LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അനുപമയോട് സൌകര്യവാദ ഫെമിനിസ്റ്റുകള്‍ ചെയ്യുന്നത്- ഡോ. ജെ ദേവിക

അനുപമയുടെ ഗര്‍ഭധാരണം, പ്രസവം എന്നിവയെ പ്രശ്നവത്ക്കരിച്ചുകൊണ്ട് അവരുടെ കുടുംബത്തിന്റെ കൂടെ നില്‍ക്കാനുള്ള ചിലരുടെ നീക്കങ്ങളെ വിശകലന വിധേയമാക്കുകയും വിമര്‍ശിക്കുകയും ചെയ്യുകയാണ് ചിന്തകയും എഴുത്തുകാരിയുമായ ഡോ. ജെ ദേവിക. അനുപമയെ ഇക്കാര്യങ്ങളില്‍ കുറ്റപ്പെടുത്തി അവരുടെ കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ പിന്തുടരുന്നത് സൌകര്യവാദ ഫെമിനിസമാണ് എന്ന് എന്ന് ഡോ. ദേവിക പറയുന്നു.

അനുപമയോട് സൌകര്യവാദ ഫെമിനിസ്റ്റുകള്‍ ചെയ്യുന്നത്- ഡോ. ജെ ദേവിക. 

അനുപമ ഇത്രയും ചെറുപ്പത്തിൽ പ്രസവിക്കാൻ പാടില്ലായിരുന്നു, സ്വന്തം വരുമാനം ഇല്ലാതെ പ്രസവിക്കാൻ പാടില്ലായിരുന്നു എന്നൊക്കെ പറഞ്ഞുകൊണ്ട് ബോധപൂര്‍വ്വമല്ലെങ്കിലും ചില ശ്രമങ്ങൾ നടക്കുന്നു. പ്രായപൂർത്തിയായ സ്ത്രീക്ക് അതിന് അവകാശം ഉണ്ടെന്ന് സമ്മതിച്ചുകൊണ്ട് തന്നെ.

അത്തരം ഒരു ലേഖനം സി എസ് ചന്ദ്രിക എഴുതിയതിന് ശരി പറയാൻ ഇത്ര പേരാണ്, അതും പുരോഗമന വാദികൾ എന്ന് ഞാൻ കരുതിയ സ്ത്രീകൾ! മുഖ്യധാരാ ഇടതിനെ സേവിക്കാൻ പാകത്തിൽ മുറിച്ചെടുത്ത ഒരു ഫെമിനിസ്റ്റ് നിലപാട് ഏറെ സൗകര്യപ്രദമായ കുപ്പായമാണ്. എല്ലാ അർത്ഥത്തിലും. 

ഇങ്ങനെയുള്ള സ്ത്രീകളുടെ അറിവിലേക്കായി പറയുന്നു:

1.  പിതാവിൻ്റെ അധികാരത്തെ കുറ്റകരമായി പ്രയോഗിച്ചു എന്നതാണ് ഇവിടെ വിഷയം. അല്ലാതെ അനുപമ ഏതു പ്രായത്തിൽ, എത്ര തയ്യാറെടുപ്പിൽ, പ്രസവിക്കണം എന്നതല്ല. ഈ വിഷയത്തിൽ നീതി നടപ്പാക്കിയാൽ ഇനിയും അനുപമമാർ ഉണ്ടാകും, അതുകൊണ്ട് അവരുടെ കുടുംബമാണ് ശരി (നീതി നടപ്പാക്കണ്ട) എന്ന വാദം പല വിപ്ലവ കുലസ്ത്രീകളും ഉന്നയിച്ചു കണ്ടു. അവർ തങ്ങളുടെ യാഥാസ്ഥിതികതയെ മറച്ചുപിടിക്കാൻ പോലും മേനക്കെടുന്നില്ല. അതിൻ്റെ less virulent ആയ, എന്നാല്‍ less visible ആയ ഒരു വകഭേദമാണ് നിങ്ങളുടെ ഈ ചർച്ച കൊണ്ട് ഉണ്ടാകുന്നത്.

കുടുംബത്തിൻ്റെ തെറ്റുകൾ ചർച്ച ചെയ്യേണ്ട സ്ഥലത്ത് അതിജീവിതയായ സ്ത്രീയുടെ കുറവുകളെ നിരന്തരം ചർച്ച ചെയ്യുന്ന  നിങ്ങളുടെ രീതി അത്ര നിഷ്കളങ്കമല്ല. അതിജീവിതയുടെ 'തെറ്റ്' തുല്യ പ്രാധാന്യം അർഹിക്കുന്നു എന്ന സൂചനയാണ് അവിടെ ഉണ്ടാകുന്നത്.

2. ഇതാണ് ഈ തെറ്റ്? 19 വയസ്സിൽ പ്രസവിച്ചത്, സ്വന്തം കാലിൽ നിൽക്കുന്നതിന് മുൻപ് പ്രസവിച്ചത് എന്നിങ്ങനെ ചിലതൊക്കെ സൂചിപ്പിച്ചിരുന്നു. ഞാൻ ഓർത്തുപോയി. ഇന്ന് കേരളത്തിൽ സ്ത്രീകളുടെ അവകാശങ്ങളെ പറ്റി സംസാരിക്കുന്ന മുഖ്യധാരാ ഇടത് അനുകൂലനിലപാടെടുക്കുന്ന സ്ത്രീകളിൽ എത്രയോ പേര് സ്വന്തം കാലിൽ നിൽക്കും മുൻപ് പ്രസവിച്ചവരാണ്! എന്നിട്ടും അവരുടെയൊന്നും ഭാവി തകർന്നുപോയിട്ടില്ല. 'ലിവിംഗ് ടുഗദർ' ആയി തന്നെ കഴിഞ്ഞിരുന്ന കൂട്ടരും ഇവരിൽ ഉണ്ടായിരുന്നു. അവരും നശിച്ചുപോയിട്ടില്ല. പ്രസവിച്ചു പോയാൽ മുന്നോട്ട് ജീവിതമില്ലാതാകുന്ന അവസ്ഥയെ ആണ് പിതൃമേധാവിത്വം എന്നു പറയുന്നത്. അതിൻ്റെ കളിനിയമങ്ങളെ കഴിവതും ഒഴിവാക്കി നടക്കുക എന്നത് ഫെമിനിസം അല്ല, പ്രായോഗിക യുക്തി ആണ്. 18 വയസ്സിൽ പ്രസവിച്ചാലും ജീവിതത്തിൽ പൂർണസാധ്യത സ്ത്രീകൾക്ക് ലഭിക്കാൻ അവകാശമുണ്ട്, അതിന് വഴിതെളിക്കണം എന്ന് സമൂഹത്തോട് പറയുന്നതാണ് ഫെമിനിസം.

3. താൽക്കാലിക ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുന്നത് കേരളത്തിൽ കുറഞ്ഞുവരുന്നു എന്നു സൂചിപ്പിക്കുന്ന കണക്കുകൾ ധാരാളം ഉണ്ട്. ചെറുപ്പക്കാരുടെ ഇടയിൽ അവയെ പറ്റിയുള്ള അറിവും വല്ലാതെ കുറഞ്ഞിരിക്കുന്നു എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. അത് ഒരു പൊതു പ്രശ്നമാണ്. മിക്കവാറും വിവാഹങ്ങളിൽ സംഭവിക്കുന്നത്, അപ്പോഴൊന്നും വലിയൊരു തെറ്റായി ആരും കാണാത്തത്. കേരളത്തിൽ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കാൻ സർക്കാര്‍ വേണമെന്നൊന്നും നിർബന്ധമില്ല. ഫെമിനിസ്റ്റ് ബുദ്ധിജീവികൾ ചെയ്യേണ്ട പണിയായിരുന്നൂ അതെന്നുതന്നെ ഞാൻ പറയും. പക്ഷേ അതിനുള്ള ചങ്കൂറ്റം, ധൈര്യം, ഇതൊന്നും നമുക്ക് ഒരിക്കലും ഉണ്ടായിട്ടില്ല (എന്നിട്ട് ചെറുപ്പക്കാരെ വിധിക്കാൻ നടക്കുന്നത് സഹിക്കാൻ പ്രയാസം!). സ്ത്രീ ലൈംഗികതയെ കുറിച്ച്, കാമനകളെ കുറിച്ച്, ആഘോഷപൂർവ്വം എഴുതിയാൽ പോരായിരുന്നു, സ്വന്തം ശരീരത്തെ അറിയാനും തിരിച്ചെടുക്കാനും  പഠിക്കണമായിരുന്നു, അത് ചെറുപ്പക്കാരികൾക്ക് പകരണമായിരുന്നു.

4. കഴിഞ്ഞ തവണ ഈ  സൗകര്യപൂർവ്വ ഫെമിനിസാഖ്യാനം ഉയർന്നത് ശബരിമല സമരക്കാലത്തായിരുന്നു. അത് സ്ത്രീകൾക്ക് മൊത്തത്തിൽ എന്തു ഫലംചെയ്തു എന്ന് അനുഭവിച്ച് അറിഞ്ഞതാണ്. സർക്കാരിനൊപ്പം നിന്നു പൊരുതുന്നതും അതിനു ദാസ്യപ്പണി ചെയ്യുന്നതും രണ്ടാണെന്ന് മറന്നുപോയത് മലയാളി സ്ത്രീകൾക്ക് ഗുണമല്ല ഉണ്ടാക്കിയത്. എല്ലാ മേഖലകളിലും, പ്രത്യേകിച്ച് സർക്കാർ സംവിധാനത്തിൽ, ആൺ ഹുങ്ക് വർധിച്ച അനുഭവമാണ് പൊതുവേ സ്ത്രീകൾക്ക്. ഒരു വശത്ത് 'സമം' എന്നൊക്കെ പേരിട്ട് കുറെ സ്ത്രീകളെ ബോധവത്കരിക്കുക, മറ്റൊരു വശത്തുകൂടി കടുത്ത ലിംഗ യാഥാസ്ഥിതിക നിലപാടുകൾ നാണമില്ലാതെ തട്ടിവിടുന്ന നേതാക്കളെ ആ വേദിയിൽ തന്നെ വിമർശിക്കാൻ നാവ് പൊങ്ങാതിരിക്കുക- ഇതാണ് നിങ്ങളുടെ സൗകര്യപൂർവ്വ ഫെമിനിസം (feminism of convenience) അത് കേരളത്തിലെ സ്ത്രീകളെ  കൊണ്ടെത്തിച്ചിരിക്കുന്നത് ഇവിടെയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Sufad Subaida 11 months ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 11 months ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Mridula Hemalatha 11 months ago
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More