ഇന്ന് നമ്മെ വിട്ടുപിരിഞ്ഞ വിഎം കുട്ടി മാപ്പിളപ്പാട്ടിന്‍റെ സുല്‍ത്താന്‍ തന്നെയാണ്. എഴ് പതിറ്റാണ്ടിലധികം മാപ്പിളപ്പാട്ടിനെ ജനകീയവത്ക്കരിക്കുന്നതിന് സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. മാപ്പിളപ്പാട്ടിന്റെ ഭാഷയായ അറബിമലയാളത്തില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന വി എം കുട്ടി അറബിമലയാളത്തിന്റെ സ്വാധീനത്തിലും പച്ചമലയാളത്തിലും എണ്ണമറ്റ പാട്ടുകള്‍ മലയാളികള്‍ക്കായി ഒരുക്കി. ഭക്തിയും പ്രണയവും ദേശസ്നേഹവും മതനിരപേക്ഷതയും അതിന്റെ പ്രധാനപ്പെട്ട വിഷയങ്ങളായി. ഒരുപക്ഷേ വെറുമൊരു സമുദായത്തില്‍ ഒതുങ്ങിനിന്നിരുന്ന മാപ്പിളപ്പാട്ടിന്‍റെ അതിരുകള്‍ വിപുലപ്പെടുത്തി, അതിനെ എല്ലാ മലയാളികള്‍ക്കും അസ്വദിക്കാവുന്ന ഗാനശാഖയാക്കി മാറ്റുന്നതില്‍ വി എം കുട്ടിയോളം പങ്കുവഹിച്ച ഒരാള്‍ ആ ഗാനശാഖയില്‍ ഇല്ല എന്ന് ഉറപ്പിച്ചുപറയാനാകും.
ബാലകൃഷ്ണന്‍ വള്ളിക്കുന്ന്, വടകര കൃഷ്ണദാസ്, എരഞ്ഞോളി മൂസ തുടങ്ങി മാപ്പിളപ്പാട്ടിനെ സ്വന്തം പ്രാണവായുവായിക്കണ്ട മഹാപ്രതിഭകള്‍ കഴിഞ്ഞ നാലഞ്ചുവര്‍ഷത്തിനുള്ളില്‍ നമ്മെ വിട്ടുപിരിഞ്ഞിട്ടുണ്ട്. വി എം കുട്ടികൂടി പോകുന്നതോടെ മാപ്പിളപ്പാട്ടിലെ ഒരുയുഗത്തിനാണ് അന്ത്യമാകുന്നത്. നാം മുന്‍ചൊന്ന പേരുകാരില്‍ ഏറ്റവും പ്രമുഖനും ജനകീയനും ബഹുമുഖ പ്രതിഭയുമായിരുന്നു വി എം കുട്ടിമാഷ്. ഒരു ഹൈസ്കൂള്‍ ഹെഡ് മാസ്റ്ററായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച വി എം കുട്ടിയാണ് ആദ്യമായി കേരളത്തില്‍ ഒരു മാപ്പിളപ്പാട്ട് ട്രൂപ്പ് ഉണ്ടാക്കുന്നത്. നിരവധി സൂപ്പര്‍ ഹിറ്റ് മാപ്പിളപ്പാട്ടുകള്‍ പാടിയവതരിപ്പിച്ച അദ്ദേഹം സ്വന്തമായി പാട്ടുകള്‍ എഴുതുകയും ട്യൂണ്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ജീവിതത്തില്‍ സൂക്ഷിക്കാനും പകര്‍ത്താനും വി എം കുട്ടി ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച മൂല്യം മതേതരത്വമായിരുന്നു. മതനിരപേക്ഷതയാണ് മാപ്പിളപ്പാട്ടിന്റെ സന്ദേശം എന്ന് എല്ലായ്പ്പോഴും അദ്ദേഹം പറയുമായിരുന്നു.
1950-ല്‍, തന്റെ 16-ാം വയസ്സില്‍ ഫറോക്ക് ഗണപത് സ്കൂള്‍ അങ്കണത്തില്‍ 'സംകൃതപമഗരി' പാടി ഔദ്യോഗികമായി അരങ്ങേറ്റം കുറിച്ച വി എം കുട്ടി പിന്നീട് ആയിരക്കണക്കിന് വേദികളില്‍ തന്റെ സ്വരമാധുരിയാല്‍ തിളങ്ങി. ഗള്‍ഫ് രാജ്യങ്ങളിലടക്കം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചു. സ്വന്തം വളര്‍ച്ചക്കൊപ്പം കൂടെയുള്ളവരുടെ വളര്‍ച്ചക്കും ജീവിതവിജയത്തിനും വി എം കുട്ടി എക്കാലവും മുന്തിയ പരിഗണന നല്‍കി. പിന്നീട് വിളയില്‍ ഫസീലയായി മാറിയ വിളയില്‍ വത്സല, മുക്കം സാജിത എന്നിവര്‍ വി എം കുട്ടിക്കളരിയിലൂടെ വളര്‍ന്നുവന്ന ഗായികമാരില്‍ ഏറ്റവും പ്രമുഖരാണ്. ഗാനരചയിതാവ്, ഗായകന്‍, സംഗീത സംവിധായകന്‍, മാപ്പിളപ്പാട്ട് ഗവേഷകന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വി എം കുട്ടിമാഷ് 'മാപ്പിളപ്പാട്ടിന്‍റെ താഴ്വേരുകള്‍', 'മാപ്പിളപ്പാട്ട്: ചരിത്രവും വര്‍ത്തമാനവും', 'മഹാകവി മോയിന്‍കുട്ടി വൈദ്യര്‍', 'കനവും നിനവും', 'മൈത്രീഗാനങ്ങള്‍' തുടങ്ങി പത്തിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
സിനിമയിലും തന്റേതായ സംഭാവനകള്‍ വിഎം കുട്ടിമാഷ് നല്‍കിയിട്ടുണ്ട്. എട്ട് സിനിമകളില്‍ പാടിയിട്ടുള്ള അദ്ദേഹം മൂന്ന് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 'മുത്തുനവ രത്നമുഖം കത്തിടും മൈലാളെ' എന്ന കാവ്യശകലം, അന്തരിച്ച പ്രമുഖ സംവിധായകന്‍ ഐ വി ശശി സംവിധാനം ചെയ്ത 1921 എന്ന സിനിമക്ക് വേണ്ടി ചിട്ടപ്പെടുത്തിയത് വിഎം കുട്ടിയായിരുന്നു. മാപ്പിളപ്പാട്ടിന് പുറമേ കുറത്തിപ്പാട്ട്, കുമ്മിപ്പാട്ട് തുടങ്ങി പല നാടന്‍ പാട്ടുസമ്പ്രദായങ്ങളിലും അദ്ദേഹത്തിന് അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വേദികളിലും നിറസാന്നിധ്യമായിരുന്ന വി എം കുട്ടി, എ കെ ജി പങ്കെടുത്ത തിരൂരിലെ ഒരു പാര്‍ട്ടി പരിപാടിയിലൂടെയാണ് ആദ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വേദിയിലെത്തുന്നത്. അദ്ദേഹത്തിന്‍റെ വേര്‍പാടിലൂടെ പതിറ്റാണ്ടുകള്‍ നീണ്ട ഉറ്റസൌഹൃദമാണ് വ്യക്തിപരമായി എനിക്ക് നഷ്ടപ്പെടുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു