LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഷഹബാസ് അമൻ: മദ്ധ്യനിരയിലെ വാല്മീകി- കെ ബി വേണു

"ഫുട്‌ബോളില്‍ എന്നും മദ്ധ്യനിരയില്‍ കളി ആസ്വദിക്കുകയായിരുന്നതിനാല്‍ എന്റെ സംഗീതത്തിലും അതുണ്ട്. ശക്തിയേക്കാളും തത്വത്തിലും ബുദ്ധിയിലും സൗന്ദര്യത്തിലും ഊന്നുന്നത്! ഉള്ളിലെ സ്‌ത്രൈണമായ നോവുകളെയും അത് കണ്ടെടുക്കുന്നു. എൻ്റെ ഉമ്മയിലൂടെയാണ് ഞാന്‍ പ്രപഞ്ചത്തെ കണ്ടത് എന്നതുകൊണ്ട്, മസ്‌കുലിന്‍ ആക്ടിവിസത്തില്‍ വിശ്വസിക്കുന്നില്ല. ആണത്തത്തില്‍ മാത്രം ഊന്നിക്കൊണ്ടുള്ള മുരടത്തത്തെ 'പൗരുഷം' എന്നു തിരിച്ചറിയുന്ന ലോകത്ത് എനിക്കൊക്കെ ഒരു പരാജിതൻ്റെ ഛായയാണ് ഉള്ളതെങ്കില്‍ സ്വകാര്യമായി അതില്‍ അഹങ്കരിക്കുന്നു; അഭിമാനിക്കുന്നു. ഉള്ളില്‍ ഒരു പെണ്ണിനെ തിരയാത്തവന്‍ കാട്ടാളന്‍! "അരുതു കാട്ടാളാ" എന്ന് വാല്മീകി. ജ്ഞാനം ആനന്ദമാണ്. ഹാര്‍മോണിയത്തിൻ്റെ കാറ്റുപാളികള്‍ വകഞ്ഞ് ഞങ്ങള്‍ വെളിച്ചത്തെ മുറിച്ചുകടക്കുന്നു."

ഇത്രയും കൃത്യമായി സംഗീതത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കിയിട്ടുള്ള എൻ്റെ സ്‌നേഹിതന്‍ ഷഹബാസ് അമന് മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രണ്ടാം തവണയും കിട്ടിയതില്‍ അത്ഭുതമൊന്നും തോന്നിയില്ല. ഷഹബാസ് എഴുതിയ 'ഓം അല്ലാഹ്...!' എന്ന പുസ്തകത്തില്‍ നിന്നുള്ളതാണ് മേലുദ്ധരിച്ച വാക്യങ്ങള്‍. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഐ എഫ് എഫ് കെയ്ക്കിടെ ഷഹബാസ് എനിക്ക് ഒപ്പിട്ടു തന്ന പുസ്തകം. എൻ്റെ സ്വകാര്യ ലൈബ്രറിയുടെ അഗാധമായ ഒരു കോണില്‍ ഒളിച്ചിരിക്കുകയായിരുന്ന ഈ പുസ്തകം കണ്ടുപിടിക്കാന്‍ ഇന്നലെ രാത്രി കുറേ നേരം ചെലവിട്ടു. (ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങള്‍ ആരും തട്ടിയെടുക്കാതിരിക്കാന്‍ ഒളിപ്പിച്ചു വയ്ക്കുന്ന ഒരു പൊട്ടന്‍ സെല്‍ഫിഷ് ജയൻ്റ് ആണ് ഇപ്പോഴും ഈയുള്ളവന്‍.) ഈ വരികള്‍ ഉദ്ധരിക്കാതെ ഷഹബാസിനെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പ് എഴുതില്ലെന്ന വാശിയായിരുന്നു; അഭിനന്ദനം അറിയിക്കാൻ വിളിക്കില്ലെന്നും. അത്രമേല്‍ നിലപാടുകളുള്ള പുസ്തകമാണ് 'ഓം അല്ലാഹ്'.  ഷഹബാസിലെ സംഗീതജ്ഞനെ മാത്രമല്ല, ഫുട്‌ബോളറെയും ഫിലോസഫറെയും രാഷ്ട്രീയചിന്തകനെയും സിനിമാക്കാരനെയും കവിയെയുമൊക്കെ അതിലെ വിവിധ അദ്ധ്യായങ്ങളില്‍ കണ്ടുമുട്ടും.

ഷഹബാസിനെ പരിചയപ്പെടുന്നത് സുഹൃത്ത് യു പ്രദീപ് മുഖേനയാണ്. ഞങ്ങളുടെ കൈരളി ടി വി കാലമായിരുന്നു അത്. അക്കാലത്ത് പ്രദീപ് 'ഇന്‍ ആന്‍ഡ് ഔട്ട്' എന്ന പേരില്‍ പ്രവാസ ജീവിതകഥകളെ ആസ്പദമാക്കി ഒരു ടെലിവിഷന്‍ പരമ്പര ചെയ്തിരുന്നു. രണ്ടു പാട്ടുകള്‍ അതിൻ്റെ ഭാഗമായി റെക്കോഡ് ചെയ്തു. പ്രഭാവര്‍മ്മ എഴുതിയ ആ പാട്ടുകള്‍ രണ്ടും ചിട്ടപ്പെടുത്തിയത് ഷഹബാസ് ആണ്. അതില്‍ ഒരു പാട്ട് ഞാന്‍ പാടണമെന്ന് പ്രദീപിനും മറ്റൊരു ഉറ്റ ചങ്ങാതിയായ ഡേവീസിനും നിര്‍ബ്ബന്ധം. അതിൻ്റെ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് എറണാകുളത്തേയ്ക്ക്  വന്നുകൊണ്ടിരുന്ന ഷഹബാസിനെ യാത്രയ്ക്കിടെ പ്രദീപ് ഫോണില്‍ വിളിച്ച് എനിക്കു കണക്റ്റ് ചെയ്തു. 

"അരികില്‍ നീയുണ്ടായിരുന്നെങ്കില്‍.."

എന്ന പാട്ട് ഫോണിലൂടെ പാടാന്‍ ഷഹബാസ് ആവശ്യപ്പെട്ടു. വളരെ സ്‌പെസിഫിക് ആയ

ആവശ്യം. ഓഡിഷന്‍ തന്നെ!

ഏതായാലും ഞാന്‍ ഷഹബാസിൻ്റെ സംഗീതത്തില്‍ പാടി.

''കാറ്റലയുടെ കൈവിരലാലെ

ചാറ്റല്‍ മഴയാലെ

തൊട്ടു വിളിച്ചതു രാവോ രാവില്‍

പൊട്ടി മുളച്ചിടുമോര്‍മ്മകളോ

പ്രിയമെഴുമോര്‍മ്മകളോ''

എന്നായിരുന്നു വരികള്‍. എത്ര ക്ഷമാശീലനാണ് ഷഹബാസ് എന്നു മനസ്സിലായത് അതു റെക്കോഡ് ചെയ്യുന്ന സമയത്താണ്. എൻ്റെ "ഘര്‍ഘരാരവം" ആ പാട്ടിനോട് ഒട്ടും ചേര്‍ന്നു പോകുന്നില്ലെന്ന് എനിക്കുതന്നെ തോന്നിയിരുന്നു. ടെന്‍ഷന്‍ കാരണം ഒന്നുരണ്ടു സിഗരറ്റും വലിച്ചു. ഒടുവില്‍ എനിക്കുവേണ്ടി ട്രാക്ക് പാടിയ ശേഷം ഒരു കൊടുങ്കാറ്റുപോലെ സംഗീത സംവിധായകന്‍ പുറത്തേയ്ക്കുപോയി.. പാട്ടിനൊപ്പം എന്നെയും സൗണ്ട് റെക്കോഡിസ്റ്റിനെയും  സ്റ്റുഡിയോയിൽ തനിച്ചാക്കിക്കൊണ്ട്. മൂപ്പര്‍ക്ക് ശരിക്കും ദേഷ്യം വന്നിട്ടുണ്ടാകണം. ഏതായാലും പാട്ട് സംഭവിച്ചു. അതിൻ്റെ നിര്‍മ്മാതാക്കള്‍ എനിക്കു റെമ്യൂണറേഷനും തന്നു. വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ സ്വകാര്യമായി കരഞ്ഞു.

പിന്നീട് ജീവിതത്തിലെ ഒരുപാടു നല്ല മുഹൂര്‍ത്തങ്ങളില്‍ ഷഹബാസ് കൂടെയുണ്ടായിട്ടുണ്ട്. ഞാന്‍ സംവിധാനം ചെയ്ത "അവ്വാബി എ പോസിറ്റീവ് സ്‌റ്റോറി" എന്ന ഡോക്യുമെൻ്ററിക്ക് പശ്ചാത്തലസംഗീതം കൊടുത്തത് ഷഹബാസാണ്. പ്രിയനന്ദനൻ്റെ പൂര്‍ത്തിയാകാതെപോയ "അതു മന്ദാരപ്പൂവല്ല" എന്ന സിനിമയ്ക്കുവേണ്ടി ഷഹബാസ് ഒരുക്കിയ

''ഈ പുഴയും സന്ധ്യകളും

നീലമിഴിയിതളുകളും...''

എന്ന പാട്ട് തൃശ്ശൂരിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് ഹാര്‍മോണിയം വായിച്ച് പാടുന്നത് ആദ്യമായി കേട്ടവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. ആ പാട്ട് 'ഇന്‍ഡ്യന്‍ റുപ്പി'യില്‍ സ്ഥാനം പിടിക്കുന്നതിനുമുമ്പ് ഒരുപാട് സ്വകാര്യസദസ്സുകളില്‍ ഞാന്‍ പാടിയിരുന്നു. ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ ഞാനെഴുതിയിരുന്ന 'ഏക് താര' എന്ന സംഗീതപംക്തിയിലെ ആദ്യ ലേഖനം ആ പാട്ടിനെക്കുറിച്ചുള്ള ഓര്‍മ്മകളാണ്. ഇതോടൊപ്പമുള്ള രേഖാചിത്രം ആ ലേഖനത്തിനുവേണ്ടി ദേശാഭിമാനിയിലെ ചീഫ് ആര്‍ട്ടിസ്റ്റ് പി സനല്‍കുമാര്‍ വരച്ചതാണ്. സനലിനു നന്ദി. വാരാന്ത്യപ്പതിപ്പിൻ്റെ എഡിറ്റര്‍ സജിത്തിനും. 

''പൂനിലാവിന്‍ മണിയറ

സഖികളായി താരകങ്ങളാകവേ പകര്‍ന്നു തന്ന

ലയലഹരി മറക്കുമോ...''

എന്ന വരികള്‍ക്ക് ഷഹബാസ് പകര്‍ന്ന സംഗീതപരമായ നാടകീയത എങ്ങനെ മറക്കാനാകും? പാട്ടെഴുതിയ മുല്ലനേഴി മാഷിനൊപ്പം ആ പൂനിലാവിന്‍ മണിയറയുടെ സുഗന്ധം ഷഹബാസിനും അവകാശപ്പെട്ടതാണ്. താമസിയാതെ 'ഏക് താര'യിലെ ലേഖനങ്ങള്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങും. അതിനു പേരിട്ടിരിക്കുന്നത് 'പൂനിലാവിന്‍ മണിയറ' എന്നാണ്. റഫീക് അഹമ്മദിൻ്റെ അവതാരികയ്‌ക്കൊപ്പം സ്‌നേഹം തുളുമ്പുന്ന ഒരു ചങ്ങാത്തക്കുറിപ്പ് എഴുതിത്തരാനും ഷഹബാസ് സമയം കണ്ടെത്തി.

ഇതോടൊപ്പമുള്ള സ്റ്റില്‍ ഷഹബാസുമായി പങ്കുവച്ച മറ്റൊരു നല്ല മുഹൂര്‍ത്തത്തിൻ്റെ ഓര്‍മ്മയാണ്. രാജീവ് നാഥ് സംവിധാനം ചെയ്ത 'പകല്‍ നക്ഷത്രങ്ങള്‍' എന്ന സിനിമയില്‍ സംവിധായകന്‍ രഞ്ജിത് എഴുതി ഷഹബാസ് സംഗീതം നല്കി ആലപിച്ച ഒരു പാട്ടുണ്ട്.

''പകരുക നീ പകരുക നീ

അനുരാഗമാം വിഷം

ഈ ചില്ലുപാത്രം നിറയെ....''

മോഹന്‍ലാല്‍ നായകനായ ആ സിനിമയില്‍ പ്രധാനപ്പെട്ട ഒരു വേഷത്തില്‍ ഞാനുമുണ്ടായിരുന്നു. സിനിമയില്‍ സംഗീത സംവിധായകനായിത്തന്നെയാണ് ഷഹബാസ് പ്രത്യക്ഷപ്പെടുന്നത്. സിനിമാ സംവിധായകനായി അഭിനയിക്കുന്ന മോഹന്‍ലാലിനെയും അദ്ദേഹത്തിൻ്റെ സിനിമാസുഹൃത്തുക്കളായി വേഷമിടുന്ന എന്നെയും ബാലചന്ദ്രന്‍ ചുള്ളിക്കാടിനെയും ഈ പാട്ട് പാടിക്കേള്‍പ്പിക്കുകയാണ് ഷഹബാസ്.

"ധാരമുറിയാതെ പെയ്ത ഒരു സെപ്തംബര്‍ മഴയുടെ രാത്രി നനഞ്ഞൊട്ടിയ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ അവന്‍ ഡാഫോഡില്‍സിനു മുന്നില്‍, ദയാന്‍ റൂമി. യാത്രകള്‍ക്കിടയില്‍ ഒരു വഴിയമ്പലത്തിലെന്ന പോലെ കനിവുള്ള സംഗീതവുമായി പ്രിയപ്പെട്ടവനാകുന്നു ഈ സൂഫി...".  ഇങ്ങനെയാണ് ഡയറിക്കുറിപ്പില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സിദ്ധാര്‍ത്ഥന്‍ എന്ന സംവിധായകന്‍ ഷഹബാസിനു കൊടുക്കുന്ന ഇന്‍ട്രൊഡക്ഷന്‍. അനൂപ് മേനോന്‍ ആണ് ഈ തിരക്കഥയെഴുതിയത്. അനൂപാണ് ആ സിനിമയിലേയ്ക്ക് എന്നെ കൊണ്ടുവന്നത്. അതിനുകാരണം അക്കാലത്ത് എനിക്കുണ്ടായിരുന്ന ചികുരഭാരം തന്നെ. ഏറ്റവും പ്രിയപ്പെട്ട മൂന്നുപേര്‍ക്കൊപ്പം ഒരു ഫ്രെയ്മിലുണ്ടാകാന്‍ അങ്ങനെ ഭാഗ്യമുണ്ടായി. അനൂപിനു നന്ദി. രാജീവേട്ടനും.

'യാ അല്ലാഹ്' എന്ന പുസ്തകത്തിൻ്റെ ആദ്യ അദ്ധ്യായത്തില്‍ ഷഹബാസ് എഴുതുന്നു: "ആരൊക്കെ ചേര്‍ന്ന് നിലവാരം കുറഞ്ഞതാക്കിത്തീര്‍ത്താലും സംഗീതം സ്വയം അതിൻ്റെ ഔന്നത്യം വെളിപ്പെടുത്താതിരിക്കില്ല. ഏതു കാലത്തും! സിനിമയിലായാലും പുറത്തായാലും. പഴയതാവട്ടെ, പുതിയതാവട്ടെ 'നല്ലകാലം' എന്നൊരു കാലം ഉള്ളതു തന്നെയാണ്.''

പ്രിയപ്പെട്ട ഷഹബാസ്,

എനിക്കു സമ്മാനിച്ച ആ പുസ്തകത്തിൻ്റെ ആദ്യപേജില്‍ നിങ്ങള്‍ ഇത്രമാത്രമേ എഴുതിയിട്ടുള്ളൂ..

"പ്രിയ കെ ബി... ഒന്നും പറയാനില്ല."

പക്ഷേ.. എനിക്കു കുറെയേറെ പറയാന്‍ തോന്നി. അതുകൊണ്ട് ഇത്രയും എഴുതിപ്പോയി.

ഒരു പ്രത്യകതരം സര്‍റിയലിസവും സൂഫിസവും ബഷീറും ഉള്ളിലലിഞ്ഞ, എത്ര ട്രാക്കു മാറ്റിയാലും തെളിമലയാളത്തിൻ്റെ ചിട്ടകള്‍ വിടാത്ത ഭാഷ കൈമുതലായുള്ള, അതിലുപരി പുതിയ തലമുറയ്ക്ക് പ്രിയങ്കരമായ ഈണങ്ങളെ അനാദിയായ കാലത്തിൻ്റെ സംഗീതസമുദ്രങ്ങളിലേയ്ക്ക് അലിയിക്കാനുള്ള ആര്‍ദ്രത സൂക്ഷിക്കുന്ന കൂട്ടുകാരാ.. റഫീക്കിനെ കൂട്ടുപിടിച്ച് നിന്നോട് ഇത്രമാത്രം പറയുന്നു...

ഈ ചില്ലയില്‍ നിന്ന്

ഭൂമി തന്‍ കൗമാരകാലത്തിലേയ്ക്ക് പറക്കാം..

വാക്കുകളൊക്കെ പിറക്കുന്നതിന്‍ മുന്‍പ്

പൂക്കും നിലാവില്‍ കളിക്കാം...


ഇനി ഞാൻ ഷഹബാസിനെ വിളിക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

K B Venu Karakkatt

Recent Posts

Sufad Subaida 11 months ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 11 months ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Mridula Hemalatha 11 months ago
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More