LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ് ഭരണത്തിന് 50 വയസ്സ്

സി. അച്യുതമേനോന്റെ നേതൃത്വത്തില്‍ കേരളത്തില്‍ അധികാരത്തിലിരുന്ന ആദ്യ കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ് ഭരണത്തിന് 50 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഐക്യകേരളത്തിന്‍റെ നാലാം നിയമസഭയും ആറാമത്തെ മന്ത്രിസഭയുമായിരുന്നു 1970-ലേത്. സംഭവബഹുലമായ പല സംഭവങ്ങള്‍ക്കും സാക്ഷിയായിരുന്നു ഈ ദീര്‍ഘകാല സര്‍ക്കാര്‍. രാജ്യത്തിന്‍റെ ജനാധിപത്യ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഒരു കറുത്തകാലത്ത് കേരളം ഭരിച്ചിരുന്ന സര്‍ക്കാര്‍ എന്ന പേരുള്‍പ്പെടെ പലതും ഈ മന്ത്രിസഭയെ കാത്തിരിപ്പുണ്ടായിരുന്നു. 

കോണ്‍ഗ്രസ് വന്നു ആര്‍എസ്പി പിളര്‍ന്നു

1970 ഒക്ടോബര്‍ നാലിനാണ് സി. അച്യുതമേനോന്‍റെ നേതൃത്വത്തില്‍ 23 അംഗ മന്ത്രിസഭയ്ക്ക് സി.പി.ഐ രൂപം കൊടുക്കുന്നത്. 1975 ഒക്ടോബര്‍ 21-ന് നിയമസഭയുടെ കാലാവധി അവസാനിക്കേണ്ടതായിരുന്നു. മൂന്നുതവണയായി ആറുമാസം വീതം 1977 മാര്‍ച്ച് വരെ കാലാവധി നീട്ടി. മുസ്ലീം ലീഗും കേരള കോൺഗ്രസ്സും ആർ.എസ്.പിയും ഈ മന്ത്രിസഭയില്‍ അംഗമായിരുന്നു. കോണ്‍ഗ്രസ് ആദ്യഘട്ടത്തില്‍ മന്ത്രിസഭയില്‍ ചേർന്നില്ല. 1971ല്‍ കോണ്‍ഗ്രസിന്റെ മന്ത്രിമാർകൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആർ.എസ്.പിയുടെ കേന്ദ്രനേതൃത്വം ഇതിനെതിരായിരുന്നു. എന്നാല്‍ കേന്ദ്ര നിലപാട് അംഗീകരിക്കാന്‍ കേരളാഘടകം തയാറായിരുന്നില്ല. തുടർന്ന് ആർ.എസ്.പി പിളരുകയും കേരളത്തിലെ ആർ.എസ്.പി കേരള ആർ.എസ്.പി എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

ഭരണ മുന്നണിക്കുളളിൽ സ്വരചേർച്ചയില്ലായ്മ പലപ്പോഴും പ്രകടമായിരുന്നു. എന്നാൽ അഭിപ്രായഭിന്നതകള്‍ ലെയ്സൺ കമ്മിറ്റിയിലും സംഘടനാതലത്തിലും ചർച്ചകളിലൂടെ പരിഹരിച്ച്‌ മുന്നോട്ടുപോകാൻ ഒരുപരിധിവരെ സിപിഐ സർക്കാരിനു കഴിഞ്ഞു. 1972 ഏപ്രില്‍ മൂന്നിന് ധനമന്ത്രി കെ ടി ജോര്‍ജ് അന്തരിച്ചു. വിദ്യാഭ്യാസമന്ത്രി സി എച്ച് മുഹമ്മദ്കോയ പാര്‍ലമെന്‍റില്‍ മത്സരിക്കാന്‍ 1973 മാര്‍ച്ച് ഒന്നാം തീയതി രാജിവച്ചു. ഇതേത്തുടര്‍ന്ന് ചാക്കേരി അഹമ്മദുകുട്ടി വിദ്യാഭ്യാസമന്ത്രിയായി.

കോണ്‍ഗ്രസും ലീഗും പ്രതിസന്ധിയില്‍

ഈ സമയം അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ്‌ പിളർപ്പിലേക്ക്‌ നീങ്ങുകയായിരുന്നു. 1969ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പായിരുന്നു ഇതിനു വഴിവച്ചത്‌. എൻ സഞ്ജീവ റെഡ്ഡിയായിരുന്നു രാഷ്ട്രപതി സ്ഥാനത്തേക്കുളള കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി. എന്നാല്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മൗനാനുവാദമുളള സ്വതന്ത്ര സ്ഥാനാർഥിയായി വി വി ഗിരിയും മത്സരിക്കാനെത്തി. കോണ്‍ഗ്രസ് രാഷ്‍ട്രീയം കലങ്ങിമറിഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വി വി ഗിരി വിജയിച്ചു. അതോടെ കോൺഗ്രസ്‌ പിളർന്നു. ഇതേസമയത്തുതന്നെ ബാഫക്കി തങ്ങളുടെ നിര്യാണം മുസ്ലിംലീഗിൽ വിമത ശൈഥില്യത്തിന്റെ വിത്തുകൾ മുളച്ചുപൊന്താൻ ഇടയാക്കി. 1974 മെയ്‌ 14-ന്‌ ലീഗിലെ ആറ്‌ എംഎൽഎമാർ അച്യുതമേനോൻ മന്ത്രിസഭയ്ക്കുളള പിന്തുണ പിൻവലിച്ചു. വിമത ലീഗിലെ ഇവർ നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷമായി. വിമത ലീഗിനോട്‌ ആഭിമുഖ്യം പുലർത്തിയിരുന്ന സ്‍പീക്കർ മൊയ്‍തീന്‍ കുട്ടി ഹാജി എന്ന ബാവാഹാജി 1975 മെയ്‌ 8-ന്‌ രാജിവച്ചു. ഇതോടെ നിയമസഭാധ്യക്ഷന്റെ ചുമതലകൾ  ആര്‍എസ്‍പിക്കാരനായ ഡെപ്യൂട്ടി സ്‍പീക്കറും ആർ എസ്‌ ഉണ്ണി ഏറ്റെടുത്തു.

കേരളത്തിന്‍റെ സുവര്‍ണ്ണ കാലം

തൃശ്ശൂരിന്റെ മണ്ണില്‍നിന്ന് കലഹിച്ചുതുടങ്ങിയ കെ. കരുണാകരനും സി. അച്യുതമേനോനും അസ്വാരസ്യങ്ങളില്ലാതെ ഒരുമിച്ച് കേരളത്തെ നയിക്കാന്‍ തുടങ്ങി. ആ കമ്യൂണിസ്റ്റ് - കോണ്‍ഗ്രസ് ഭരണം കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. കേരളത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന ശാസ്ത്രസാങ്കേതിക ഗവേഷണ സ്ഥാപനങ്ങളായ ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ്, കേരള കാര്‍ഷിക സര്‍വകലാശാല, വനഗവേഷണ കേന്ദ്രം, സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്, സി.ഡബ്ല്യു.ആര്‍.ഡി.എം എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍ ഈ ഭരണകാലത്താണ് ആരംഭിച്ചത്.

ഇ എം എസ് സര്‍ക്കാര്‍ പാസാക്കിയ ഭൂപരിഷ്കരണബില്ലിലെ വ്യവസ്ഥകള്‍ 1970 ജനുവരി ഒന്നിന് പ്രാബല്യത്തിലാക്കാന്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു. കാര്‍ഷികബന്ധ നിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗിച്ച് ഏഴരലക്ഷം ഏക്കറോളം സ്വകാര്യവനങ്ങളും കണ്ണന്‍ദേവന്‍ കമ്പനി കൃഷി ചെയ്യാതെയിട്ടിരുന്ന 1,32000 ഏക്കര്‍ഭൂമിയും കുട്ടനാട്ടില്‍ കൃഷി ചെയ്യാതെ കിടന്നിരുന്ന കായല്‍ നിലവും പ്രതിഫലം നല്‍കാതെ സര്‍ക്കാര്‍ ഏറ്റെടുത്തു. 1974-ലെ കര്‍ഷകത്തൊഴിലാളി നിയമം തൊഴിലാളികളുടെ ജീവതം മാറ്റിമറിച്ചു. ജോലിസമയം നിജപ്പെടുത്തി, മിനിമം കൂലി കൂട്ടി, തൊഴില്‍ സ്ഥിരത ഉറപ്പുവരുത്തി. പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറികള്‍ ഏറ്റെടുത്ത് തുറന്നുപ്രവര്‍ത്തിപ്പിച്ചു. കശുവണ്ടി വികസനകോര്‍പറേഷന്‍ രൂപീകരിച്ചു. തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി പാസാക്കി. അങ്ങിനെ വിപ്ലവകരമായ ഒരുപാട് തുടക്കങ്ങള്‍ ഇക്കാലത്ത് കണ്ടു.

അടിയന്തരാവസ്ഥയില്‍ അടിതെറ്റി

അങ്ങിനെയൊക്കെയാണെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ പോലീസ് ഭരണവും, രാജന്‍കേസും അച്യുതമേനോന്‍ സര്‍ക്കാരിന്റെ പ്രഭകുറച്ചു. രാജന്‍ കേസിനെതുടര്‍ന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കെ.കരുണാകരന് രാജി വെക്കേണ്ടിവന്നു. അതുപോലെ മുല്ലപ്പെരിയാര്‍ കരാര്‍ പുതുക്കാന്‍ തീരുമാനിച്ചതും ആ ഭരണത്കതിനുമേല്‍ കരിനിഴല്‍ വീഴ്ത്തി. കേരള- തമിഴ്‌നാട് ബന്ധത്തെ തന്നെ ബാധിക്കുന്ന രൂക്ഷമായ പ്രശ്‌നമായി ഇത് പിന്നീട് മാറി.

ജനാധിപത്യ- പൗരാവകാശങ്ങള്‍ എല്ലാം നിഷേധിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനോട് ഒരര്‍ത്ഥത്തിലും നിശബ്ദമായിരുന്നില്ല കേരളം. പ്രതിഷേധങ്ങളുടെ ശബ്ദം നേര്‍ത്തതാകാമെങ്കിലും അത് പലകോണുകളില്‍ നിന്ന് പല രൂപത്തില്‍ അരങ്ങേറി. അതിനെയെല്ലാം ഭരണകൂടം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. കമ്യൂണിസ്റ്റ് - കോണ്‍ഗ്രസ് ഭരണത്തിനെതിരെ ജനം തിരിഞ്ഞു. പിന്നീടൊരിക്കലും അത്തരമൊരു കൂട്ടുകെട്ടിന് കേരളം സാക്ഷ്യം വഹിച്ചിട്ടില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Sufad Subaida 11 months ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 11 months ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Mridula Hemalatha 11 months ago
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More