തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും ഭിന്നലിംഗക്കാര്ക്കുമായി പതിനാല് പദ്ധതികള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ലിംഗ സമത്വത്തിനായുളള സാംസ്കാരിക ഉദ്യമമായ 'സമം' നിര്‍ഭയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുളള വെഹിക്കിള്‍ ട്രാക്കിംഗ് പ്ലാറ്റ്ഫോം, സ്ത്രീകള്‍ക്കും ട്രാന്സ്ജെന്ഡേഴ്സിനുമായുളള കലാ സാംസ്കാരിക പരിപാടികള്‍, എം എസ് എം ഇകള്‍ക്കുളള പ്രത്യേക പാക്കേജ് തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഭിന്നലിംഗക്കാരുടെ മഴവില്‍ പദ്ധതിക്ക് 5 കോടി രൂപയും ജെന്‍ഡര്‍ പാര്ക്കിന് 10 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
അംഗണ്‍വാടികളിലെ കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഭക്ഷണ മെനുവില്‍ മാറ്റംവരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. അംഗണ്‍വാടികളില്‍ ആഴ്ച്ചയില്‍ രണ്ടുദിവസം പാലും മുട്ടയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും. കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനായും സുസ്ഥിര വികസനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് പുതിയ നീക്കം. പദ്ധതിക്കായി 61.5 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കൊവിഡ് മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ പുനരധിവസിപ്പിക്കുന്ന സമഗ്ര പാക്കേജും സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു. കുട്ടിയുടെ പേരില്‍ 3 ലക്ഷം രൂപ നിക്ഷേപിക്കുമെന്നും കുട്ടിക്ക് 18 വയസ് തികയുന്നതുവരെ പ്രതിമാസം 2000 രൂപ അനുവദിക്കുമെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഇടുക്കി ജില്ലയില്‍ ചില്‍ഡ്രന്‍സ് ഹോം ആരംഭിക്കുമെന്നും അതിനായി 1.3 കോടി രൂപ നീക്കിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.