LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ റെയിൽ: അന്തര്‍ഹിതമായിരിക്കുന്ന വസ്തുതകള്‍- കെ കെ കൊച്ച്

കെ റെയിലിന്റെവിശേഷങ്ങൾ - 13 

കെ റെയിലിനെ ഒരു വികസന പദ്ധതിയായി മുന്നോട്ടുവയ്ക്കുന്നത് സർക്കാരാണ്. അതാകട്ടെ ആഗോള മൂലധനതാൽപ്പര്യങ്ങൾക്ക് വിധേയമായി കോർപ്പറേറ്റ് സ്ഥാപനമേധാവിത്വം നിർമിച്ചതുമാണ്.  (ഇത്തരം പദ്ധതികൾ ഉപേക്ഷിക്കാൻ സർക്കാരിന് കഴിയുമോ എന്ന് തുടർന്നുള്ള ഭാഗങ്ങളിൽ വിശദമാക്കുന്നുണ്ട്.) കെ റെയിൽ പദ്ധതിയുൾപ്പെടെ ഏത് സർക്കാർ നടപടികളെയും വിമർശിക്കാനോ അനുകൂലിക്കാനോ എതിർക്കാനോ ഒരു ജനാധിപത്യ സമൂഹത്തിൽ പൗരസമൂഹത്തിന് അവകാശമുണ്ട്. സാധാരണ പൗരരിൽ നിക്ഷിപ്തമായ അവകാശമല്ല പരിഷത്തിനുള്ളത്. കാരണം സാധാരണജനങ്ങളുടെ അനുഭവസാക്ഷ്യങ്ങൾക്കപ്പുറം വസ്തുതകളെ യുക്തിഭദ്രമായും ശാസ്ത്രീയമായും വിശകലനംചെയ്ത് നിഗമനങ്ങളിൽ എത്തുകയാണ് വേണ്ടത്.  ഈ മാർഗം അവലംബിക്കുന്നതുകൊണ്ടാണ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചുമാറ്റി ശാസ്ത്രം മാനവരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് മാർഗ്ഗദർശകമാകുന്നത്. ഇപ്രകാരമൊരു സമീപനത്തിന് മാതൃകയാണ് മുല്ലപ്പെരിയാർ. സംസ്ഥാനത്തെ ഒരു മന്ത്രി ഉറങ്ങാൻ കഴിയുന്നില്ലെന്ന് നെഞ്ചത്തടിച്ച് ആരംഭിച്ച വിലാപത്തോടെയാണ് മുല്ലപ്പെരിയാറിനെതിരായി ജനകീയ സമരം ആരംഭിക്കുന്നത് .

സർക്കാർ 'തമിഴ്നാടിന് വെള്ളം കേരളത്തിന് സുരക്ഷ' എന്ന കാര്യം ഉയർത്തിപ്പിടിച്ചപ്പോൾ  പണ്ഡിതന്മാരാകട്ടെ ഋഗ്വേദകാലം മുതലുള്ള ഡാമുകളുടെ ചരിത്രമാണ് വിശദമാക്കിയത്. മറ്റൊരു വിഭാഗം പരിസ്ഥിതിവാദികളാകട്ടെ മുല്ലപ്പെരിയാർ അടക്കം ഭൂഗോളത്തിലുള്ള വൻഡാമുകളെല്ലാം പൊട്ടിച്ചുകളയണമെന്ന് വാദിച്ചു. ഇനിയുമൊരുകൂട്ടർ പുതിയഡാമിന് വേണ്ടിയാണ് നിലകൊണ്ടത്. ഇത്തരം പാണ്ഡിത്യപ്രകടനങ്ങൾക്ക് കൊഴുപ്പുകൂട്ടാൻ 'മുല്ലപ്പെരിയാർ ഡാം പൊട്ടി നാല് ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ അറബിക്കടലിൽ പതിക്കു'മെന്ന് പ്രചരിപ്പിച്ചു. ഭയചകിതരായ ജനങ്ങൾ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജാതിമതഭേദമെന്യേ പ്രചാരണരംഗത്തും സമരരംഗത്തും അണിനിരന്നു. ചപ്പാത്തിൽ നടന്ന സുകുമാർ അഴീക്കോട് പങ്കെടുത്ത സമ്മേളനത്തിൽ ഞാനുമുണ്ടായിരുന്നു. കൂടാതെ ഡോ.സി. പി. റോയി നിർദ്ദേശിച്ച പരിഹാരമാർഗത്തിന് പ്രചാരകനുമായി. സുപ്രീംകോടതി ജസ്റ്റിസ് കെ.ടി തോമസ് ഉൾപ്പെടുന്ന ഒരു വിദഗ്ധസംഘത്തിന്റ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ മുല്ലപ്പെരിയാർ ഡാമിന് ബലക്ഷയം ഇല്ലെന്ന് അഭിപ്രായപ്പെട്ടു. സുപ്രീംകോടതിയുടെ അഭിപ്രായം ശരിവയ്ക്കുന്നവിധം രണ്ട് മഹാപ്രളയങ്ങളെയാണ് മുല്ലപ്പെരിയാർഡാം അതിജീവിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത് സാധാരണ ജനങ്ങൾക്കിടയിൽ നട്ടുവളർത്തുന്ന ഭീതിയും സംശയവും ദൂരീകരിക്കാൻ ശാസ്ത്രീയപഠനമാർഗ്ഗങ്ങൾ അവലംബിക്കണമെന്നാണ്.

കെ റെയിൽ പദ്ധതിയിൽ അന്തർഹിതമായിരിക്കുന്ന വസ്തുതകൾ എന്തൊക്കെയാണ് ?

മുഖ്യമായ പ്രശ്നം കുടിയൊഴിപ്പിക്കലാണ്. കൂടാതെ ആസൂത്രണം ശാസ്ത്രസാങ്കേതിക ജ്ഞാനത്തിന്റ വിനിയോഗം, പരിസ്ഥിതിപ്രശ്നം, ധനവിനിയോഗം, വിദഗ്ധ / അവിദഗ്ധ തൊഴിലുകളുടെ വിന്യാസം എന്നിവയാണ്. ഇത്തരം കാര്യങ്ങളുടെ സൂക്ഷ്മതലങ്ങൾ സിട്ര പോലൊരു കൺസൾട്ടിംഗ് ഏജൻസി കണക്കിലെടുക്കേണ്ടതില്ല. കാരണം അവരുടെ മുഖ്യകടമ വായ്പ നൽകുന്ന സ്ഥാപനത്തിന്റ താൽപര്യങ്ങളുടെ സംരക്ഷണമാണ്. ഈ ഏജൻസിയുടെ നിർദ്ദേശങ്ങൾക്ക് ഭേദഗതി വരുത്താനും കുറ്റമറ്റതാക്കാനും സംസ്ഥാന ഗവൺമെന്റിന് ബാധ്യതയുണ്ട്. അതുകൊണ്ട് മണ്ണും മനുഷ്യരുമായി ബന്ധമുള്ള, സംസ്ഥാന ആസൂത്രണ ബോർഡ് NATPAC, NCESS, CWRDM,KFRI എന്നീ ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെ നിർദ്ദേശങ്ങളോടൊപ്പം അന്തർവൈജ്ഞാനിക ചർച്ചകളും പ്രവർത്തനങ്ങളും വേണമെന്ന് ആർ. വി. ജി. മേനോനും ടി പി കുഞ്ഞിക്കണ്ണനും (മാതൃഭൂമി ആഴ്ചപ്പതിപ്പ് ലക്കം 35) അഭിപ്രായപ്പെടുന്നത്.

ഇപ്രകാരമൊരു നേരായമാർഗ്ഗം കീശയിലിട്ട് ഇരുലേഖകൻമാരും ബ്രോഡ്ഗേജ്/ സ്റ്റാൻഡേർഡ്ഗേജ് ചർച്ചയിൽ അക്കമിട്ടുള്ള പരിഹാര മാർഗങ്ങളാണ് നിരത്തിയിരിക്കുന്നത്. ഇത്തരം നിഗമനങ്ങളുടെ ഉപാദാനങ്ങൾ (source materials) ഏത് പഠനഗവേഷണങ്ങളിൽ നിന്നാണെന്ന് ആരും വ്യക്തമാക്കിയിട്ടുമില്ല. മുൻചൊന്ന നിലപാടുകളിൽ നിന്നും ഭിന്നമായി ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെയും ഗവേഷകരുടെയും കഴിവുകൾ സമൂഹ പുനർനിർമ്മിതിക്ക് ആധാരമാക്കുകയാണ് വേണ്ടത്. പരിഷത്തിനെപോലൊരു പ്രസ്ഥാനം ഈ കടമ നിർവഹിക്കാതിരിക്കുന്നതനാൽ ഗവേഷണബിരുദങ്ങൾ കേവലം കണ്ടക്ടർ ജോലിയുടെയോ ക്ലറിക്കൽ ജോലിയുടെയോ അധിക യോഗ്യതയായി മാറിയിരിക്കുന്നു. എന്നാൽ വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക മുന്നേറ്റത്തിന്നടിസ്ഥാനം ഗവേഷണമാണെന്ന കാര്യം പരിഷത്ത് അറിഞ്ഞിട്ടില്ലേ? ലോകത്ത് അതിദ്രുതം വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ്ഘടനയുള്ള ചൈന ഗവേഷണത്തിനു വേണ്ടി വിനിയോഗിക്കുന്നത് ജി ഡി പിയുടെ 1. 4 ശതമാനമാണ് (കെ. സേതുരാമൻ, മലയാളത്തിന്റെ ഭാവി ). ഇന്ത്യയുടേതാകട്ടെ .08 ശതമാനമാണ് അതുകൊണ്ടാണ് സമ്പദ്ഘടന ശാസ്ത്രസാങ്കേതിക ജ്ഞാനമുൾക്കൊള്ളാതെ ആദിശങ്കരന്റെ കാലത്തുതന്നെ ഇന്നും നിൽക്കുന്നത്.

പരിഷത്തിന്റെ നിർദ്ദേശങ്ങൾ സർക്കാർ സ്വീകരിച്ചില്ലെങ്കിൽ, ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെയും വിവിധരംഗങ്ങളിലെ ഗവേഷകരുടെയും അറിവുകളെ പ്രയോജനപ്പെടുത്തി സമഗ്രമായൊരു പഠനം  അവതരിപ്പിക്കാൻ  സംഘടനയ്ക്ക് കഴിയുമായിരുന്നു. ഇപ്രകാരമൊരു പഠനം നടത്തിയിരുന്നെങ്കിൽ എത്രമാത്രം ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നും ഈ ഭൂമി പറമ്പ്, നിലം, കുന്ന്, ജലാശയങ്ങൾ എന്നിങ്ങനെ തരംതിരിച്ച് വ്യക്തമായൊരു ചിത്രം നൽകാൻ കഴിയുമായിരുന്നു. മാത്രവുമല്ല കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വിവിധ സാമൂഹ്യ ശ്രേണിയിലുള്ള ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളും മനസ്സിലാക്കാനും, കിടപ്പാടവും മറ്റും നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിനാവശ്യമായ ഭൂമിയുടെ ലഭ്യതയും അതിനുവേണ്ട പ്രതിഫലവും ചൂണ്ടിക്കാട്ടാനും കഴിയുമായിരുന്നു. പരിസ്ഥിതിലോലപ്രദേശങ്ങൾ ജലസ്രോതസ്സുകൾ സസ്യജാലങ്ങൾ എന്നിവയെക്കുറിച്ചും വ്യക്തമായൊരു ചിത്രം ലഭിക്കുമായിരുന്നു.

മറ്റൊരു പ്രധാന കാര്യം മുൻചൊന്ന പ്രദേശങ്ങളെ നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നും ഒഴിവാക്കുകയല്ല, മറിച്ച് അനുയോജ്യമായ നിർമ്മാണരീതികൾ നിർദേശിക്കുകയാണ് വേണ്ടത്. ലോകത്തെ ഏറ്റവും പ്രളയസാധ്യതയുള്ള ചൈനയും ഭൂകമ്പ സാധ്യതയുള്ള ജപ്പാനും ചുഴലിക്കാറ്റിന്റ കെടുതികൾ നേരിടുന്ന അമേരിക്കയും മണ്ണിടിച്ചിൽ നിരന്തരം സംഭവിക്കുന്ന വടക്കുകിഴക്കൻ ഇന്ത്യയും ആവശ്യപ്പെടുന്നത് പ്രദേശങ്ങൾക്ക് അനുസൃതമായ നിർമ്മാണരീതികളാണ്. ഇത്തരം പ്രതികൂല അവസ്ഥകളിൽ മനുഷ്യജീവിതം സാധ്യമാക്കാനാണ് ശാസ്ത്രത്തെ വിനിയോഗിക്കേണ്ടത്. പരിഷത്ത് പ്രസിദ്ധീകരിച്ച 'കേരളപഠനങ്ങൾ 2004' കേരളത്തിലെ സമൂഹഘടനയെക്കുറിച്ചുള്ള തെളിവുകളുളള അറിവുകളാണ് നൽകിയത്. ആ വെളിച്ചത്തിൽ കേരളത്തിലെ സാമുദായിക- സാമൂഹിക- രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ആശയപരമായി പുനഃസംഘടിപ്പിക്കാൻ കഴിഞ്ഞു. അതേസമയം കെ റെയിലിന്റെ കാര്യത്തിൽ സംഭവിച്ചതെന്താണ് ?

(കുറിപ്പ്: മുമ്പൊരിക്കൽ ഗാന്ധിജിയുടേയും ഡോ.ബി. ആർ അംബേദ്കറുടെയും വസ്ത്രധാരണത്തെക്കുറിച്ച് സിവിക് ചന്ദ്രൻ ഒരു ലേഖനം എഴുതിയിരുന്നു. പ്രസ്തുത ലേഖനത്തോട് പ്രതികരിച്ചുകൊണ്ട് കെ സുനിൽകുമാർ പത്രാധിപരായ മാസികയിൽ ഞാനെഴുതിയ പ്രതികരണത്തിൽ ചൂണ്ടിക്കാണിച്ചതിപ്രകാരമാണ്, കോട്ടും സൂട്ടും ധരിച്ച ഗാന്ധിജിക്ക് ഇന്ത്യയിലെ അർദ്ധനഗ്നരായ ജനങ്ങളിലൊരാളാകാൻ അർത്ഥനഗ്നമായ വേഷം ആവശ്യമായിരുന്നു. ഡോ. അംബേദ്കറെ സംബന്ധിച്ചിടത്തോളം നാമമാത്ര വസ്ത്രധാരികളായ സ്വന്തം ജനങ്ങളെ പരിഷ്കൃത വസ്ത്രധാരണത്തിലേക്ക് നയിക്കാൻ കോട്ടും സൂട്ടും ധരിക്കേണ്ടതുണ്ടായിരുന്നു. ഈ നിലപാട് തന്നെയാണ് എനിക്കിപ്പോഴുമുള്ളത്)


Contact the author

Recent Posts

Sufad Subaida 11 months ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 11 months ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Mridula Hemalatha 11 months ago
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More