തമിഴ് സിനിമാ താരം ധനുഷും സംവിധായകയും സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ മകളുമായ ഐശ്വര്യയും വിവാഹമോചിതരാവുന്നു. 18 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് വേര്‍പിരിയല്‍. വിവാഹമോചിതരാവുന്ന വിവരം ഇരുവും സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. പരസ്പരമുളള മനസിലാക്കലിന്റെയും വളര്‍ച്ചയുടെയും കാലമായിരുന്നു കഴിഞ്ഞുപോയതെന്നും ഇപ്പോള്‍ ഞങ്ങള്‍ക്ക് വഴിപിരിയേണ്ട സമയമായെന്നും ധനുഷും ഐശ്വര്യയും പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
'സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും പരസ്പരം വെല്വിഷേഴ്സായും 18 വര്‍ഷത്തെ ഒരുമിച്ചുളള ജീവിതം. വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും പൊരുത്തപ്പെടലിന്റെയും ഒത്തുപോകലിന്റെയും യാത്രയായിരുന്നു അത്. ഇപ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്നത് ഞങ്ങളുടെ വഴികള്‍ പിരിയുന്നിടത്താണ്. പങ്കാളികളെന്ന നിലയില്‍ വേര്‍പിരിയാനും വ്യക്തികളെന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്കുവേണ്ടി സമയം കണ്ടെത്താനുമാണ് തീരുമാനം. ഈ തീരുമാനത്തെയും ഞങ്ങളുടെ സ്വകാര്യതയെയും മാനിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുകയുമാണ് '- എന്നാണ് ധനുഷും ഐശ്വര്യയും പങ്കുവെച്ച കുറിപ്പ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ആറ് മാസത്തെ പ്രണയത്തിനൊടുവില്‍ 2004 നവംബര്‍ 18-നായിരുന്നു ഐശ്വര്യയും ധനുഷും വിവാഹിതരായത്. അന്ന് ധനുഷിന് 21 ഉം ഐശ്വര്യക്ക് 23 ഉം ആയിരുന്നു പ്രായം. രജനീകാന്തിന്റെ മൂത്ത മകളായ ഐശ്വര്യ പിന്നണി ഗായികയായാണ് സിനിമയിലെത്തുന്നത്. 2003-ല്‍ വിസില്‍ എന്ന ചിത്രത്തില്‍ പാടിയ ഗാനമാണ് ആദ്യമായി റിലീസായത്. ഐശ്വര്യ ആദ്യമായി സംവിധാനം ചെയ്ത 3 എന്ന ചിത്രത്തില്‍ ധനുഷായിരുന്നു നായകന്. 2002-ലാണ് ധനുഷ് സിനിമയിലേക്കെത്തുന്നത്. പിതാവ് കസ്തൂരിരാജ സംവിധാനം ചെയ്ത തുളളുവതോ ഇളമൈ ആണ് ധനുഷിന്റെ ആദ്യ ചിത്രം. 2003-ല്‍ പുറത്തിറങ്ങിയ തിരുടാ തിരുടി എന്ന ചിത്രമാണ് ധനുഷിനെ തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയനാക്കിയത്. അത്രംഗി രേ ആണ് ധനുഷ് ഒടുവില്‍ അഭിനയിച്ച ചിത്രം.