ആഗ്ര: ആറാം വിവാഹത്തിനൊരുങ്ങിയ യുപി മുൻ മന്ത്രിക്കെതിരെ പരാതിയുമായി ഭാര്യ. മായാവതി സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രിയായിരുന്ന ചൗധരി ബഷീറിനെതിരെയാണ് ഭാര്യ നഗ്മ പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പുതിയ വിവാഹം കഴിക്കാന്‍ ബഷീര്‍ തീരുമാനിച്ചതറിഞ്ഞ് സംസാരിക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹം തന്നെ ഉപദ്രവിക്കുകയും, മുത്തലാഖ് ചൊല്ലി ഒഴിവാക്കുകയുമായിരുന്നുവെന്നും നഗ്മയുടെ പരാതിയില്‍ പറയുന്നു. അതോടൊപ്പം വിവാഹത്തിന് ശേഷം തന്നെ മാനസികമായും, ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. പോലീസ് സഹായം അഭ്യര്‍ഥിച്ചുള്ള നഗ്മയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 2012-ല്‍ വിവാഹിതരായ ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.
ആഗ്രയിലെ മാന്തോല പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചൗധരി ബഷീറിനെതിരെ മുസ്ലീം വനിതാ വിവാഹ നിയമം, 2019 -ലെ അവകാശ സംരക്ഷണ നിയമം സെക്ഷൻ 3 പ്രകാരവും, ഐപിസി സെക്ഷൻ 504 പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ചൗധരി ബഷീറിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ കോടതിയുടെ പരിഗണനയിലുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക