LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബാലന്‍, വിജയരാഘവന്‍, കരീം, ഐസക്ക്, ശൈലജ- പോളിറ്റ്ബ്യൂറോയില്‍ ആരൊക്കെ വരും- എസ് വി മെഹ്ജൂബ്

സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി, പോളിറ്റ്ബ്യൂറോ തുടങ്ങിയ ഉന്നത സമിതികളില്‍ കേരളത്തില്‍ നിന്ന് ആരൊക്കെ എത്തുമെന്ന ഊഹാപോഹങ്ങളും പ്രവചനങ്ങളും മാധ്യമങ്ങളില്‍ മുറുകുകയാണ്. നിലവിലെ മലയാളി കേന്ദ്രകമ്മിറ്റിയംഗങ്ങളായ വൈക്കം വിശ്വന്‍, പി കരുണാകരന്‍, ഡോ. തോമസ്‌ ഐസക്, എം സി ജോസഫൈന്‍, പി കെ ശ്രീമതി, എ കെ ബാലന്‍, കെ കെ ശൈലജ, എ വിജയരാഘവന്‍, ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍, എളമരം കരീം, കെ. രാധാകൃഷ്ണന്‍, വിജു കൃഷ്ണന്‍ തുടങ്ങിയവരില്‍ നിന്ന് ആരൊക്കെ പോളിറ്റ്ബ്യൂറോയില്‍ എത്തും എന്ന ചര്‍ച്ചയാണ് നടക്കുന്നത്. 

എ കെ ബാലനും ദളിത്‌ പ്രാധിനിത്യവും 

പലതരത്തിലുള്ള മുന്‍ഗണനകളാണ് സാധ്യത കല്പ്പിക്കുന്നവര്‍ ഓരോരുത്തര്‍ക്കും നല്‍കുന്നത്. ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ഒരാളായി എണ്ണപ്പെടുന്നത് മുന്‍ മന്ത്രികൂടിയായ എ കെ ബാലനാണ്. സംസ്ഥാന നേതൃത്വം ബാലന്റെ പേര് നിര്‍ദ്ദേശിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നതാണ് അതിന്റെ പ്രധാന കാരണം. രണ്ടാമതായി വരുന്ന ഒരു സാധ്യത അദ്ദേഹം ദളിത്‌ സമുദായത്തില്‍പ്പെട്ട നേതാവാണ്‌ എന്നതാണ്. ദളിത്‌, സ്ത്രീ തുടങ്ങിയ സ്വത്വനിലകളുടെ ചരിത്രപരമായ പിന്നാക്കാവസ്ഥയെ സംബന്ധിച്ച് നവസാമൂഹ്യ പ്രസ്ഥാനങ്ങളും സ്വത്വവാദ പ്രസ്ഥാനങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്ന ചിന്തകളുടെ സമ്മര്‍ദ്ദം തീര്‍ച്ചയായും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തീരുമാനങ്ങളെയും തെരെഞ്ഞെടുപ്പിനെയും പലതലത്തില്‍ സ്വാധീനിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഈ സെന്‍സിബിലിറ്റിയോടുകൂടിയാണ് കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത് എങ്കില്‍ ഏറ്റവും ചുരുങ്ങിയത് ഒരു ദളിത്‌ പ്രാതിനിധ്യം പോളിറ്റ്ബ്യൂറോയില്‍ ഉണ്ടാകണം എന്ന് സിപിഎം തീരുമാനിക്കാന്‍ ഇടയുണ്ട്. ആ ചാന്‍സ് കേരളത്തിനുലഭിച്ചാല്‍ തീര്‍ച്ചയായും എ കെ ബാലന്‍ പോളിറ്റ്ബ്യൂറോയില്‍ എത്തും എന്നാണ് വിലയിരുത്തപ്പെടുന്നത്. ബാലന് വെല്ലുവിളിയായി കേന്ദ്രകമ്മിറ്റിയിലുള്ള സാന്നിധ്യം ദേവസ്വം മന്ത്രികൂടിയായ കെ. രാധാകൃഷ്ണനാണ്. എന്നാല്‍ രാധാകൃഷ്ണന്‍ പ്രായത്തില്‍ ജൂനിയറാണ് എന്നതും 75 വയസ്സ് വിരമിക്കല്‍ പ്രായമായി എടുക്കുമ്പോള്‍ ഇനി സമയമില്ല എന്നതും 73 കാരനായ ബാലനെ തുണയ്ക്കുമെന്നാണ് കരുതുന്നത്.

സ്ത്രീ പ്രാധിനിത്യം 

തദ്ദേശഭരണതലത്തില്‍ വനിതകള്‍ നേടിയ സംവരണത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിലെ സിപിഎമ്മിന്റെ ബ്രാഞ്ച് തലത്തില്‍ മുന്പെങ്ങുമില്ലാത്തവണ്ണം സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ദ്ധിച്ചത്. തദ്ദേശഭരണതല സംവരണം വലിയ ചലനങ്ങളാണ് സമൂഹത്തിലാകെ ഉണ്ടാക്കിയത്. സ്ത്രീവാദപരമായ ഊന്നലുകള്‍ക്ക് ശക്തിപകരുന്നതില്‍ ഈ പ്രാധിനിത്യം ഗുണം ചെയ്തുവെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. വീടുകളില്‍ നിന്ന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ അമരക്കാരായിത്തീര്‍ന്ന സ്ത്രീകള്‍ അധികാരം നഷ്ടപ്പെട്ടപ്പോള്‍ വീട്ടിലേക്ക് മടങ്ങിയില്ല. വലിയൊരു വിഭാഗം പൊതുരംഗത്തും സാംസ്കാരിക രാഷ്ട്രീയ രംഗത്തും സജീവമായിത്തന്നെ നിലകൊണ്ടു. അവരാണ് സിപിഎം അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ അടിസ്ഥാന ഘടകങ്ങളിലേക്ക് ഉയര്‍ന്നുവന്നത്. സ്ത്രീകളുടെ ഈ സാന്നിധ്യം വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഇനിയും സമ്മര്‍ദ്ദപ്പെടുത്തുമെന്ന് ഉറപ്പാണ്. കേരളത്തിന്റെ  ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വനിതാ പ്രാധിനിത്യമുള്ള മന്ത്രിസഭയായി രണ്ടാം പിണറായി സര്‍ക്കാര്‍ മാറിയതിനുപിന്നില്‍ സിപിഐ സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനമുണ്ടായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണ്ണയ ഘട്ടത്തില്‍ തന്നെയുണ്ടായി വന്ന റിബല്‍ പ്രശ്നങ്ങളെ മറികടന്നുകൊണ്ട് ചിഞ്ചുറാണിയെ മത്സരിപ്പിച്ചതിനു പിന്നില്‍ ഈ ഉറച്ച തീരുമാനം വായിച്ചെടുക്കാനാവും. ലീഗ് കോഴിക്കോട് സൌത്ത് നിയോജക മണ്ഡലത്തില്‍ നൂര്‍ബിനാ റഷീദിനെപോലെ ഒരു വനിതാ സ്ഥാനാര്‍ഥിയെ പരീക്ഷിച്ചതിനു പിന്നിലും 'വനിതകളെ തഴയുന്ന പാര്‍ട്ടി' എന്ന പഴി ഒഴിവാക്കാനുള്ള ലീഗിന്റെ ബോധപൂര്‍വമായ ശ്രമം കാണാന്‍ കഴിയും. ഹരിത വിഷയവും മുമ്പെങ്ങുമില്ലാത്തവിധം സ്ത്രീസ്വത്വവാദപരമായ ആശയങ്ങള്‍ ലീഗിനെ സമ്മര്‍ദ്ദപ്പെടുത്തുന്നതിന്റെ ലക്ഷണം തന്നെയാണ്. 

കെ കെ ശൈലജ 

മേല്‍ വിവരിച്ച സാഹചര്യം മുന്‍നിര്‍ത്തി സിപിഎം സ്വാഭാവികമായും തങ്ങളുടെ കേന്ദ്രകമ്മിറ്റിയിലും പോളിറ്റ്ബ്യൂറോയിലും സ്ത്രീ പ്രാധിനിത്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ത്രീ, ദളിത്‌, പിന്നാക്ക പ്രാധിനിത്യം എന്നിവ ഘട്ടംഘട്ടമായി വര്‍ദ്ധിക്കുമെന്നും അത്തരത്തില്‍ വര്‍ദ്ധിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാകുമെന്നും പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായി നല്‍കിയ അഭിമുഖങ്ങളിലൊന്നില്‍ പോളിറ്റ്ബ്യൂറോ അംഗമായ പ്രകാശ് കാരാട്ട് തന്നെ വ്യക്തമാക്കിയിരുന്നു. അത്തരത്തില്‍ നീക്കം നടന്നാല്‍ കേരളത്തില്‍ നിന്ന് പി കെ ശ്രീമതി, കെ കെ ശൈലജ തുടങ്ങിയവരില്‍ ഒരാള്‍ പരിഗണിക്കപ്പെടാം. പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരാള്‍ വരണമെന്നാണ് ആഗ്രഹിക്കുന്നത് എങ്കില്‍ ആ പരിഗണന ഡോ. ഹേമലതയെ പോലുള്ള നേതാക്കളിലേക്ക് വഴിമാറിപ്പോകാനും വഴിയുണ്ട് എന്നാണ് കരുതേണ്ടത്. മികച്ച നേതൃശേഷി പ്രകടമാക്കിയ മന്ത്രി എന്ന നിലയില്‍ കെ കെ ശൈലജയുടെ പ്രവര്‍ത്തനവും കൊവിഡ് മികച്ച രീതിയില്‍ കൈകാര്യം ചെയ്തതിന് അന്തരാഷ്ട്ര തലത്തില്‍ ലഭിച്ച അംഗീകാരവും കൂടി  ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ വീണ്ടും ജനവിധി തേടിയത്. എന്നിട്ടും കെ കെ ശൈലജ തഴയപ്പെട്ടു. 'ക്യാപ്റ്റന്‍' എന്ന നിലയില്‍ മുഖ്യമന്ത്രിയെ മാത്രം നിലനിര്‍ത്താനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയാണ് കേരളാ നേതൃത്വം ചെയ്തത്. അതിനായി പലതരത്തില്‍ പുതിയ ചട്ടങ്ങളും കീഴ്വഴക്കങ്ങളും ഉണ്ടാക്കി. ഈ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കെ കെ ശൈലജ പോളിറ്റ്ബ്യൂറോയില്‍ എത്താനുള്ള സാധ്യത തുലോം വിരളമാണ്. അങ്ങിനെയെങ്കില്‍ കേരളത്തില്‍ നിന്ന് പോളിറ്റ്ബ്യൂറോയിലേക്ക് ഇത്തവണ സ്ത്രീകളാരും ഇടം കാണാന്‍ സാധ്യതയില്ല. 

എ. വിജയരാഘവന്‍ 

വിരമിക്കല്‍ പ്രായം നിശ്ചയിച്ചതിന്റെ പേരില്‍ മുതിര്‍ന്ന നേതാക്കളായ വൈക്കം വിശ്വന്‍, പി കരുണാകരന്‍, എം സി ജോസഫൈന്‍ തുടങ്ങിയവര്‍ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാകും. നിലവില്‍ കേരളത്തില്‍ നിന്ന് കേന്ദ്രകമ്മിറ്റിയിലുള്ളവരില്‍ ഏറ്റവും പ്രമുഖരാണ് ഡോ. തോമസ് ഐസക്, എളമരം കരീം, എ. വിജയരാഘവന്‍ എന്നിവര്‍. ഏറെ കാലം കിസാന്‍സഭയുമായി ബന്ധപ്പെട്ട് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച വിജയരാഘവന്‍ ഈയടുത്ത കാലത്താണ് സംസ്ഥാന നേതൃനിരയിലേക്ക് സജീവമായി പരിഗണിക്കപ്പെട്ടത്. കോടിയേരിക്ക് പകരക്കാരനായും എല്‍ ഡി എഫ് കണ്‍വീനറായും പരിഗണിക്കപ്പെട്ട വിജയരാഘവന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ വരാതിരുന്നത് മാധ്യമങ്ങളെ അമ്പരപ്പിച്ചിരുന്നു. ഇപ്പോഴത്തെ സംസ്ഥാന നേതൃത്വത്തിന് അഭിമതനായ അദ്ദേഹം സ്വാഭാവികമായും പോളിറ്റ്ബ്യൂറോയിലേക്ക് പരിഗണിക്കപ്പെടും എന്ന നിഗമനത്തിലാണ് അന്ന് രാഷ്ട്രീയ വിശകലന വിദഗ്ദര്‍ സമാധാനിച്ചത്. അത് ശരിയായിവന്നാല്‍ കേരളത്തില്‍ നിന്ന് പോളിറ്റ്ബ്യൂറോയില്‍ എത്താന്‍ സാധ്യതയുള്ള ആദ്യപേരുകാരനാകും എ. വിജയരാഘവന്‍. ദളിത്‌, പിന്നാക്ക പരിഗണനകള്‍ അതിനുശേഷം മാത്രമേ എടുക്കാന്‍ സാധ്യതയുള്ളൂ. 

എളമരം കരീം 

പാര്‍ലമെന്‍ററി തലത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ക്ക് നല്‍കുന്ന തുല്യപരിഗണന പാര്‍ട്ടി ഭാരവാഹി തലത്തില്‍ നല്‍കേണ്ടതുണ്ട് എന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പൊതുവില്‍ കരുതാറില്ല. അതില്‍നിന്ന് വ്യത്യസ്തമായ നിലപാടിലേക്ക് അവരെ കൊണ്ടെത്തിക്കുന്നതില്‍ തീര്‍ച്ചയായും പോസ്റ്റ് മോഡേണ്‍ രാഷ്ട്രീയ പരിസരം മേല്‍ സൂചിപ്പിച്ച പ്രകാരം അവരെ സമ്മര്‍ദ്ദപ്പെടുത്തിയിട്ടുണ്ട് എന്ന് കാണാം. അതുകൊണ്ടുതന്നെയാണ് പുതിയ ജനവിഭാഗങ്ങളെ നേതൃനിരയില്‍ എത്തിക്കുന്നതിന് ബോധാപൂര്‍വമായ ശ്രമമുണ്ടാകും എന്ന് പ്രകാശ് കാരാട്ട് പറഞ്ഞത്. കാരാട്ടിന്റെ വാക്കുകള്‍ ശരിവെച്ചാല്‍ പാര്‍ട്ടി പോളിറ്റ്ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ ഏറെ സാധ്യതയുള്ള നേതാവാണ് എളമരം കരീം. അങ്ങനെയെങ്കില്‍ പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവായ എളമരം, ഒരേ സമയം സിഐടിയു അഖിലേന്ത്യാ പ്രസിഡണ്ടും രാജ്യാസഭാ അംഗവും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായിരുന്ന ഇ ബാലാനന്ദന്റെ കേരളത്തില്‍ നിന്നുള്ള പിന്‍ഗാമിയാകാന്‍ സാധ്യത തെളിയും. പിന്നാക്ക, ന്യൂനപക്ഷ, മുസ്ലീം പ്രാധിനിത്യവും മാറിയ സാഹചര്യത്തില്‍ എളമരത്തെ തുണയ്ക്കും. 

തോമസ് ഐസക്

സാമ്പത്തികകാര്യ വിദഗ്ദന്‍ എന്നാ നിലയിലുള്ള മികവ്, അക്കാദമിക് ഗവേഷണ തലത്തിലുള്ള പരിചയം, 10 വര്‍ഷം സംസ്ഥാന ധനമന്ത്രിയായി പ്രവര്‍ത്തിച്ചതിന്റെ അനുഭവം, കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കാനുള്ള ഭാഷാ സ്വധീനം  എന്നിവയെല്ലാം ചേര്‍ത്തുവെച്ചാല്‍ കേരളത്തില്‍ നിന്ന് പോളിറ്റ്ബ്യൂറോയിലേക്ക് പരിഗണിയ്ക്കപ്പെടേണ്ട ഏറ്റവും പ്രധാനപ്പെട്ട നേതാവാണ്‌ ഡോ. തോമസ് ഐസക്ക്. എന്നാല്‍ സിപിഎമ്മിലെ ഇപ്പോഴത്തെ സംസ്ഥാന നേതൃത്വത്തിലെ കോര്‍ ഗ്രൂപ്പില്‍ ഐസക് ഇല്ല എന്നതാണ് യാഥാര്‍ഥ്യം. ഐസക്കിനെപ്പോലെ  രാജ്യസഭയില്‍ വിഷയാടിസ്ഥാനത്തില്‍ത്തന്നെ നന്നായി പെര്‍ഫോം ചെയ്യാന്‍ സാധ്യതയുള്ളയാളെ മാറ്റിനിര്‍ത്തി രാജ്യസഭാ സീറ്റ് പാര്‍ട്ടി ചാനല്‍ മേധാവിക്ക് നല്‍കുകയും പിന്നീട് ബ്രാഞ്ച് കമ്മിറ്റിയംഗമായ  അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തുകയും ചെയ്തതിലൂടെ ഐസക് സംസ്ഥാന നേതൃത്വത്തിന് അനഭിമതനാണ് എന്ന് വിലയിരുത്തപ്പെട്ടിരുന്നു. പിന്നീട് വന്ന രാജ്യസഭാ സീറ്റ് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് പദവിയിലെത്തിയതിന്റെ ആഹ്ളാദം തീരും മുന്‍പേ എ എ റഹീമിന് നല്‍കിയതോടെ ഈ വിശ്വാസം ബലപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം തോമസ് ഐസക് പോളിറ്റ് ബ്യൂറോയില്‍ എത്തില്ല എന്നത് ഏറെക്കുറെ തീര്‍ച്ചപ്പെട്ടിരിക്കുകയാണ് 

പുതിയ ജനവിഭാഗങ്ങളെ നേതൃനിരയില്‍ എത്തിക്കുന്നതിന് ബോധാപൂര്‍വമായ ശ്രമമുണ്ടാകും എന്ന  'കാരാട്ട് പ്രസ്താവന'യ്ക്കകത്തും നില്‍ക്കില്ല ഡോ. തോമസ് ഐസക്ക്. കാരണം ലത്തീന്‍ സമുദായത്തില്‍ പെട്ട എം എ ബേബി നിലവില്‍ പോളിറ്റ്ബ്യൂറോയില്‍ അംഗമാണ് എന്നതാണ് തടസ്സമായി വരിക. പാര്‍ട്ടി സൈദ്ധാന്തികനും മന്ത്രിയുമായ എം വി ഗോവിന്ദന്‍ കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടെങ്കിലും ഇപ്പോഴത്തെ നിലയില്‍ പരിഗണിയ്ക്കപ്പെടില്ല. ഏതായാലും ഈ ലിസ്റ്റിനപ്പുറത്തേക്ക് പോളിറ്റ്ബ്യൂറോ പരിഗണന നീളാന്‍ സാധ്യതയല്ല എന്നുതന്നെയാണ് വിലയിരുത്താന്‍ കഴിയുക. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Sufad Subaida 11 months ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 11 months ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Mridula Hemalatha 11 months ago
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 3 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 3 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More