LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അമ്പരപ്പിന്റെ കാലം വഴിമാറുകയാണ്; ഇത് സമര വിജയങ്ങളുടെ കാലം- എസ്. വി മെഹ്ജൂബ്

ഇനിയൊരു ചെറുത്തുനില്‍പ്പും സാധ്യമല്ല എന്ന് തോന്നിച്ച ആ അമ്പരപ്പിന്റെ കാലം വഴിമാറുകയാണ്. രണ്ടാം യു പി എ ഭരണം നിലംപൊത്തുകയും സംഘ പരിവാര്‍ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരികയും വിവിധ സംസ്ഥാനങ്ങളില്‍ തെരെഞ്ഞെടുപ്പുകളിലൂടെയും ചാക്കിട്ടുപിടുത്തത്തിലൂടെയും ബിജെപി തേരോട്ടം നടത്തുകയും ചെയ്തതിലൂടെ സംഭവിച്ച ആ അമ്പരപ്പിനെ രാജ്യം മറികടന്നുതുടങ്ങിയിരിക്കുന്നു. പൌരാവകാശ ലംഘനങ്ങള്‍, നിരപരാധികള്‍ അഴിക്കുള്ളിലായ കരിനിയമങ്ങള്‍ എല്ലാം നിലനില്‍ക്കുക തന്നെയാണ്. എന്നിരുന്നാലും രാജ്യത്താകെ വിജയം കണ്ടുകൊണ്ടിരിക്കുന്ന ജനകീയ സമരങ്ങള്‍, ഒത്തുചേരലുകള്‍ എല്ലാം വലിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട് എന്നത് പരമാര്‍ത്ഥമാണ്. രാജ്യത്തെ ഏറ്റവും വലിയ പ്രക്ഷോഭമായി കഴിഞ്ഞ ഒരുവര്‍ഷക്കാലം നീണ്ടു നിന്ന കര്‍ഷക സമരത്തിനുമുന്നില്‍ കേന്ദ്ര സര്‍ക്കാരിന് മുട്ടുമടക്കേണ്ടിവന്നതു തന്നെയാണ് ജനങ്ങളുടെ ആത്മവിശ്വാസം അങ്ങേയറ്റം വളര്‍ത്തിയിരിക്കുന്നത്. ഐതിഹാസിക സമരം എന്ന് നാം പലതിനെയും വെറുതെ വിശേഷിപ്പിക്കാറുണ്ട്. ചട്ടപ്പടി സമരങ്ങളെ വിശേഷിപ്പിച്ച് വെറുതെ തേഞ്ഞുപോയ ആ വാക്ക് അതിന്റെ അര്‍ത്ഥത്തില്‍ തന്നെ പറയാന്‍ പതിറ്റാണ്ടുക്ക്ള്‍ക്ക് ശേഷം ദേശീയ തലത്തിലും സംസ്ഥാനതലത്തിലും സമരക്കാര്‍ക്ക് കഴിഞ്ഞിരിക്കുന്നു.

തങ്ങളനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍, ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ച ജനകീയ ജനാധിപത്യ പാര്‍ട്ടികള്‍ ചടങ്ങ്‌ സമരങ്ങളുമായി കാലം കഴിക്കുന്നു. തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സീറ്റ് കിട്ടിയ മുന്നണിയെയും പാര്‍ട്ടിയെയും നോക്കുകുത്തിയാക്കി തോറ്റവര്‍ ആളുകളെ ചാക്കിട്ട് പിടിച്ച് സര്‍ക്കാരുകള്‍ രൂപീകരിക്കുന്നു.  പൊതുമേഖലാ സ്ഥാപനങ്ങള്‍ ചുളുവിലക്ക് വില്‍പ്പന നടത്തുന്നു. ലോകത്തിലേറ്റവും കൂടിയ വിലയ്ക്ക് പെട്രോളും ഡീസലും വില്‍ക്കുന്നു... ഇങ്ങനെ പ്രശ്നങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ തീരില്ല. ഇതിനെതിരെയൊക്കെ ഒരു വലിയ ജനകീയ മുന്നണി വളര്‍ന്നുവരും എന്ന് ജനം ആഗ്രഹിക്കുമ്പോഴും അവരുടെ ആഗ്രഹാഭിലാഷങ്ങള്‍ക്കൊത്ത് ഉയരാനോ അവരുടെ ശബ്ദമായിത്തീരാനോ കഴിയാത്ത നമ്മുടെ പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഫ്രീസറില്‍ തണുത്തുറഞ്ഞുപോയിരിക്കുന്നു. ഇടയ്ക്കൊക്കെ ചട്ടപ്പടി സമരങ്ങള്‍ നടത്തി വീട്ടില്‍ പോകുന്ന ഇവരുടെ മുന്നിലേക്കാണ് കര്‍ഷകര്‍ തങ്ങളുടെ ഐതിഹാസികമായ സമരവുമായി രംഗപ്രവേശം ചെയ്തത്. മൂന്നു നിയമങ്ങളും പെട്ടിയിലാക്കി വന്ന വഴിയെ തിരിച്ചുപൊയ്ക്കോളാമെ എന്ന ഉറപ്പാണ് ഇപ്പോള്‍ രാജ്യത്തിന്റെ പ്രധാനമാന്ത്രിക്ക് നല്‍കേണ്ടിവന്നത്. തൊട്ടു മുന്‍ ദിവസം രാജ്യത്തെ ഇന്ധന വില കുറയ്ക്കെണ്ടിവന്നതിലും പൊട്ടിപ്പുറപ്പെടാന്‍ തക്കം പാര്‍ത്തുനില്‍ക്കുന്ന ജനകീയ രോഷത്തോടുള്ള ജാഗ്രതയുണ്ട് എന്നുതന്നെയാണ് മനസ്സിലാക്കാന്‍ കഴിയുക. അങ്ങനെ കേളന്‍ വന്നാലും കുലുങ്ങാത്ത പാളങ്ങള്‍ കുലുങ്ങിത്തുടങ്ങിയിരിക്കുന്നു എന്നര്‍ത്ഥം.

 'ഇത് നല്ല കാലമല്ല; മോശപ്പെട്ട കാലവുമല്ല' എന്ന ഒരു നാടക ഗാനശകലത്തെ ഓര്‍മ്മിപ്പിക്കുന്നു ഈയിടെ വന്ന വാര്‍ത്തകളെല്ലാം. ഒറ്റപ്പെട്ട വ്യക്തികള്‍ അവരുടെ നിശ്ചയ ദാര്‍ഢൃത്തിന്റെ ബലത്തില്‍ നടത്തിയ സമരങ്ങള്‍ വിജയം കണ്ടതിനു തെളിവാണ് കേരളത്തില്‍ നടന്ന അനുപമയുടെയും ദീപാ പി മോഹനന്റെയും സമരങ്ങള്‍. സമരം ചെയ്യുന്നത് വിജയിക്കാനാണ്. വിജയിക്കാന്‍ മാത്രമാണ് എന്ന് മനസ്സിലുറപ്പിച്ചിറങ്ങിയ ഈ പെണ്‍കുട്ടികളാണ് പ്രതീക്ഷയറ്റ, ഇത് കെട്ടകാലമാണ് എന്ന് വിശ്വസിച്ചമര്‍ന്നുപോയ മനുഷ്യരില്‍ പുതിയ പ്രതീക്ഷയായി ഉയര്‍ന്നിരിക്കുന്നത്. മധ്യവര്‍ഗ്ഗ മാന്യന്മാരുടെ സദാചാര വിചാരണയെ തരിമ്പും വിലവെയ്ക്കാതെ തന്റെ കുഞ്ഞിനു വേണ്ടി തെരുവിലിറങ്ങിയ ഈ പെണ്‍കുട്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ തന്റെ സമരത്തെ മുന്നോട്ടുതന്നെ കൊണ്ടുപോയി. നീതി തേടി ചെന്ന എല്ലാ ഇടങ്ങളില്‍ നിന്നും അവഗണന നേരിട്ട ആ യുവതിക്ക് സ്വന്തം വീട്ടില്‍ നിന്ന് തുടങ്ങിയ നീതി നിഷേധം, സംസ്ഥാന മുഖ്യമന്ത്രിയോളമെത്തി എന്നതാണ് വാസ്തവം. തന്റെ കുഞ്ഞിനെ കാണുന്നില്ല എന്ന പരാതി ഏറ്റുവാങ്ങാനും എഫ് ഐ ആര്‍ ഇടാനും തയാറാകാതിരുന്ന പേരൂർക്കട പൊലീസ് സ്റ്റേഷന്‍ മുതല്‍ സംസ്ഥാന ഡിജിപി വരെ ഒറ്റക്കെട്ടായി അനുപമക്കെതിരെ പ്രവര്‍ത്തിച്ചു. കയറിചെന്ന സകലയിടങ്ങളില്‍ നിന്നും ഇറക്കിവിട്ടു. കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ തന്‍റെ കുഞ്ഞിനെ തേടിയുള്ള അലച്ചില്‍ വഴിയോരത്ത് കെട്ടിയ സമരപ്പന്തലിലൂടെ മറ്റൊരു മാനം കൈവരിക്കുകയായിരുന്നു. പോലീസിനോടും സര്‍ക്കാര്‍ ബോഡികളോടും സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയോടും സ്വന്തം അച്ഛനോടും അമ്മയോടും തുറന്ന യുദ്ധത്തിനു പുറപ്പെടുമ്പോള്‍ അനുപമയുടെ കയ്യില്‍ സമൂഹത്തിന്‍റെ മാന്യതയ്ക്ക് നിരക്കുന്ന ഒന്നും മുന്നോട്ടുവേയ്ക്കാന്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും ടി വി ചര്‍ച്ചകളിലെ വലിയ വലിയ മാധ്യമ സിംഹങ്ങളെ, നിരീക്ഷക വേഷം കെട്ടി എഴുന്നള്ളിയ കപട നാട്യക്കാരെ അവര്‍ അടിച്ചിരുത്തി, തന്റെ ശരികള്‍ തന്റെ ശരികളാണ് എന്നും തന്റെ തെരഞ്ഞെടുപ്പ് തന്റെ മാത്രം തെരഞ്ഞെടുപ്പാണ് എന്നും വളരെ പക്വമായ ഭാഷയില്‍ മാധ്യമക്കോടതികളില്‍ അവര്‍ സധൈര്യം പ്രഖ്യാപിച്ചു. നിങ്ങള്‍ എന്‍റെ ശരികള്‍ നോക്കണ്ട, നിങ്ങള്‍ അജിത്തിനെ വിട്ടേക്കൂ, എന്‍റെ കുഞ്ഞിനെ തിരിച്ചുതരൂ എന്ന് അവര്‍ക്ക് മാത്രം സാധ്യമായ ധൈര്യത്തോടെ അധികാരികളോട് വിളിച്ചു പറഞ്ഞു. 8 മണി 9 മണി ചര്‍ച്ചയിലിരുന്ന് ഒന്നിലധികം സദാചാര വാദികളെ അവര്‍ ഒറ്റയ്ക്ക് നേരിട്ടു. ഒടുവില്‍ എന്തിനാണോ സമരം ചെയ്തത് ആ ആവശ്യത്തെ  കയ്യില്‍ ഏറ്റുവാങ്ങിപ്പോകുക തന്നെ ചെയ്തു. എന്നിട്ട് എന്‍റെ കാര്യം നടന്നു ഇനി ഞാന്‍  പോകട്ടെ എന്നല്ല അവര്‍ പൊതു സമൂഹത്തോട് മാധ്യമങ്ങളിലൂടെ പറഞ്ഞത്. മറിച്ച് സമരം തുടരുക തന്നെ ചെയ്യുമെന്നാണ്. 

മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലെ നാനോ ടെക്നോളജി ഗവേഷക ദീപാ പി മോഹനനും 11 ദിവസം നീണ്ട തന്റെ നിരാഹാര സമരത്തിലൂടെ അധികൃതരെ മുട്ടുകുത്തിച്ചു. തങ്ങളെ യു എ പി എ ചുമത്തി ജയിലിലടയ്ക്കാന്‍ ശ്രമിച്ച സംസ്ഥാന സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും കണക്കുതീര്‍ത്ത് അലന്‍ ഷുഐബും താഹാ ഫസലും കഴിഞ്ഞ ദിവസം പ്രതിഷേധ ചായ കുടിച്ചു. അതെ ഇത് നല്ല കാലമല്ലെങ്കിലും അത്ര  മോശപ്പെട്ട കാലവുമല്ല! നിങ്ങള്‍ ചെയ്തതും പറഞ്ഞതും കണക്കു വെയ്ക്കപ്പെടും ഓര്‍ത്തുവെയ്ക്കപ്പെടും. എല്ലാറ്റിനും നിങ്ങളെ കൊണ്ട് മറുപടി പറയിക്കുക തന്നെ ചെയ്യും. കട്ട സാധങ്ങള്‍ തിരികെ വെച്ച് ഓടിപോകുന്ന കള്ളനെപ്പോലെ നിങ്ങള്‍ക്ക് രക്ഷപ്പെടനാവില്ല. അനാവശ്യമായി മിണ്ടിയവര്‍ മുതല്‍ കൊടും അനീതികള്‍ക്കെതിരെ ഉരിയാടാത്ത പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും മറുപടി പറയേണ്ടി വരും. അതെ ഇത് നല്ല കാലമല്ല അത്ര മോശപ്പെട്ട കാലവുമല്ല.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Sufad Subaida 2 weeks ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 2 weeks ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More