LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗാന്ധിജിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കാളിചരണ്‍ മഹാരാജിനെതിരെ വീണ്ടും കേസ്; 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

മുംബൈ: മഹാത്മാഗാന്ധിയെ അതിക്ഷേപിച്ചും ഗോഡ്‌സെയെ പുകഴ്ത്തിയും വിദ്വേഷ പരാമര്‍ശം നടത്തിയ ആള്‍ദൈവം കാളിചരണ്‍ മഹാരാജിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മഹാരാഷ്ട്ര താനെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. സമാനമായ കേസില്‍ ജയിലില്‍ കഴിയുന്ന ഇയാളെ റായ്പൂരില്‍ വെച്ചാണ് നൗപാദ പൊലീസ് അറസ്റ്റ് ചെയ്തത്. എന്‍ സി പി നേതാവ് ജിതേന്ദ്ര അവ്ഹാദിന്റെ പരാതിയിലാണ് കാളിചരണിനെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ച രാത്രിയോടെ അറസ്റ്റ് ചെയ്ത കാളിചരണിനെ വ്യാഴാഴ്ച്ച ട്രാന്‍സ്മിറ്റ് റിമാന്‍ഡിലൂടെ താനെയില്‍ എത്തിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കാളിചരണ്‍ മഹാരാജ് മഹാത്മാഗാന്ധിക്കെതിരെ അതിക്ഷേപകരമായ പ്രസംഗം നടത്തിയത്. ചത്തീസ്ഗഡില്‍ നടന്ന ധര്‍മ്മ സന്‍സാദിലായിരുന്നു ഇയാളുടെ വിദ്വേഷ പ്രസംഗം.  മഹാത്മാഗാന്ധിയെ അപമാനിച്ച് സംസാരിച്ചതിന് വിവിധ സംസ്ഥാനങ്ങളിലായി നിരവധി കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗാന്ധിജി രാജ്യത്തെ നശിപ്പിച്ചു, അദ്ദേഹത്തെ കൊന്ന ഗോഡ്‌സെക്ക് അഭിവാദ്യങ്ങള്‍ എന്നായിരുന്നു ഇയാളുടെ വിവാദ പരാമര്‍ശം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഗാന്ധിജി ഹിന്ദുക്കള്‍ക്കായി എന്താണ് ചെയ്തിട്ടുളളത്. അദ്ദേഹത്തെ ഞാന്‍ രാഷ്ട്രപിതാവെന്ന് വിളിക്കില്ല. ഗാന്ധിജിയുടെയും നെഹ്രുവിന്റെയും രാഷ്ട്രീയമില്ലായിരുന്നുവെങ്കില്‍ ഇന്ത്യ അമേരിക്കയേക്കാള്‍ വലിയ ശക്തിയായി മാറുമായിരുന്നു. ലക്ഷക്കണക്കിനുപേര്‍ വിഭജനത്തിനിടെ കൊല്ലപ്പെട്ടു. ഇന്ത്യയുടെ സമാധാനത്തിനെതിരായിരുന്നു ഗാന്ധിജിയുടെ സമരം. സത്യം പറയുന്നതിന്റെ പേരില്‍ മരിക്കേണ്ടിവന്നാലും ഖേദിക്കില്ല' എന്നാണ് കാളീചരണ്‍ പറഞ്ഞത്. വിവാദ പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തു എന്നറിഞ്ഞപ്പോഴും പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാനോ മാപ്പുപറയാനോ ഇയാള്‍ തയ്യാറായില്ല. ഗാന്ധിജിയെ വെറുക്കുന്നത് തുടരുമെന്നും പറഞ്ഞ കാര്യങ്ങളില്‍ ഖേദമില്ലെന്നുമായിരുന്നു കാളീചരണ്‍ പറഞ്ഞത്.

Contact the author

National Desk