LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒമിക്രോൺ: നാം പേടിയ്ക്കണോ?- ഡോ. ബി. ഇക്ബാല്‍

ഇക്കഴിഞ്ഞ 24-ാം തീയതി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ഇതിനകം ലോകത്താകെ ആശങ്ക പടര്‍ത്തുകയും ചെയ്ത ഒമിക്രോൺ (Omicron) വൈറസിനെ (കൊവിഡിന്‍റെ പുതിയ വകഭേദം) കുറിച്ചാണ് പ്രശസ്തനായ ഭിഷഗ്വരനും കേരളാ സ൪വകലാശാല മുന്‍ വൈസ് ചാന്‍സലറും ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്‍റുമായ ഡോ. ബി ഇക്ബാല്‍ എഴുതുന്നത്. ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിന്റെ പ്രസക്തഭാഗങ്ങള്‍.

ഡി എൻ എ വൈറസുകളും ആർ എൻ എ വൈറസുകളും- സ്വഭാവ വ്യത്യാസങ്ങള്‍ 

ബി 1.1.529 എന്ന ഈ വകഭേദത്തിനെ ഒമിക്രോൺ (Omicron) എന്ന് ലോകാരോഗ്യ സംഘടന നാമകരണം ചെയ്തിട്ടുണ്ട്. കോവിഡിന് കാരണമായ സാർഴ്സ് കൊറോണ വൈറസ് -2 ആർ എൻ എ വൈറസായത് കൊണ്ട് ജനിതക മാറ്റത്തിലൂടെ (Mutations) വിവിധ ഭിന്നതരം (Variants) വൈറസുകളുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. വൈറസുകൾ മനുഷ്യകോശങ്ങൾക്കുള്ളിൽ കടന്ന് പെരുകുന്നതിന്റെ (Replication) ഭാഗമായി പകർപ്പെടുക്കുമ്പോൾ ജനിതകഘടനയിൽ നേരിയമാറ്റം സംഭവിക്കാം. ഡി എൻ എ വൈറസുകളുടെ കാര്യത്തിൽ ജനിതക വ്യതിയാനങ്ങളിലെ തെറ്റ് നിരുത്താനുള്ള (Proof Reading) സംവിധാനമുണ്ട്. എന്നാൽ ആർ എൻ എ വൈറസുകളിൽ അതില്ല. അതുകൊണ്ടാണ് ആർ എൻ വൈറസുകൾ കൂടുതലായി ജനിതകമാറ്റത്തിന് വിധേയമാവുന്നത്. വൈറസുകളിൽ സംഭവിക്കുന്ന എല്ലാ ജനിതകവ്യതിയാനങ്ങളും നിലനിൽക്കാറില്ല. വൈറസുകളുടെ എണ്ണം വർധിപ്പിക്കാനും മറ്റ് ജീവികളിലേക്ക് കടക്കാനും സഹായിക്കുന്ന വൈറസ് ഭേദങ്ങൾ നിലനിൽക്കും. മറ്റുള്ളവ  ജൈവപരിണാമ പ്രകിയയുടെ ഭാഗമായി നശിച്ചുപോകും. 

ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വ്യത്യസ്ത ജനിതകഘടനയുള്ള മൂന്ന്തരം കോവിഡ് വൈറസുകളാണ് ആദ്യഘട്ടത്തിൽ കണ്ടെത്തിയത്. പിന്നീട് നാലാമതൊരു ജനിതകമാറ്റം കൂടി ഇന്ത്യയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. 2020 ഒക്ടോബർ 25 ൽ ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ട ബി 1. 617 എന്ന വകഭേദം 2021 മാർച്ച് 29 ന് സ്ഥിരീകരിക്കപ്പെട്ടു. പകർച്ചവ്യാധികൾ, രോഗാണുക്കൾ എന്നിവക്ക് രാജ്യത്തിന്റേയോ, പ്രദേശത്തിന്റെയോ മൃഗങ്ങളുടെയോ പേരിടുന്നത് ഒഴിവാക്കണമെന്ന് 2015 മുതൽ ലോകാരോഗ്യസംഘടന ആവശ്യപ്പെട്ട് വരികയാണ്. സ്ഥലജന്തുനാമങ്ങളിൽ രോഗമോ രോഗാണുക്കളോ  അറിയപ്പെടുന്നത് ആ രാജ്യങ്ങളോടോ, ജന്തുക്കളോടോ വിദ്വേഷം ജനിപ്പിക്കുന്നതിനും   പതിത്വസമീപനങ്ങൾ (Stigma) വളർന്ന് വരുന്നതിനും കാരണമാവുന്നുണ്ട്. ഇങ്ങനെ പേരിട്ടിട്ടുള്ള രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കിനും വ്യാപരവാണിജ്യ തടസ്സങ്ങൾക്കും മൃഗങ്ങളെ കൂട്ടത്തോടെ കൊല്ലുന്നതിനും മറ്റും ഇത്തരം പേരിടീൽ രീതികൾ  കാരണമാവുന്നുണ്ട്. ഇതെല്ലാം പരിഗണിച്ച് ഇപ്പോൾ രാജ്യങ്ങളുടെ പേരിലറിയപ്പെടുന്ന വൈറസ് വകഭേദങ്ങൾക്ക് ആൽഫാ, ബീറ്റ, ഗാമ, ഡെൽറ്റ, ഒമിക്രോൺ എന്നീ പേരുകൾ  ലോകാരോഗ്യസംഘടന നിർദ്ദേശിച്ചിട്ടുള്ളത്.. 

വൈറസുകളുടെ ജനിതകമാറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും 

ജനിതകമാറ്റത്തിലൂടെ പുതുതായി സൃഷ്ടിക്കപ്പെടുന്ന വൈറസുകളുടെ കാര്യങ്ങള്‍ നാലായി തിരിക്കാം. ഈ നാള്‍ കാര്യങ്ങളും പരിഗണിച്ചുകൊണ്ട്‌ മാത്രമേ അതിനെ നേരിടാന്‍ കഴിയൂ. അതില്‍ ആദ്യത്തേത് പകർച്ചാ നിരക്ക് (Infectivity) ആണ്. രണ്ടാമത് രോഗരൂക്ഷതയും കാഠിന്യവും (Virulence) എങ്ങനെയായിരിക്കും എന്നതാണ്. അടുത്തത് പുതിയ വകഭദേങ്ങളെ ഇപ്പോഴുപയോഗിക്കുന്ന വൈറസ് ടെസ്റ്റുകളുപയോഗിച്ച് കണ്ടെത്താൻ കഴിയുമോ എന്നതാണ്. ഏറ്റവും അവസാനത്തേത് ഇപ്പോള്‍ ലഭ്യമായ വാക്സിനുകൾ പുതിയ വകഭേദങ്ങള്‍ക്ക് എത്രത്തോളം ഫലപ്രദമാകും എന്നതാണ്.

രോഗവ്യാപന തോത് അഥവാ പകർച്ചാനിരക്ക് (Infectivity) 

പകർച്ചാനിരക്ക് (Infectivity) കൂടുതലുള്ള വൈറസ് ഭേദങ്ങളാണിവയെല്ലാമെന്നാണ് വിദഗ്ധരുടെ നിഗമനം. എന്നാൽ രോഗരൂക്ഷത വർധിപ്പിക്കുമോ എന്ന കാര്യത്തിൽ ഭിന്നാഭിപ്രായമാണുള്ളത്. കൊവിഡ് രോഗം കണ്ടെത്താനുള്ള ടെസ്റ്റുകളുപയോഗിച്ച് തന്നെ ഇത്തരം ജനിതകമാറ്റം സംഭവിച്ച വൈറസുകൾ മൂലമുണ്ടാകുന്ന കോവിഡ് കണ്ടെത്താൻ കഴിയും. ഇപ്പോൾ ലഭ്യമായ വാക്സിനുകൾ എല്ലാംതന്നെയും എല്ലാ ഭിന്നതരം വൈറസുകൾക്കും എതിരെ പ്രതിരോധശേഷിയുണ്ടാക്കുമെന്നാണ് ഇതുവരെയുള്ള പരിശോധനകളുടെ അടിസ്ഥാനത്തിൽ എത്തിയിട്ടുള്ള നിഗമനം.

ഡെൽറ്റ വകഭേദത്തിന്റെ സ്വഭാവം 

എന്നാൽ ഡെൽറ്റ വകഭേദം കോവിഡ് വാക്സിനുകളോട് ഭാഗികമായ പ്രതിരോധം നേടിയിട്ടുള്ളതിനാൽ വാക്സിൻ സ്വീകരിച്ചവരിൽ രോഗമുണ്ടാക്കുന്നുണ്ട്. ഇതിനെ ബ്രേക്ക് ത്രൂ ഇൻഫക്ഷൻ എന്നാണ് വിളിക്കുക. അതുപോലെ രോഗം ഭേദമായവരില്‍ വീണ്ടും രോഗമുണ്ടാക്കാനും (റീ ഇൻഫക്ഷൻ) ഡെൽറ്റാ വൈറസുകൾക്ക് കഴിയും. എന്നാൽ ബ്രേക്ക് ത്രൂ ഇൻഫക്ഷൻ, റീ ഇൻഫക്ഷൻ എന്നിവ ബാധിച്ചവരിൽ കടുത്ത രോഗലക്ഷണങ്ങൾ കാണുന്നില്ല. മാത്രമല്ല ആരും മരണമടഞ്ഞതായും റിപ്പോർട്ടില്ല. 2021 ജൂൺ മാസത്തോടെ ആവിർഭവിച്ചിട്ടുള്ള പുതിയ വൈറസ് വകഭേദമാണ് ഡെൽറ്റാ പ്ലസ് (Delta Plus). ഡൽറ്റാവൈറസിന്റെ സ്വഭാവത്തിൽ നിന്നും കാര്യമായ വ്യത്യാസം ഡെൽറ്റ പ്ലസ് വൈറസിനില്ല. ഇന്ത്യയിൽ ഇതുവരെ ഡൽറ്റാ പ്ലസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

പ്രസക്തവകഭേദങ്ങൾ

നിലവിലുള്ള രോഗനിർണ്ണയരീതികൾ, രോഗംവന്ന് ശമിച്ചവരിൽ രോഗപ്രതിരോധശേഷി അതിജീവിക്കാനുള്ള കഴിവ്,  വ്യാപനസ്വഭാവം, തീവ്രത  എന്നിവയുടെ  അടിസ്ഥാനത്തിലും ചികിത്സയോടും രോഗനിർണ്ണയത്തോടും രോഗപ്രതിരോധത്തോടുമുള്ള പ്രതിശക്തിയുടെയും അടിസ്ഥാനത്തിൽ  ലോകാരോഗ്യസംഘടന, പുതുതായി പ്രത്യക്ഷപ്പെടുന്ന വൈറസ് വകഭേദങ്ങളെ തരംതിരിച്ചിട്ടുണ്ട്. 

1. പ്രസക്തവകഭേദം- പ്രതികൂല പ്രത്യാഘാത സാധ്യതയുണ്ടെന്ന് സംശയിക്കുന്നവയാണ്  പ്രസക്തവകഭേദം (VoI: Variants of Interest) 

2. ആശങ്കാവകഭേദം- പ്രത്യാഘാത സാധ്യതയുണ്ടെന്ന് ഉറപ്പുള്ളവയെ ആശങ്കാവകഭേദം (VoC: Variants of Concern) എന്നിങ്ങനെ വിളിക്കുന്നു.

3. വൻപ്രത്യാഘാത വകഭേദം- ചികിത്സയോടും പ്രതിരോധത്തോടും തീരെ പ്രതികരിക്കാത്ത  വൈറസ് വകഭേദത്തെ വൻപ്രത്യാഘാത വകഭേദമെന്ന് (Variant of High Consequence) വിശേഷിപ്പിക്കുന്നു. ഇതുവരെ വൻപ്രത്യാഘാത വകഭേദങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ വൈറസ് വകഭേദങ്ങളെ ആശങ്കാ വകഭേദങ്ങളായാണ് കണക്കാക്കുന്നത്. ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ വകഭേദത്തെ ഈ വിഭാഗത്തിലാണ് പെടുത്തിയിട്ടുള്ളത്. 

ഒമിക്രോൺ വകഭേദത്തിന്റെ സ്വഭാവവും ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങളും  

ഒമിക്രോൺ വകഭേദത്തെ വിലയിരുത്തുന്നതിനായി ലോകാരോഗ്യ സംഘടന നവമ്പർ 26 ന് വിളിച്ച് കൂട്ടിയ സാങ്കേതിക ഉപദേശക സമിതി (The Technical Advisory Group on SARS-CoV-2 Virus EvolutionTAG-VE) എത്തിയിട്ടുള്ള നിഗമനം ഇതിനു മുമ്പുള്ള വകഭേദങ്ങളെക്കാൾ ഒമിക്രോൺ വകഭേദത്തിന് രോഗവ്യാപന നിരക്ക് കൂടുതലാണെന്നാണ്. ഇപ്പോൾ നടത്തുന്ന ആർ ടി പി സി ആർ ടെസ്റ്റ് വഴിതന്നെ ഈ വകഭേദം കണ്ടെത്താൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്. ആർ ടി പി സി ആർ ടെസ്റ്റിൽ കാണാൻ  കഴിയുന്ന മൂന്ന് ജീനുകളിൽ എസ് ജീൻ (S gene dropout) ഒമിക്രോണിന്റെ കാര്യത്തിൽ ഉണ്ടാവില്ല. തന്മൂലം ജനിതക പഠനത്തിന് മുൻപ് തന്നെ ഒമിക്രോൺ വ്യാപിച്ചിട്ടുണ്ടോ എന്നറിയാൻ കഴിയും. ഒമിക്രോൺ വകഭേദത്തിന് ഇപ്പോൾ നൽകിവരുന്ന വാക്സിനുകളെ അതിജീവിക്കാനുള്ള കഴിവുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ നിഗമനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ലോകാരോഗ്യ സംഘടന ഒമിക്രോൺ വകഭേദത്തിന്റെ സ്വഭാവങ്ങൾ നിരന്തരം നിരീക്ഷിച്ച് വരികയാണ്.  ഇതുവരെ ദക്ഷിണാഫ്രിക്കയിൽ നിന്നും നൂറിനടുത്തും ബോട്ട്സ്വാന 4, ഹോങ്കോങ് 2, ബെൽജിയം, ഡന്മാർക്ക്, ഇസ്രയേൽ എന്നീ രാജ്യങ്ങളിൽ നിന്നും ഒന്നുവീതവും ഒമിക്രോൺ മൂലമുള്ള കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ലോകാരോഗ്യ സംഘടനയുടെ ഇക്കാര്യത്തിലുള്ള  നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ശ്രദ്ധിക്കുക മാത്രമാണ് ചെയ്യാനുള്ളത്. ഇതനുസരിച്ച് രോഗനിർണ്ണയ പരിശോധനകളും ജനിതപഠനവും കൂടുതൽ വ്യാപകമായി നടത്തേണ്ടതാണ്. പൊതുജനങ്ങൾ കോവിഡ് പ്രതിരോധ പെരുമാറ്റചട്ടങ്ങൾ വിട്ടുവീഴ്ച്ച കൂടാതെ നടപ്പിലാക്കുകയും വേണം. അപകടസാധ്യത കൂടുതലുള്ളവർ, പ്രായാധിക്യമുള്ളവർ, മറ്റ് രോഗങ്ങളുള്ളവർ തുടങ്ങിയവര്‍ക്ക് കൂടുതൽ ശ്രദ്ധ കിട്ടേണ്ടതാണ്. ഒമിക്രോണിന്റെ കാര്യത്തിൽ കരുതൽ ശക്തിപ്പെടുത്തണം. എന്നാൽ അമിതമായ ആശങ്ക വേണ്ട എന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തലിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. ഒന്നും രണ്ടും ഡോസ് വാക്സിനേഷൻ  ത്വരിതഗതിയിൽ പൂർത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Dr. B. Ekbal

Recent Posts

Sufad Subaida 2 weeks ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 2 weeks ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More