക.
ശരത് പവാറിന്റെ നേതൃത്വത്തില്‍ ബിജെപി വിരുദ്ധമുന്നണി രൂപപ്പെട്ടുവരുന്നതും ഈ സഖ്യത്തില്‍ മമതാ ബാനര്‍ജിയും ഇടതുപക്ഷവും വഹിക്കാന്‍ പോകുന്ന നിര്‍ണ്ണായക പങ്കും കോണ്‍ഗ്രസ് നിരീക്ഷിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം സ്വീകാര്യനായ ഒരാള്‍ എന്ന നിലയിലാണ് ശശി തരൂരിനെ പരിഗണിക്കുന്നത്. ഐ എഫ് എസ് വിട്ടുവന്ന ശശി തരൂരിനെ വേണ്ട രീതിയില്‍ പാര്‍ട്ടി ഉപയോഗപ്പെടുത്തുന്നില്ല എന്ന വിലയിരുത്തലും ശശി തരൂരിനെ തുണയ്ക്കാനാണ് സാധ്യത എന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.