LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഉത്ര വധം: സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി; തൃപ്തരല്ലെന്ന് ഉത്രയുടെ മതാപിതാക്കള്‍

തിരുവനന്തപുരം: ഉത്ര വധക്കേസ് പ്രതി സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഒരാഴ്ചത്തെ കൊവിഡ്‌ നിരീക്ഷണത്തിനുശേഷം സെല്ലിലേക്ക് മാറ്റും. കൊവിഡ് മാർഗ്ഗ നിർദ്ദേശം കണക്കിലെടുത്താണ് ആദ്യം നിരീക്ഷണ സെല്ലിലേക്ക് മാറ്റുന്നത്. റിമാന്‍ഡ്‌ തടവുകാരന്‍ എന്ന നിലയിലാണ് സൂരജിനെ കഴിഞ്ഞ ദിവസം വരെ ജില്ലാ ജയിലില്‍ പാര്‍പ്പിച്ചത്‌. ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. 

കഴിഞ്ഞ ദിവസമാണ് പ്രതി സൂരജിന് ഇരട്ടജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വിധിച്ചത്. ആസൂത്രിത കൊലപാതകം, നരഹത്യാശ്രമം, വിഷം നല്‍കി പരിക്കേല്‍പ്പിക്കല്‍, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങളാണ് പ്രതിക്കെതിരെ തെളിയിക്കപ്പെട്ടത്. 87 സാക്ഷികളെ വിസ്തരിച്ചത്. 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചനയോടെയുള്ള കൊലപാതകം (302),  കഠിനമായ ദേഹോപദ്രവം (326), നരഹത്യാ ശ്രമം (307),  വനംവന്യജീവിനിയമം (115) എന്നിവ പ്രകാരമുള്ള കേസുകളാണ് പ്രതി സൂരജിന് മേല്‍ ചുമത്തിയിരിക്കുന്നത്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യ കേസാണിത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

നീണ്ട ഒരു വര്‍ഷത്തെ വിചാരണക്ക് ശേഷമാണ് കോടതി അന്തിമ വിധി പറഞ്ഞിരിക്കുന്നത്. സ്വത്ത്‌ തട്ടിയെടുത്ത് മറ്റൊരാളുടെ കൂടെ ജീവിക്കാന്‍ ഭാര്യ ഉത്രയെ മയക്കുമരുന്നു കൊടുത്ത് ഉറക്കിയശേഷം മൂര്‍ഖന്‍ പാമ്പിനെകൊണ്ട് കടിപ്പിച്ച്, ഭര്‍ത്താവായ സൂരജ് കൊന്നുവെന്നാണ് കേസ്. 2020 മെയ് 7-നാണ് ഉത്ര മരിച്ചത്. മരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന്  ഉത്രയുടെ മാതാപിതാക്കള്‍ കൊല്ലം എസ് പി ക്ക് പരാതി നല്‍കിയതാണ്‌ വഴിത്തിരിവായത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

കേസിന്‍റെ വിധിയില്‍ തൃപ്തരല്ലെന്നു ഉത്രയുടെ മാതാപിതാക്കള്‍ വിധി പ്രസ്താവത്തിനു ശേഷം പറഞ്ഞു. വധശിക്ഷയായിരുന്നു പ്രതീക്ഷിച്ചതെന്നും, അതിനു വേണ്ടി ഏതറ്റം വരെയും പോകുമെന്നും ഉത്രയുടെ അമ്മ മണിമേഘല പറഞ്ഞു. അതേസമയം, ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ ഉടൻ സമീപിക്കുമെന്ന് സൂരജിന്‍റെ അഭിഭാഷകർ അറിയിച്ചു.

Contact the author

Web Desk