LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പിണറായിയെ വ്യക്തിഹത്യ നടത്തുന്ന പ്രത്യയശാസ്ത്രമില്ലാത്ത ഹീനരാഷ്ട്രീയം- കെ കെ കൊച്ച്

ഉള്‍പ്പാര്‍ട്ടി സമരങ്ങളിലൂടെ നയസമീപനങ്ങള്‍ രൂപീകരിച്ച് പ്രത്യേക വഴി വെട്ടിത്തെളിച്ച പിണറായി വിജയനെ പ്രത്യയശാസ്ത്രപരമായി നേരിടാന്‍ കഴിയാത്തവരാണ് അദ്ദേഹത്തിനെതിരെ നുണപ്രചാരവണവും വ്യക്തിഹത്യയും നടത്താന്‍ ശ്രമിക്കുന്നത്. ഡോ. ആസാദ്, അഡ്വ. ജയശങ്കര്‍, സി ആര്‍ നീലകണ്ഠന്‍, ചില മഞ്ഞപ്പത്രങ്ങള്‍, യു ഡി എഫ് തുടങ്ങിയവര്‍ കൈക്കൊണ്ടിട്ടുള്ള ഈ ഹീന രാഷ്ട്രീയം സോപ്പുകുമിളകളാണ്.

കെ - റയിൽ പദ്ധതിയുടെ വിശേഷങ്ങൾ എന്ന തലക്കെട്ടില്‍- പ്രമുഖ സാമൂഹ്യ ചിന്തകനും എഴുത്തുകാരനുമായ കെ കെ കൊച്ച് എഴുതുന്ന കുറിപ്പുകളുടെ ആറാം ഭാഗമാണിത്. 

യു ഡി ഫ്, ബി ആർ പി ഭാസ്കര്‍, ഡോ. ആസാദ്, അഡ്വ. ജയശങ്കര്‍, ബഹുഭൂരിപക്ഷം മുഖ്യധാരാ മാധ്യമങ്ങള്‍, ക്രൈം, മറുനാടൻ മലയാളി പോലുള്ള മഞ്ഞ പത്രങ്ങള്‍ എന്നിവരുടെ ഹീനരാഷ്ട്രീയം  

മൂന്നാറിലെ ദൗത്യസംഘം,ചലച്ചിത്ര നടനായ മമ്മൂട്ടിയുടെ അനിധികൃതമായ ഭൂമി കൈയ്യേറ്റം കണ്ടെത്തുകയുണ്ടായി. ഇതേ കുറിച്ച് ചോദിച്ച ഡൽഹിയിലെ കേരള ഹൗസ് ജീവനക്കാരനോട് തട്ടി കയറിയ പിണറായി വിജയൻറെ രൗദ്രഭാവം അദ്ദേഹത്തിന്റെ നിയോഗത്തെയാണ് വരച്ചിടുന്നത്. ഇടത്-വലത് വ്യത്യാസമില്ലാത്ത എതിർപ്പിനെ തുടർന്ന്, മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കൽ ഏകപക്ഷീയമായി നിർത്തി വെച്ചത് പിണറായി വിജയൻറെ വിജയമായാണ് കരുതപ്പെട്ടത്. എങ്കിലും പാർട്ടിയിലെ ഗ്രൂപ്പ് മത്സരം തുടരുകയായിരുന്നു.  ഇക്കാലത്ത്, പിണറായി വിജയനെതിരായ വലുതായ  വിമർശനം ലാവ്ലിൻ അഴിമതിയാണ് . കോൺഗ്രസ് നേതൃത്വവും, സി ആർ നീലകണ്ഠൻ, ആസാദ്, കെ എം ഷാജഹാൻ എന്നിവരോടൊപ്പം ബഹുഭൂരിപക്ഷം മാധ്യമങ്ങളും കക്ഷിചേർന്ന, അഴിമതി ആരോപണത്തിൽ; രാഷ്ട്രീയത്തിന്റെ സർഗ്ഗശക്തി പ്രസ്ഥാനങ്ങൾ തമ്മിലുള്ള നയപരിപാടികളിലെ സംവാദ-വിവാദങ്ങളാണെന്ന് തിരിച്ചറിയാതെ വി.എസ് അച്യുതാനന്ദൻ പിണറായി വിരുദ്ധ കുരിശുയുദ്ധത്തിൽ കോൺഗ്രെസ്സിനോടൊപ്പമായിരുന്നു. ഈ കോൺഗ്രസ് ആഭിമുഖ്യം (വിധേയത്വം) അച്യുതാനന്ദനെ കോൺഗ്രസ് അനുഭാവിയെന്ന് മുദ്രകുത്താൻ കാരണമായെന്ന് മാത്രമല്ല, ഉൾപാർട്ടി (inner party) സമരത്തിൽ അദ്ദേഹത്തിന് വ്യക്തമായ ദിശാബോധമില്ലെന്നുള്ള വസ്തുതയുമാണ് ചൂണ്ടിക്കാട്ടിയത്.

പാർട്ടിക്കുള്ളിലെ ഗ്രൂപ്പുപോര് നിലനിന്നപ്പോൾ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വ്യക്തമായൊരു സാമ്പത്തിക നയം മുന്നോട്ടുവെക്കാൻ കഴിയാതിരുന്നതിനാലും, അടിത്തട്ടിൽ വരെ ഗ്രൂപ്പ് മത്സരം എത്തിച്ചേർന്നതിനാലുമാണ് യു ഡി എഫിന് വിജയിക്കാനും നേരിയ ഭൂരിപക്ഷത്തോടെ ഉമ്മൻചാണ്ടിക്ക് മുഖ്യമന്ത്രിയാകാനും കഴിഞ്ഞത്. ആ ഗവൺമെന്റ് അഭിമുഖീകരിച്ച വലിയൊരു ധാർമിക-സദാചാര പ്രശ്നമായിരുന്നു സോളാർ വിവാദം. ഇതിനേക്കാളുപരി നിലനിന്നത് സാമ്പത്തിക അരാജകത്വമായിരുന്നു. ധനമന്ത്രി ആയിരുന്ന കെ എം മാണി അവതരിപ്പിച്ച ബഡ്ജറ്റുകൾ പൂർണമായും നികുതി പിരിവിനെ ആശ്രയിച്ചുള്ളതായിരുന്നു. ഈ നികുതി വരുമാനം ബഹുഭൂരിപക്ഷവും വിനിയോഗിക്കപ്പെട്ടത് ശമ്പളം, പെൻഷൻ മറ്റു 'ഭരണനിർവഹണ'ചിലവുകൾ എന്നിവക്കായിരുന്നു. ഇതിനപ്പുറം ധനസമാഹരണത്തെകുറിച്ചുള്ള കാഴ്ചപ്പാടില്ലാതിരുന്ന സർക്കാർ, ജില്ലാതലങ്ങളിൽ സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടികള്‍ സംഘടിപ്പിച്ചു. അതിലൂടെ അശരണരായവർക്ക് മുഖ്യമന്ത്രി നേരിട്ട് ധനസഹായം വിതരണം ചെയ്തു. അതേസമയം ബഡ്ജറ്റുകൾ സാമ്പത്തിക സഹായം നിഷേധിച്ചതിനാൽ ബഹുഭൂരിപക്ഷം പീഡിതരായ തൊഴിൽ എടുക്കുന്നവരെ ഉൾകൊള്ളുന്ന കയർ, കശുവണ്ടി, നെയ്ത്ത് എന്നിങ്ങനെയുള്ള പരമ്പരാഗത- ചെറുകിട കൈത്തൊഴിലുകൾ പ്രതിസന്ധികളെ നേരിട്ടു. ഇതോടൊപ്പം ക്ഷേമ പെൻഷനുകൾക്ക് മുടക്കം വരുത്തുകയോ നൽകാതിരിക്കുകയോ വഴി, അടിത്തട്ടിലെ ജനങ്ങളുടെ ജീവിത ദുരന്തങ്ങൾ വർധിപ്പിച്ചു. എന്നാൽ, സാമ്പത്തിക സഹായം സർക്കാർ വാരിക്കോരി നൽകിയത് ചില സമുദായങ്ങൾക്കും പ്രദേശങ്ങൾക്കുമായിരുന്നു.

ഇതോടൊപ്പം, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തിരിച്ചറിയാതെ ബാറുകളും, ബിവറേജ് ഔട്ട്ലെറ്റുകളും പൂട്ടാനെടുത്ത തീരുമാനം, ഒരു സാമ്പത്തിക മേഖലയെ മാത്രമല്ല അനേകായിരങ്ങളുടെ ഉപജീവന മാർഗ്ഗത്തെയാണ് ഇല്ലാതാക്കിയത്. ഭരണത്തിന്റെ അവസാന നാളുകളിൽ നടന്ന ഭൂദാനങ്ങൾ കോൺഗ്രസിൽ നിന്നുമാണ് എതിർപ്പ് ക്ഷണിച്ചു വരുത്തിയത്. ഇത്തരമൊരവസ്ഥയിൽ ഗവൺമെന്റിനെതിരായ ശക്തമായ സമരങ്ങൾക്ക് നേതൃത്വം കൊടുത്തത് പിണറായി വിജയൻറെ പാർട്ടി നേതൃത്വമായിരുന്നു. അദ്ദേഹം നടത്തിയ പ്രചാരണ ജാഥകൾ, എല്ലാ ജില്ലകളിലുമുള്ള വ്യപാരികൾ, വ്യവസായികൾ, അതിസമ്പന്നരായ സംരംഭകർ എന്നിവരുടെ കൂട്ടായ്മ സൃഷ്ടിച്ചിരുന്നു. പാർട്ടി സെക്രട്ടറിയുടെ പ്രകടനം മികച്ചതായിരുന്നുന്നെങ്കിലും, പാർട്ടിക്കുള്ളിലും ബഹുജനങ്ങൾക്കിടയിലും അച്ചുതാനന്ദന്റെ സ്വാധീനം ഇല്ലാതാക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ ഈ സ്വാധീനത്തെ ഫലപ്രദമായി വിനിയോഗിക്കുക മാത്രമല്ല സമ്പന്നരെയും ജാതി-മത മേധാവികളെയും അലോസരപ്പെടുത്താനുള്ള വാഗ്ദാനങ്ങളാണ് പാർട്ടി നൽകിയത്. ഇതിന്റെയൊക്കെ ഫലമായാണ് എൽ ഡി ഫ് വൻഭൂരിപക്ഷത്തോടെ സംസ്ഥാന ഭരണത്തിലെത്തിയത്.  സംസ്ഥാന മുഖ്യമന്ത്രിയായി ചുമതലയേറ്റ പിണറായി വിജയൻറെ ആദ്യനടപടി പൂട്ടിയിട്ട ബാറുകളും, ബിവറേജ് ഔട്ട്ലെറ്റുകളും തുറക്കുകയായിരുന്നു. പിന്നീട്, തോട്ടമുടമകൾ അനധികൃതമായി കൈവശം വെച്ചിരുന്ന ഭൂമി തിരിച്ചുപിടിക്കാനുള്ള കേസ് നടത്തിയിരുന്ന സുശീല ഭട്ടിനെ പിരിച്ചു വിടുകയായിരുന്നു. മാത്രമല്ല, വിഴിഞ്ഞം തുറമുഖ നിർമാണം അംഗീകരിക്കുക വഴി അദാനി അടക്കമുള്ള  കോർപറേറ്റുകളുമായുള്ള സഖ്യവും, രവി പിള്ള, എം എ യൂസഫലി, ആസാദ് മൂപ്പൻ എന്നിങ്ങനെയുള്ള അതിസമ്പന്നരുമായുള്ള ചങ്ങാത്തവും കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന ധാരണ സൃഷ്ടിക്കാൻ പര്യാപ്തമായി. ഇത്തരം മാറ്റത്തിനെതിരെ മുൻപെന്ന പോലെ മാർക്സിസ്റ് (പിണറായി വിജയൻ) വിരോധം പറയാനല്ലാതെ യു ഡി ഫ് ന് കഴിഞ്ഞില്ല.

കുറിപ്പ്: കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ മാത്രമല്ല, ജനാധിപത്യ പാർട്ടികളിലും ഉൾപാർട്ടി സമരങ്ങളിലൂടെ നയങ്ങൾ രൂപം കൊള്ളാറുണ്ട്. റഷ്യയിൽ ബോൾഷെവിക്- യെൻഷെവിക് മത്സരവും, ഇന്ത്യയിൽ ഇന്ദിരാഗാന്ധി- മൊറാർജി ദേശായി മത്സരവും നയരൂപീകരണത്തിനു വേണ്ടിയുള്ളതായിരുന്നു. ഇതേ രാഷ്ട്രീയ വഴിയിലൂടെ സഞ്ചരിച്ചാണ് പിണറായി വിജയൻ നിലനിൽക്കുന്നത്. ഇക്കാര്യം തിരിച്ചറിയാതെയാണ്, യു ഡി ഫ് (കോൺഗ്രസ് ) മാത്രമല്ല , ബി ആർ പി ഭാസ്കറും, ഡോ. ആസാദും, അഡ്വ. ജയശങ്കറും ബഹുഭൂരിപക്ഷം മുഖ്യധാരാ മാധ്യമങ്ങളും, ക്രൈം, മറുനാടൻ മലയാളി പോലുള്ള മഞ്ഞ പത്രങ്ങളും സി പി എമ്മിനും പിണറായി വിജയനുമെതിരെ നുണപ്രചരണം നടത്തുന്നത്. രാഷ്ട്രീയപ്രശ്നങ്ങളെ പ്രത്യയശാസ്ത്രപരമായി നേരിടാൻ കഴിവില്ലാത്ത മുൻചൊന്നവർ പ്രസ്ഥാനത്തെ നിഷേധിക്കുന്നു; നേതൃത്വത്തെ'വ്യക്തിഹത്യക്ക് വിധേയമാക്കുന്നു. ഈ ഹീനരാഷ്ട്രീയം സോപ്പുകുമിളകളാണെന്ന് അനുഭവം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

തുടരും..

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Sufad Subaida 11 months ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 11 months ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Mridula Hemalatha 11 months ago
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More