LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിന്ദു അമ്മിണിക്ക് മര്‍ദ്ദനമേറ്റത് 'ഉത്തരേന്ത്യയില്‍'വച്ചല്ല കോഴിക്കോടാണ് - ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

വനിതാ ആക്ടിവിസ്റ്റായ ബിന്ദു അമ്മിണിക്കുനേരെ നിരന്തരം ആക്രമണം നടക്കുന്നതുമായി ബന്ധപ്പെട്ട് ശക്തമായ വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്നത്. കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വച്ചാണ് കഴിഞ്ഞ ദിവസം അവര്‍ക്ക് മര്‍ദ്ദനമേറ്റത്. നേരത്തെ, കോഴിക്കോട് കൊയിലാണ്ടി പൊയില്‍ കാവില്‍ ബിന്ദുവിനെ ഓട്ടോ ഇടിച്ചു വീഴ്ത്തിയിരുന്നു. കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പൊലീസുകാര്‍ നോക്കി നില്‍ക്കെ അവര്‍ക്കുനേരെ മുളക് സ്‌പ്രേ ആക്രമണം നടന്നിരുന്നു. ഓരോ സംഭവങ്ങള്‍ കഴിയുമ്പോഴും പോലീസ് കേസെടുക്കുന്നുണ്ടെങ്കിലും പ്രതികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കപ്പെടുന്നില്ലെന്നാണ് ബിന്ദു അമ്മിണി പരാതിപ്പെടുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് എഴുത്തുകാരന്‍ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പ്രതികരിക്കുന്നു:

ബിന്ദു അമ്മിണി ഒരു  പൊതുപ്രവർത്തകയാണെന്ന  പരിഗണന അവിടെ നിൽക്കട്ടെ. എൻ്റെയും നിങ്ങളുടെയും വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന ഒരു സ്ത്രീയെന്ന് തല്ക്കാലം കരുതൂ,സാർ! അവരെ ശരീര ഭാഷയിലുടനീളം ആൺകോയ്മാ ഭാഷ പ്രസരിപ്പിച്ച് കൊണ്ട് ഒരു തെമ്മാടി തല്ലുന്നു. ആളുകൾ അശ്രദ്ധമായി അത് നോക്കി നില്‍ക്കുന്നു. തല്ലുന്നതൊഴിച്ച് ബാക്കിയെല്ലാം സാധാരണമെന്ന പോലുള്ള അന്തരീക്ഷം. ആളുകൾ ശാന്തരായി നടന്നു പോകുന്നു. ബസ്സുകൾ ഓടുന്നു. കാറുകൾ ഓടുന്നു. ഇരുചക്രവാഹനങ്ങൾ ഓടുന്നു. സാമൂഹ്യ അന്തരീക്ഷത്തിന് യാതൊരു മാറ്റവുമില്ല. തെമ്മാടി അവൻ്റെ തുണിയുരിഞ്ഞ് പോകുവോളം മതിമറന്ന് മർദ്ദനം തുടരുന്നു. ആളുകൾ അശ്രദ്ധമായി നോക്കി നില്ക്കുന്നു. തല്ലുന്നവനെ തലോടും പോലെ തടയുന്നത് തുടരുന്നു. കണ്ടു നില്ക്കുന്ന ജനം.

ഇത് ഉത്തരേന്ത്യയല്ല. കോഴിക്കോടാണ്. എൻ്റെ നാടിനെക്കാൾ അഭിമാനപൂർവ്വം ഞാൻ പറയാറുള്ള കോഴിക്കോട്. പതിനെട്ട് വർഷം ഞാൻ ജീവിച്ച നാടാണത്. എൻ്റെ ഓർമ്മയിലും ധാരണയിലും ഇത് കോഴിക്കോടിൻ്റെ സ്വഭാവമല്ല. മാലിന്യം വൃത്തിയാക്കുന്നതിനിടയിൽ, ഊരും പേരു മറിയാത്ത, ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഏതോ സംസ്ഥാനത്തിലെ ഏതോ പാവം മനുഷ്യരെ രക്ഷിക്കാൻ മുൻ പിൻ നോക്കാതെ മാൻഹോളിലേക്കിറങ്ങി രക്തസാക്ഷിയായ ഓട്ടോഡ്രൈവർ നൗഷാദിൻ്റെ നാടാണത്. ആ നാട് തന്നെ ഫാസിസത്തിൻ്റെ പ്രതീകാത്മക ആക്രമണത്തിന് തിരഞ്ഞെടുത്തു എന്നത് യാദൃച്ഛികമാണെന്ന് കരുതാനാവുന്നില്ല.

നാം സഞ്ചരിക്കുന്ന കാലം എത്ര പെട്ടെന്നാണ് പുറംതോടിളക്കി പുറത്ത് വരുന്നത്? നാം  നേടിയെടുത്ത മാനവികമായ സാമൂഹ്യ സങ്കല്പങ്ങൾ, രാഷ്ട്രീയാവബോധങ്ങൾ ഇവയെല്ലാം നമ്മെയും വലിച്ച് ഏത് കടലിലേക്കാണ്  കൊണ്ടു പോകുന്നത്? 

ബിന്ദു അമ്മിണിയെ അതിക്രൂരമായി മർദ്ദിച്ച ഈ കടൽത്തീരത്തിൻ്റെ അത്രയൊന്നും ദൂരെയല്ല, കോഴിക്കോട് ആകാശവാണി. ഉറൂബും പി. ഭാസ്ക്കരനും കെ. രാഘവനും അവിടെ ജോലി ചെയ്തിട്ടുണ്ട്. മലയാളിക്ക് 1954 ലെ ദേശീയ പുരസ്ക്കാരം കിട്ടിയ  നീലക്കുയിൽ സിനിമയുടെ ചർച്ചയ്ക്ക് തുടക്കമിടുന്നത് ഈ സ്ഥലത്ത് വെച്ചാണ്. നീലി എന്ന ദളിത് നായിക പിറക്കുന്നത്  അവിടെ നിന്നാണ്.സമൂഹത്തിൻ്റെ ദുഷിച്ചസവർണ ബോധത്താൽ   നീതി നിഷേധിക്കപ്പെട്ട നീലിയുടെ ജീവിത കഥയാണ് നീലക്കുയിലിലെ പ്രമേയം. 1954ൽ നിന്ന് 2022ലെത്തുമ്പോൾ നമ്മുടെ കൈയിലുള്ളതെന്താണെന്ന് കൂടി ഈ നവോത്ഥാന കേരളം ഒന്ന് പരതി നോക്കുന്നത് നല്ലതാണ്.

രണ്ടാമത്തെ കാര്യം: ആക്രമണം  ആസൂത്രണ സ്വഭാവത്തിൽ നടത്തിയെന്ന പ്രബലമായ പരിസര സാഹചര്യം. പോലീസ് ഈ വിഷയത്തെ കൈകാര്യം ചെയ്ത രീതിയെപ്പറ്റി ബിന്ദു അമ്മിണി പറയുന്ന പ്രസക്തമായ കാര്യങ്ങൾ. ഇവയ്ക്ക് ഭരണകൂടത്തിൽ നിന്ന് എന്തെങ്കിലും കാര്യമായ നടപടികൾ ഉണ്ടാകില്ലെന്ന് മുൻ അനുഭവങ്ങൾ വെച്ച് അവർ ആവർത്തിച്ച് പറയുന്ന കാര്യങ്ങൾ.

അരാഷ്ട്രീയതയുടെ വേലിയേറ്റം വർധിക്കുന്നു എന്നു മാത്രം ഇവ പഠിപ്പിക്കുന്നു. നാം മൂകരാണ്. ബധിരരാണ്. നാറ്റം വമിക്കുന്ന വേസ്റ്റിൽ നിന്ന് നമുക്ക് ആവശ്യമുള്ളത് മാത്രം കണ്ടെത്തുന്ന അവസര ബാധിതരായ തുരപ്പന്മാരായി നമ്മെ ആരോ  മാറ്റിക്കൊണ്ടിരിക്കുന്നു. തലച്ചോറടിമകൾക്കും ശുന്യ തലച്ചോറുകൾക്കും ജീവിക്കാൻ കഴിയുന്ന ഒരിടമായി മാറിക്കൊണ്ടിരിക്കുന്നു.വ്യക്തിയുടെ ഉയർന്ന രാഷ്ട്രീയ ചിന്തകൾ ഇന്നത്തെ അവസ്ഥയിൽ സാധ്യമല്ലാതായിത്തീർന്നിരിക്കുന്നു. കക്ഷിരാഷ്ട്രീയ നാടകങ്ങൾ സംശുദ്ധ രാഷ്ട്രീയത്തെ മായ്ച്ചു കൊണ്ടിരിക്കുന്നു. പുച്ഛിച്ച് കൊണ്ടിരിക്കുന്നു. എന്നിട്ടും നാം രാഷ്ട്രീയ പ്രബുദ്ധരെന്ന് പറയുന്നു!. ദലിതർ, പിന്നോക്ക സമൂഹങ്ങൾ ഇവരുടെ മരുഭൂമിയിൽ ഉഷ്ണം പൂത്ത് കൊണ്ടിരിക്കുന്നു. നാം ഇതെല്ലാം സാധാരണമെന്ന് വിചാരിച്ച് തുടങ്ങിയിട്ടുണ്ട്. കേരളം ഏറെ താമസിയാതെ ഉത്തരേന്ത്യൻ അരക്ഷിത ശൈലിയിലേക്ക് വരും.  അസ്വഭാവികമായ ശീലങ്ങളോട് സമൂഹത്തിൻ്റെ പെരുമാറ്റങ്ങളെ ബന്ധിപ്പിക്കുക എന്നതാണ് ഫാസിസത്തിൻ്റെ ഏറ്റവും വലിയ അധ്യായം. രാഷ്ട്രീയ വിദ്യാഭ്യാസം പോകട്ടെ, ഒരല്പം ലജ്ജയെങ്കിലും!...

ഇത്രയേ ചോദിക്കാനുള്ളൂ - ഫാസിസ്റ്റ് മുട്ടകൾക്ക്  നിയമത്തിൻ്റെ വ്യാജ ചിറകുകളുമായി ഇങ്ങനെ നിരന്തരം  അടയിരിക്കുന്നത് ആരാണ്? എന്ത് കൊണ്ടിത് നിരന്തരം സംഭവിക്കുന്നു?

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More