വാഷിംഗ്‌ടണ്‍: യുദ്ധഭീക്ഷണി നിലനില്‍ക്കുന്ന ഉക്രൈന് പിന്തുണയുമായി യു എസ് സെനറ്റ്. കഴിഞ്ഞ ദിവസമാണ് റഷ്യക്കെതിരെ യു എസ് സെനറ്റ് പ്രമേയം പാസാക്കിയത്. ഏതാനും ദിവസങ്ങൾക്കുളളിൽ ഉക്രൈനെതിരെ റഷ്യയുടെ ആക്രമണമുണ്ടാകുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് യുഎസ് സെനറ്റ് പ്രമേയം പാസാക്കിയത്. സ്വതന്ത്രവും സുരക്ഷിതവുമായി ഉക്രൈനെ നിലനിര്‍ത്താനാണ് തങ്ങള്‍ പ്രമേയം പാസാക്കിയത്. റഷ്യക്കെതിരെ എതിർപ്പുകളില്ലാതെ ഐക്യകണ്ഠമായാണ് ഈ തീരുമാനം കൈകൊണ്ടതെന്നും യു എസ് നിയമനിര്‍മ്മാണസഭ പറഞ്ഞു. യുദ്ധത്തിനില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന റഷ്യ അതിര്‍ത്തിയില്‍ നിന്നും സൈനീക പിന്മാറ്റത്തിന് തയ്യാറാകുന്നില്ലെന്നും സെനറ്റ് കൂട്ടിച്ചേര്‍ത്തു. റഷ്യ സൈന്യത്തെ വിന്യാസിപ്പിച്ചിരിക്കുന്നതിനാല്‍ ഏത് സമയവും ആക്രമണത്തിന് റഷ്യൻ പ്രസിഡന്റ് വ്ളാടമിർ പുടിൻ പദ്ധതിയിടുമെന്ന് അമേരിക്കൻ ഔദ്യോഗിക വൃത്തങ്ങൾ ഉക്രൈന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, ഉക്രൈനില്‍ കഴിഞ്ഞ ദിവസം ഷെല്ലാക്രമണം നടന്നതായി യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമെത്രൊ കുലേബയും സ്ഥിരീകരിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഉക്രൈന്‍റെ കിഴക്കന്‍ മേഖലയിലെ സ്‌കൂളിന് സമീപമാണ് ഷെല്ലാക്രമണമുണ്ടായത്. ആക്രമണത്തില്‍ 2 സൈനികര്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ആക്രമണത്തില്‍ പിന്നില്‍ റഷ്യയാണെന്ന സംശയവുമായി നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റേള്‍റ്റന്‍ബര്‍ഗും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉക്രൈനില്‍ നടന്ന സൈബര്‍ ആക്രമണത്തില്‍ പ്രതിരോധമന്ത്രാലയത്തിന്റെയും ബാങ്കുകളുടെയും വെബ്സൈറ്റുകളും പ്രവര്‍ത്തനരഹിതമായിരുന്നു. ഇതിന് പിന്നില്‍ റഷ്യയാണെന്നാണ് ഉക്രൈന്‍ ആരോപിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യുദ്ധഭീക്ഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയും അമേരിക്കയും പൗരന്മാരോട് സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ച് വരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും പൗരന്മാരോട് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് സഹായം ആവശ്യമാണെങ്കില്‍ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 25,000 ത്തോളം ഇന്ത്യക്കാര്‍ ഉക്രൈനിലുണ്ടെന്നാണ് വിവരം. ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്.