LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിപിഎം: ഇടതുശാഠ്യമുപേക്ഷിക്കലി'ന്റെ ആദ്യഘട്ടം പൂര്‍ത്തീകരിക്കപ്പെട്ടു- ഡോ ആസാദ്

സി പി ഐ എം, പതിനാറാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായി നടന്ന സംസ്ഥാന സമ്മേളനത്തോടെ തുടക്കമിട്ട 'കാലാനുസൃത നവീകരണ'ത്തിന്റെ അഥവാ 'ഇടതുശാഠ്യമുപേക്ഷിക്കലി'ന്റെ ആദ്യഘട്ടം പൂര്‍ത്തീകരിക്കപ്പെടുന്നു എന്നതാണ് എറണാകുളം സമ്മേളനത്തിന്റെ പ്രാധാന്യം. രണ്ടായിരാമാണ്ട് പാര്‍ട്ടി പരിപാടി പുതുക്കി ശിലയിട്ട നവീകരണം പുതിയ കേരള വികസന നയരേഖയില്‍ എത്തിച്ചേര്‍ന്നു എന്നതും ഈ സമ്മേളനത്തിന്റെ സവിശേഷതയാണ്. 

വികസന രാഷ്ട്രീയം പ്രഖ്യാപിച്ചു പ്രവര്‍ത്തന നിരതമാകുന്ന ഒരു പാര്‍ട്ടിക്ക് ലഭിക്കാവുന്ന ഉജ്ജ്വലമായ സംഘടനാ നേതൃത്വമാണ് സിപി എമ്മിന്റെ സംസ്ഥാന കമ്മറ്റിക്കു കിട്ടിയത്. സെക്രട്ടറിയേറ്റിലെ യുവമുഖങ്ങളുടെ രാഷ്ട്രീയ സര്‍ഗശേഷിയും  ട്രേഡ് യൂണിയന്‍ പിടിവാശി പ്രകടിപ്പിക്കുന്ന നേതാക്കളുടെ അഭാവവും പുതിയ വികസന വഴിയില്‍ പാര്‍ട്ടിക്ക് നേട്ടമാകും. കേരളത്തില്‍ മറ്റൊരു പാര്‍ട്ടിക്കും അവകാശപ്പെടാന്‍ കഴിയാത്തത്ര കരുത്തുറ്റ നേതൃനിരയാണ് ഇപ്പോള്‍ സി പി എമ്മിന്റേത്. വര്‍ഗ രാഷ്ട്രീയ ശാഠ്യങ്ങളും വര്‍ഗസമര  ഊന്നലുകളും സിദ്ധാന്തബദ്ധ വായാടിത്തവും മറികടന്ന് വികസന രാഷ്ട്രീയത്തിന്റെ നവലോകം പണിയാന്‍ നിശ്ചയിക്കുമ്പോള്‍ സകല വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും അടിത്തറയാണ് തകര്‍ന്നു തുടങ്ങിയത്. അവയുടെ നിലനില്‍പ്പു സാദ്ധ്യതകള്‍ക്ക് കനത്ത ആഘാതം ഏറ്റുകഴിഞ്ഞു. 'കാലാഹരണപ്പെട്ട' തത്വങ്ങള്‍ ഒട്ടും ഗൃഹാതുരത കൂടാതെ ഉപേക്ഷിക്കാന്‍ കഴിയുക എളുപ്പമല്ലല്ലോ. ആ പരീക്ഷണത്തെ രണ്ടര പതിറ്റാണ്ടുകൊണ്ട് പാര്‍ട്ടി വിജയകരമായി തരണം ചെയ്തു.

ഇത്ര വര്‍ഷംകൊണ്ട് സോഷ്യലിസം കൊണ്ടുവരാം എന്നു വാഗ്ദാനം വെച്ചുനീട്ടാവുന്ന കാലമല്ല ഇതെന്ന് ആര്‍ക്കാണ് അറിയാത്തത്? അപ്പോള്‍പിന്നെ ഏറ്റവും പ്രായോഗികമായ ഒരു വികസന ലക്ഷ്യം ആവിഷ്കരിക്കുന്നതാണല്ലോ ഫലപ്രദം. കോര്‍പറേറ്റ് മുതലാളിത്ത ഘട്ടത്തില്‍ ചില ഇടത്താവളങ്ങള്‍ ആവശ്യമാകും. അതു മഹത്തായ വിപ്ലവ ലക്ഷ്യത്തെ ദുര്‍ബ്ബലപ്പെടുത്തുമെന്ന് ധരിക്കരുത്. തറ വിശാലമാകുമ്പോള്‍ പോരാട്ടത്തിനു വീറു കൂടുകയേയുള്ളു. നമ്മെ കുരുക്കാന്‍ വായ്പാദാതാക്കള്‍ വെച്ച നൂലുകള്‍കൊണ്ട് തിരിച്ചു കുരുക്കുകളുണ്ടാക്കാന്‍ കഴിയണം. മൂലധനം എവിടെനിന്നു വന്നാലും അത് ഉത്പാദനത്തെയും ക്രയവിക്രയ ശേഷിയെയും ത്വരിതപ്പെടുത്തും. ചലനാത്മക സമൂഹമാണ് പുരോഗതിയുടെ അടിസ്ഥാനം. തൊഴിലാളിവര്‍ഗത്തെ അതു പഠിപ്പിക്കും. അവര്‍ കുറെ മാറാനുണ്ട്.

ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ ചേരുമ്പോള്‍ ദേശീയ തലത്തില്‍ തന്നെ ഈ മാറ്റം അംഗീകരിക്കപ്പെടും. പാര്‍ട്ടി അടിമുടി മാറും. തൊണ്ണൂറുകളില്‍ തുടങ്ങിവെച്ച വികസന വിപ്ലവത്തിനു പ്രായപൂര്‍ത്തി വന്നിരിക്കുന്നു. ഇനി വര്‍ഗഭേദമില്ലാതെ ജനം പാര്‍ട്ടിയെ മികച്ച വികസനരാഷ്ട്രീയ പ്രസ്ഥാനമെന്ന് വാഴ്ത്തും. വര്‍ഗ ബഹുജന സംഘടനാ നേതൃത്വങ്ങളുടെ പ്രാതിനിധ്യമോ സാമൂഹിക നീതി ഉറപ്പാക്കുന്ന പങ്കാളിത്തമോ കമ്മറ്റിയില്‍ കാണുന്നില്ലെന്ന പരാതിയുണ്ടാവാം. വികസന രാഷ്ട്രീയം അത്ര സങ്കുചിതമല്ല. പ്രാപ്തിയാണ് മുഖ്യം. ഒപ്പം ഇന്നത്തെ ദേശീയ സാഹചര്യംകൂടി കണക്കിലെടുത്താല്‍ ആഗോള സാമ്പത്തിക ക്രമത്തിലെന്നപോലെ ദേശീയ സാംസ്കാരിക ക്രമത്തിലും ഫലപ്രദമായി ഇടപെടണം. അതിനും പ്രാപ്തമാണ് പുതിയ നേതൃത്വ ഘടന. മാസ്കുവെച്ചുള്ള അതിജീവനമെന്നോ മാസ്ക് മാറ്റിയുള്ള അതിജീവനമെന്നോ വ്യാഖ്യാതാക്കള്‍ക്കു പറയാം. അതില്‍ കാര്യമില്ല.

നയപരമായി, ഇനി അഖിലേന്ത്യാ തലത്തില്‍ വിപുലമായ സഖ്യമുണ്ടാക്കുന്നതില്‍ തടസ്സമൊന്നും കാണില്ല. പരിഹരിക്കാവുന്ന അകലമേ തൃണമൂല്‍ കോണ്‍ഗ്രസ്സുമായും ഉണ്ടാവൂ. നവലിബറല്‍ നയങ്ങളുടെ പേരില്‍ കോണ്‍ഗ്രസ്സുമായും അകലേണ്ടതില്ല. കേരളത്തിലെ അകല്‍ച്ച മാറ്റേണ്ടതുമില്ല. വികസന നയരേഖ പുതിയ വെളിച്ചമാണ് 'ഇരുമ്പറകള്‍'ക്കകത്ത് എത്തിച്ചിരിക്കുന്നത്.

എം എം ലോറന്‍സും വി എസ്സും കെ എന്‍ ആറും അരങ്ങൊഴിയുന്നതോടെ പഴയ വീറിന്റെ ഹാങ്ഓവര്‍ മാറും. പുതിയ കാലം പുതിയ പാര്‍ട്ടി എന്ന നാലാംലോകസ്വപ്നം സഫലമാവുകയാണ്. ഇനിയും പഴയമട്ടുള്ള കമ്യൂണിസ്റ്റു പാര്‍ട്ടിയാണ് വേണ്ടത് എന്നു കരുതുന്നവര്‍ അടിയന്തര ചികിത്സ തേടേണ്ടതാണ്. അല്ലെങ്കില്‍ കൊച്ചുകമ്യൂണിസ്റ്റു ഗ്രൂപ്പുകളില്‍ ആധിയും വ്യാധിയുമായി ശിഷ്ടജീവിതം തീര്‍ക്കാം. പഴയ പുസ്തകങ്ങള്‍ മാറ്റൂ പുതിയ പാഠങ്ങള്‍ പഠിക്കൂ എന്ന ആഹ്വാനം കേരളമാകെ അലയടിക്കുന്നില്ലേ? അമേരിക്കയിലും ബ്രിട്ടനിലുമൊക്കെ കാണുന്നതുപോലെ കമ്യൂണിസ്റ്റു രാഷ്ട്രീയം വിശ്വാസംപോലെ പിന്തുടരുകയും നവലിബറല്‍ നായകര്‍ക്ക് വോട്ടുചെയ്യുകയുമാവാം.

നമോ നമസ്തേ വിജയപതാകേ!

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Sufad Subaida 2 weeks ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 2 weeks ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More