LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അടിയന്തരാവസ്ഥക്ക് തൊട്ടുപിന്നാലെ ശ്രീലങ്കയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്ക്

കൊളംബോ: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങള്‍ക്കും വിലക്ക്. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സാപ്പ് , യൂട്യൂബ്, അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ക്കാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാരിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥയും കര്‍ഫ്യൂവും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നടപടി. സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും മൂലമാണ് സര്‍ക്കാരിനെതിരെ ജനങ്ങള്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നത്. അറബ് വസന്തത്തിനു സമാനമായ പ്രക്ഷോഭത്തിന് പ്രതിഷേധക്കാര്‍ ഒരുങ്ങുന്നതിനിടയിലാണ് അടിയന്തിരാവസ്ഥയും കര്‍ഫ്യുവും സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകള്‍ കഴിഞ്ഞ ദിവസം പൂര്‍ണമായും അടച്ചിരുന്നു. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജനരോഷം നിയന്ത്രണാതീതമായതോടെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ നിലവില്‍ വന്നതോടെ ലങ്കയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ്. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവിലാക്കാനും കഴിയും.1948-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക ഇപ്പോള്‍ കടന്നുപോകുന്നത്. ആഴ്ചകളായി ഭക്ഷണത്തിനും അവശ്യ വസ്തുക്കൾക്കും ഇന്ധനത്തിനും വാതകത്തിനും ഗുരുതരമായ ക്ഷാമമാണ് അനുഭവിക്കുന്നത്. വ്യാഴാഴ്ചയോടെ രാജ്യത്ത് ഡീസൽ ലഭ്യമല്ലാതായി. റോഡുകളിൽ ഗതാഗതം കുറഞ്ഞു. മരുന്നുകളുടെ ദൗർലഭ്യം കാരണം സര്‍ക്കാര്‍ ആശുപത്രികളിലെ ശസ്ത്രക്രിയകൾ പൂര്‍ണ്ണമായും നിര്‍ത്തിവച്ചു. കൊളംബോ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വ്യാപാരം ദിവസം വെറും രണ്ട് മണിക്കൂറായി ചുരുക്കി. ഓഫീസുകൾ അത്യാവശ്യമല്ലാത്ത ജീവനക്കാരോട് ഹാജറാകേണ്ട എന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സമീപകാലത്തൊന്നും കരകയറാന്‍ സാധ്യതയില്ലാത്ത വിധം ശ്രീലങ്ക വന്‍തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധ സമരങ്ങളാണ് അരങ്ങേറുന്നത്. 2021-ലെ കണക്കുകള്‍പ്രകാരം, ശ്രീലങ്കയുടെ വിദേശകടം 3500 കോടി ഡോളറാണ് (2.6 ലക്ഷം കോടി രൂപ). ചൈനയില്‍നിന്നെടുത്ത വായ്പകളാണ് ഇതിന്റെ പത്തുശതമാനത്തിലേറെ. ചൈനയില്‍ നിന്നു കടം വാങ്ങിയതിന്റെ തിരിച്ചടവ് പ്രതിസന്ധിയിലായതോടെ പ്രശസ്തമായ ഹംബന്‍തൊട്ട രാജ്യാന്തര തുറമുഖവും ചേര്‍ന്നുള്ള 1500 ഏക്കറും 99 വര്‍ഷത്തേക്ക് ചൈനയ്ക്ക് കൈമാറേണ്ടിവന്നിരുന്നു. 

Contact the author

International Desk