LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കണ്ണൂര്‍ സര്‍വകലാശാലയില്‍ സവര്‍ക്കറും ഗോള്‍വാള്‍ക്കറും കയറിയിരുന്നത് ആരുടെ സമ്മതത്തോടെയാണ് - ഡോ. ആസാദ്

കേരളത്തിന് പുറത്ത് പാഠൃപദ്ധതികളിലും സിലബസ്സിലും സംഘപരിവാര്‍ നടത്തുന്ന ഇടപെടല്‍ സംബന്ധിച്ച് ധാരാളം വാര്‍ത്തകളും സംവാദങ്ങളും ഇതിനകം നടന്നിട്ടുണ്ട്. അങ്ങിനെയൊക്കെ നടക്കുമ്പോഴും അവര്‍ അവരുടെ ജോലി നിര്‍ബാധം തുടരുന്നുമുണ്ട്. ഒളിഞ്ഞും തെളിഞ്ഞും അവര്‍ നടത്തിയ അത്തരം ഇടപെടലുകളെ ഔദ്യോഗികമാക്കി മാറ്റാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ നയം എന്നകാര്യം ഇതിനകം നിരീക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. ഇത്രത്തോളം പറഞ്ഞതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസം ഉണ്ടാകാന്‍ ഇടയില്ല. എന്നാല്‍ കേരളത്തിലെ ഒരു സര്‍വകലാശാലയില്‍ പുതിയതായി ആരംഭിക്കുന്ന കോഴ്സിന്റെ പാഠ്യപദ്ധതിയില്‍ ദീനദയാല്‍ ഉപാദ്ധ്യായയും സവര്‍ക്കറും ഗോള്‍വാള്‍ക്കറും കയറിയിരുന്നതെങ്ങിനെയാണ് എന്നത് ഏറ്റവും ഗൌരവപ്പെട്ട ഒരു വിഷയമാണ്. 

കണ്ണൂര്‍ സര്‍വകലാശാലയില്‍ പുതിയതായി ആരംഭിക്കുന്ന കോഴ്സിന്റെ പാഠ്യപദ്ധതിയാണ് വിഷയം. പൊതുഭരണവും രാഷ്ട്രീയവും ( ഗവര്‍ണന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ്) പഠിപ്പിക്കുന്ന എം എ കോഴ്സാണത്. മറ്റു സര്‍വ്വകലാശാലകളിലെ പബ്ലിക് അഡ്മിനിസ്ട്രേഷനു സമാനം. (അതില്‍ ഇന്ത്യന്‍ രാഷ്ട്രീയ ചിന്ത പ്രത്യേക പേപ്പറായി പഠിക്കേണ്ടതുണ്ടോ എന്നു പോലും സംശയമാണ്). അതിനു പാഠ്യപദ്ധതി തയ്യാറാക്കിയ വിദഗ്ദ്ധാധ്യാപകര്‍ രാഷ്ട്രീയ പഠനത്തില്‍ ഇന്നോളം കടന്നുവന്നിട്ടില്ലാത്ത ചില പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത് ഒരു ശില്പശാല നടത്തിയോ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചോ അല്ല.

സിലബസ്സില്‍ ഉള്‍പ്പെടുത്തിയ പുസ്തകങ്ങള്‍ ഏതൊക്കെയെന്ന് മനസ്സിലാക്കുമ്പോഴാണ് കേരളം ഭരിക്കുന്നത് അല്ലെങ്കില്‍ കുറഞ്ഞത് കണ്ണൂര്‍ സര്‍വകലാശാലയെങ്കിലും ഭരിക്കുന്നത് സംഘപരിവാര്‍ സംഘടനകള്‍ തന്നെയാണോ എന്ന് സംശയം തോന്നുക. ആര്‍ എസ് എസ് സൈദ്ധാന്തികരായ വി ഡി സവര്‍ക്കറും ഗോള്‍വാള്‍ക്കറും ദീനദയാല്‍ ഉപാദ്ധ്യായയുമൊക്കെയാണ് ആദരിക്കപ്പെട്ടിരിക്കുന്നത്. അവരുടെ രാഷ്ട്രീയ ലേഖനങ്ങള്‍ പഠിക്കാന്‍ പറയുന്നതാരാണ്? അതിന് സിദ്ധാന്തഗൗരവം ചാര്‍ത്തി നല്‍കിയതരാണ് ? കണ്ണൂര്‍ സര്‍വകലാശാലയില്‍ ആര്‍ എസ് എസ്സിനും സംഘപരിവാര്‍ ഫാഷിസ്റ്റ് അജണ്ടകള്‍ക്കും ചുവപ്പു പരവതാനി വിരിച്ചുകൊടുത്തതാരാണ്. സര്‍വകലാശാലയും വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയണം.  

പുതുതായി ആരംഭിക്കുന്ന എം എ ഗവര്‍ണന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് കോഴ്സിന്റെ വിദഗ്ദ്ധ പട്ടികയില്‍ ബിരുദാനന്തര കോഴ്സുകള്‍ പഠിപ്പിച്ചു പരിചയമില്ലാത്ത ചിലരും ഉണ്ടെന്നു കേള്‍ക്കുന്നു. ചില വിഷയങ്ങളില്‍ പരിചയ സമ്പന്നരെ തള്ളി ഗസ്റ്റ് അദ്ധ്യാപകരെ പഠനബോര്‍ഡില്‍ വെക്കുന്ന പതിവും കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്കുണ്ട്. അങ്ങനെയൊരു പരാതി അവിടെ നിലനില്‍ക്കുന്നുണ്ട്. ആ അശ്രദ്ധയുടെയും നിരുത്തരവാദിത്തത്തിന്റെയും ദുരന്തമാണോ അതോ അതിലപ്പുറമുള്ള സംഘപരിവാര അധിനിവേശ അജണ്ടയാണോ ഇപ്പറഞ്ഞ ബിരുദാനന്തര ബിരുദ കോഴ്സിന്റെ സിലബസ്സില്‍ നടന്നത് എന്ന് പരിശോധിച്ച് നടപടിയെടുക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും യാതൊരമാന്തവുമില്ലാതെ തയാറാകണം.

ജവഹര്‍ലാല്‍ നെഹ്റുവിനെയും അബൂള്‍ കലാം ആസാദിനെയും മാറ്റിനിര്‍ത്തി സവര്‍ക്കറെ ആദരിക്കുന്ന ഇന്ത്യന്‍ ചരിത്ര കൗണ്‍സില്‍ പുറത്തിറക്കിയ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക പോസ്റ്റര്‍ ഈയിടെ നാം കണ്ടതാണ്. ജനാധിപത്യ ഇന്ത്യ അതുകണ്ട് നടുങ്ങിയതാണ്. അതിന്റെ തുടര്‍ച്ചയാണ് കണ്ണൂര്‍ യൂനിവേഴ്സിറ്റി പാഠ്യപദ്ധതിയില്‍ ഇപ്പോള്‍ കാണുന്നത്. കാസര്‍കോട്ടെ സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയിലല്ല, ഇടതുപക്ഷ കേരളത്തില്‍ ഡോ ആര്‍ ബിന്ദുവിന്റെ ചുമതലയിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ കണ്ണൂര്‍ യൂനിവേഴ്സിറ്റിയിലാണ് ഈ അധിനിവേശം എന്നത് ശ്രദ്ധിക്കണം.

പയ്യന്നൂര്‍ കോളേജിലും ബ്രണ്ണന്‍ കോളേജിലും മറ്റുമുള്ള പൊളിറ്റിക്കല്‍ സയന്‍സ് പഠിപ്പിക്കുന്ന അദ്ധ്യാപകരാവുമല്ലോ കണ്ണൂരില്‍ ഇക്കാര്യമൊക്കെ നോക്കാനും നിയന്ത്രിക്കാനും യോഗ്യതയുള്ളവര്‍. അവര്‍ ഇക്കാര്യത്തില്‍ എന്തു പറയുന്നു എന്നു കേള്‍ക്കാന്‍ താല്‍പ്പര്യമുണ്ട്. ഇടതുപക്ഷ അദ്ധ്യാപക സംഘടനയിലെ പോരാളികളാവുമല്ലോ അവര്‍. അവരുടെ ഉള്ളിരിപ്പിന്റെ ഉദാരത ഇങ്ങനെയൊക്കെ വെളിപ്പെടട്ടെ.

Contact the author

Recent Posts

Sufad Subaida 2 weeks ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 2 weeks ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More