LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അയോധ്യ: മോദിയും യോഗിയും പ്രതിച്ഛായാ യുദ്ധവും - എസ്. വി. മെഹ്ജൂബ്

അധികം താമസമില്ലാതെ നടക്കാനിരിക്കുന്ന (2022) ഉത്തര്‍പ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രംതന്നെ പ്രചാരണായുധമാക്കാന്‍ ബിജെപിയിലെ ഒരു വിഭാഗം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തില്‍ നീക്കങ്ങളാരംഭിച്ചു. എടുത്തുപറയാന്‍ ഭരണനേട്ടങ്ങള്‍ കുറവും കോട്ടങ്ങള്‍ കൂടുതലുമായ സാഹചര്യത്തിലാണ് തങ്ങളുടെ എക്കാലത്തെയും തുരുപ്പ്ചീട്ടായ രാമക്ഷേത്രത്തിലൂടെ തന്നെ വീണ്ടും യുപിയില്‍ കടന്നുകയറാന്‍ യോഗി തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നത്. നേരത്തെ രാമക്ഷേത്രനിര്‍മ്മാണം മുന്‍നിര്‍ത്തി, വോട്ടുസമാഹരിക്കുകയാണ് ചെയ്തതെങ്കില്‍ ഇത്തവണ ക്ഷേത്രനിര്‍മ്മാണത്തിലൂടെ ഉയരുന്ന ഹിന്ദുവിന്റെ അഭിമാനവും ക്ഷേത്രം ഉയരുന്നതോടെ സംസ്ഥാനത്തിനും രാജ്യത്തിനും ഉണ്ടാകാന്‍ പോകുന്ന ടൂറിസ്റ്റ് സാധ്യതകളും വികസനവും സംബന്ധിച്ച വ്യാമോഹങ്ങള്‍ വോട്ടാക്കിമാറ്റാനാകും പാര്‍ട്ടി ശ്രമിക്കുക.

ഈ അജണ്ട ഏറ്റവും നന്നായി ജനങ്ങളില്‍ എത്തിക്കാന്‍ എന്തുവഴി എന്ന ആലോചനയില്‍ നിന്നാണ് രാമക്ഷേത്രമുയരുന്ന ഫൈസാബാദ് ജില്ലയിലെ അയോധ്യയില്‍ നിന്ന് ജനവിധി തേടാന്‍ മുഖ്യമന്ത്രിക്ക് ബിജെപി സ്ട്രാറ്റജിസ്റ്റുകള്‍ ഉപദേശം നല്‍കിയിട്ടുണ്ടാവുക. യോഗിയുടെ അയോധ്യാപ്രവേശത്തെ സംബന്ധിച്ച വാര്‍ത്തകള്‍ ഇതിനകം വന്നുകഴിഞ്ഞു. കാഷായവസ്ത്രധാരിയായ യോഗി ആദിത്യനാഥ് അയോധ്യയില്‍ മത്സരിച്ചാല്‍  അതിന്റെ അലയൊലി സംസ്ഥാനത്താകെ സൃഷ്ടിക്കാനാകും എന്നാണ് ബിജെപിയിലെ ബുദ്ധികേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നത്. ഇതിലൂടെ ഇപ്പോള്‍ പലവിധത്തില്‍ അസംതൃപ്തരായ  സംസ്ഥാനത്തെ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ വൈകാരികമായി വീണ്ടും ഒരുമിപ്പിച്ച് കൂടെ നിര്‍ത്താമെന്നും കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണം ചര്‍ച്ചയില്‍ നിന്ന് മാറ്റാമെന്നുമായിരിക്കണം ബിജെപിയുടെയും സംപരിവാരത്തിന്റെയും ആലോചന. ഇന്ത്യന്‍ രാഷ്ട്രീയത്തെ അതിന്റെ രാഷ്ട്രീയ, സാമ്പത്തിക ഉത്കണ്ഠകളില്‍ നിന്ന് വിമോചിപ്പിച്ച് വിഭാഗീയവത്ക്കരിക്കുകയും അതിലൂടെ വൈകാരിക വത്ക്കരിക്കുകയും ചെയ്ത സംഘപരിവാര്‍ രാഷ്ട്രീയം കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി കെടാതെ കൊണ്ടുനടക്കുന്ന മന്ദിര്‍ രാഷ്ട്രീയം തന്നെ 2021-ലും തങ്ങളെ തുണയ്ക്കും എന്നുതന്നെ അവര്‍ കണക്കുകൂട്ടുന്നു.

കര്‍ഷക പ്രക്ഷോഭത്തെ നേരിടാന്‍ വീണ്ടും മന്ദിര്‍ രാഷ്ട്രീയം 

കഴിഞ്ഞ 9 മാസത്തോളമായി കര്‍ഷകര്‍ കെടാതെ കത്തിച്ചുനിര്‍ത്തിയ തങ്ങളുടെ പ്രക്ഷോഭം വീണ്ടും സജീവമാക്കുകയാണ്. സ്വാതന്ത്ര്യദിനത്തില്‍ മന്ത്രിമാരെ പതാക ഉയര്‍ത്താന്‍ അനുവദിക്കില്ല എന്നവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന പഞ്ചാബിലെന്നപോലെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും ജനവിധി നിര്‍ണ്ണയിക്കുന്ന യുപിയിലും കര്‍ഷകപ്രക്ഷോഭം തെരഞ്ഞെടുപ്പിനെ നിര്‍ണ്ണായകമായി സ്വാധീനിക്കാനുള്ള സാധ്യതയെ സംബന്ധിച്ച് ബിജെപിക്ക് സ്ട്രാറ്റജിസ്റ്റുകളുടെ മുന്നറിയിപ്പ് ഇതിനകം ലഭിച്ചിട്ടുണ്ടാകാം. ഇതിനെക്കൂടി മറികടക്കാന്‍ രാമക്ഷേത്രവുമായി ബന്ധപ്പെട്ട പ്രചാരണത്തിലൂടെ, ഒരു ഹിന്ദുവിഭാഗീയത കത്തിച്ചുനിര്‍ത്തുന്നതിലൂടെ സാധിക്കും എന്ന ഉറച്ച വിശ്വാസമാണ് ആര്‍എസ്എസ് ക്യാമ്പില്‍, പ്രത്യേകിച്ച് യോഗി ആദിത്യനാഥ് ക്യാമ്പിലുള്ളത്. 

മുഖ്യമന്ത്രി യോഗി രാമക്ഷേത്ര പ്രചാരണത്തിനുള്ള നീക്കങ്ങള്‍ ആരംഭിച്ചുവെന്നാണ് അയോധ്യ നിയോജകമണ്ഡലം സംബന്ധിച്ച ചര്‍ച്ചാ ഉദ്ഘാടനത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി സ്വയം പറയുന്നതിന് പകരം അയോധ്യാ എംഎല്‍എ വേദ് പ്രകാശ് ഗുപ്തയിലൂടെയാണ് യോഗിയുടെ അയോധ്യാ മത്സരവും അതുവഴി പരോക്ഷമായി എന്ന് തോന്നുംവിധം രാമക്ഷേത്രവും ഇപ്പോള്‍ ദേശീയതലത്തില്‍ മാധ്യമ ശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. താന്‍ മുഖ്യമന്ത്രിക്ക് വേണ്ടി മാറിക്കൊടുക്കാന്‍ തയാറാണെന്നും മുഖ്യമന്ത്രി അയോധ്യയില്‍ മത്സരിക്കുന്നത് അവിടുത്തെ ജനങ്ങളുടെ ഭാഗ്യമാണെന്നും പറഞ്ഞ സിറ്റിംഗ് എംഎല്‍എ. യു പിയില്‍ യോഗി മത്സരിച്ചാല്‍ പ്രചാരണം നടത്തുമെന്നും സംസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്നും കൂട്ടിച്ചേര്‍ക്കുന്നു. ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ ഒരു എംഎല്‍എയുടെ പ്രസ്താവന രാജ്യത്തെ എല്ലാ പ്രാദേശിക മാധ്യമങ്ങളിലും വന്നുകഴിഞ്ഞതോടെ തന്ത്രം മെനയുന്നവരുടെ (സ്ട്രാറ്റജിസ്റ്റുകളുടെ) ഉപദേശം വിജയിക്കുമെന്ന പ്രതീതി പരത്താന്‍ യോഗീപാളയത്തിന് കഴിഞ്ഞു എന്നാണ് വിലയിരുത്തപ്പെടുന്നത്. 

 യോഗി വീണ്ടും യുപി പിടിച്ചാല്‍ ആര്‍എസ്എസിലും മോദി ക്യാമ്പിലും എന്തുസംഭവിക്കും?

അതേസമയം കേന്ദ്രഭരണതലത്തിലുള്ള പ്രതിസന്ധിയും പരാജയങ്ങളും നിറം കെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായക്ക് യോഗിയുടെ പ്രതിച്ഛായാ വര്‍ദ്ധന മങ്ങലേല്‍പ്പിക്കും എന്ന ധാരണ മോദിയും അമിത് ഷായുമടക്കമുള്ള ബിജെപിയിലെ ഗുജറാത്ത് ലോബിയില്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ഇവരെ പിന്തുണയ്ക്കുന്ന ഗുജറാത്തില്‍ നിന്നുള്ള കോര്‍പറേറ്റ് ശക്തികളും ഈ ആശങ്ക പങ്കുവയ്ക്കുന്നുവെന്നാണ് ലഭിക്കുന്ന സൂചനകള്‍. യോഗി ആദിത്യനാഥ് രാമക്ഷേത്രത്തിലൂടെ യുപിയില്‍ വീണ്ടും അധികാരാരോഹണം നടത്തിയാല്‍ അത് പ്രധാനമന്ത്രിയെ പ്രതികൂലമായി ബാധിക്കും എന്നാണ് മോദി ക്യാമ്പ് വിലയിരുത്തുന്നത്. അങ്ങിനെ സംഭവിച്ചാല്‍, 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുറേക്കൂടി തീവ്രഹിന്ദുത്വ മുഖമുള്ള യോഗിയെ പരീക്ഷിക്കാന്‍  ആര്‍എസ്എസ് ശ്രമിക്കുമെന്നും ഒരിക്കല്‍ മോദിയുടെ നിഴലാകാന്‍ പോലും കഴിയാത്തവണ്ണം ഒതുക്കപ്പെട്ട ലാല്‍ കൃഷണ അദ്വാനിയുടെ ദയനീയ സ്ഥിതി മോദിക്കും വന്നുചേരുമെന്നും പ്രധാനമന്ത്രി മോദിയോടൊപ്പമുള്ളവര്‍ ഭയപ്പെടുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തത്ക്കാലം ആര്‍ എസ് എസ് തിട്ടൂരങ്ങളെ മറികടക്കാനോ വെല്ലുവിളിക്കാനോ വളര്‍ന്നിട്ടില്ലാ എന്നതുകൊണ്ട് യോഗിയുടെ അയോധ്യാ സ്ഥാനാര്‍ഥിത്വത്തിന്റെ കൂടെ നില്‍ക്കാന്‍ മാത്രമേ മോദി ക്യാമ്പിന് സാധിക്കൂ.

Contact the author

Recent Posts

Sufad Subaida 11 months ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 11 months ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Mridula Hemalatha 11 months ago
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More