LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജീവനക്കാരുടെ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിച്ച് രാജസ്ഥാന്‍; വാഗ്ദാനം പാലിക്കാന്‍ തയാറാകാതെ കേരളം- എസ് വി മെഹജൂബ്

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് 2014-ല്‍ പ്രാബല്യത്തില്‍ വന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിര്‍ത്തലാക്കി പകരം പഴയ സ്കീമിലുള്ള സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ കൊണ്ടുവന്നത്. 'ചരിത്രപരവും മാനുഷികവുമായ തീരുമാനം' എന്ന തലക്കെട്ടില്‍ മലയാളം ഉള്‍പ്പെടെയുള്ള ദിനപത്രങ്ങളില്‍ ഇത് പരസ്യം ചെയ്തിട്ടുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന്  ഏപ്രില്‍-1 മുതലാണ് പഴയ സ്കീമിലുള്ള സ്റ്റാറ്റ്യൂട്ടറി പെന്‍ഷനിലേക്ക് മാറിയത്. ഇതോടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി മൂലം ജീവനക്കാര്‍ക്കുണ്ടായ നഷ്ടങ്ങളും ആശങ്കകളും ഇല്ലാതാകും. ശമ്പളത്തിന്റെ 10% എല്ലാ മാസവും പങ്കാളിത്ത പെന്‍ഷനിലേക്ക് വിഹിതമായി നല്‍കുന്ന രീതി ഇതോടെ ഇല്ലാതായി. ഇതോടെ മുഴുവന്‍ ശമ്പളവും ജീവനക്കാര്‍ക്ക് ലഭിക്കും. 2014 മുതല്‍ സര്‍വീസില്‍ ചേര്‍ന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിപ്രകാരം ലഭിക്കുന്നതിനേക്കാള്‍ പെന്‍ഷനും തുടര്‍ന്ന് ലഭിക്കും. പഴയ പെന്‍ഷന്‍ പദ്ധതിയുടെ മേന്മയും ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായി കൊണ്ടുവന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ പോരായ്മയും വ്യക്തമാക്കിക്കൊണ്ടാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ടിന്‍റെ ഫോട്ടോ സഹിതം രാജ്യത്തെ പത്രമാധ്യമങ്ങളില്‍ മുഴുവന്‍ പേജ് പരസ്യം നല്‍കിയിരിക്കുന്നത്. 

രാജ്യത്ത് ജീവനക്കാരും തൊഴിലാളികളും തൊഴില്‍ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ നേരിടുന്ന ഘട്ടത്തിലാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ചരിത്രപരം എന്ന് വിശേഷിപ്പിക്കാവുന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഗുജറാത്തിനുശേഷം 2023-ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ ജീവനക്കാരുടെ മുഴുവന്‍ പിന്തുണ ഉറപ്പാക്കാന്‍ കോണ്‍ഗ്രസ്സിനെ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങിനെയെങ്കില്‍ പോളിസികള്‍ കൊണ്ട് ഭരണം നിലനിര്‍ത്തുന്ന സര്‍ക്കാരായി കോണ്‍ഗ്രസ് സര്‍ക്കാര്‍ മാറും. തൊട്ടുപിറകെ ചത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാറും സ്റ്റാറ്റ്യൂട്ടറി പെന്‍ഷനിലേക്ക് മാറും എന്നാണ് കരുതുന്നത്. ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു. ഗാട്ട് കരാറില്‍ ഒപ്പിട്ട, ആഗോളവത്കരണ ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ച, പെട്രോളിയം വില നിയന്ത്രണം വിപണിക്കും തദ്വാരാ എണ്ണക്കമ്പനികള്‍ക്കും വിട്ടുനല്‍കിയ കോണ്‍ഗ്രസ് തന്നെ തങ്ങള്‍ക്ക് ലഭിച്ച സംസ്ഥാന ഭരണം ഉപയോഗിച്ച് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ തിരികെ കൊണ്ടുവരുന്നുവെന്നത് ഇത്തരം കാര്യങ്ങളിലൊക്കെയുള്ള  സമീപനത്തില്‍  അവര്‍ക്കുണ്ടായ ഗുണപരമായ മാറ്റത്തെയാണ്‌ സൂചിപ്പിക്കുന്നത്. കൊവിഡ്‌ വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൌണ്‍ മൂലം പൊറുതിമുട്ടിയ കര്‍ഷകര്‍ക്ക് 15,000 രൂപ നല്‍കാന്‍ നടപടി സ്വീകരിച്ച ഇന്ത്യയിലെ ഒരേയൊരു മുഖ്യമന്ത്രി കൂടിയാണ് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍. ഇതെല്ലാം മന്‍മോഹന്‍ സിംഗിന്റെ സാമ്പത്തിക നയങ്ങളില്‍ നിന്ന് നെഹ്‌റുവിയന്‍ സാമ്പത്തിക നയങ്ങളിലേക്ക്  മടങ്ങിപ്പോകാനുള്ള രാജസ്ഥാന്‍, ചത്തീസ്ഗഡ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇച്ഛയാണ് വെളിപ്പെടുത്തുന്നത് എന്ന് വിലയിരുത്താം. രാഹുല്‍ ഗാന്ധിയുടെ കോര്‍പ്പറേറ്റ് വിരുദ്ധ പ്രസ്താവനകളുടെയും സമീപനങ്ങളുടെയും പശ്ചാത്തലവും മറ്റൊന്നല്ല.       

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയ ഘട്ടം മുതല്‍ ജീവനക്കാര്‍ അതിനെതിരാണ്. അതുകൊണ്ടുതന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പലതിലും തെരഞ്ഞടുപ്പ് പ്രകടന പത്രികകളില്‍ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ തിരികെ കൊണ്ടുവരും എന്ന പ്രഖ്യാപനമുണ്ടായിരുന്നു. ഇടതുപക്ഷവും ട്രേഡ് യൂണിയനുകളും പങ്കാളിത്ത പെന്‍ഷന് തീര്‍ത്തും എതിരാണ്. 48 മണിക്കൂര്‍ നീണ്ടുനിന്ന ഇക്കഴിഞ്ഞ ദേശീയ പണിമുടക്കിലെ പ്രധാനപ്പെട്ട ഒരാവശ്യവും പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക എന്നതായിരുന്നു. സി ഐ ടി യു, ഐ എന്‍ ടി യു സി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടന്നത്. ആ സ്പിരിറ്റ് ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞെങ്കിലും സിപിഎം നേതൃത്വത്തില്‍ കേരളം ഭരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തിന്‍ ഒരു നടപടിയും കൈകൊണ്ടിട്ടില്ല. അതായത് ആഗോളവത്കരണത്തിലേക്കും തദ്വാരാ സ്വകാര്യവത്കരണത്തിലേക്കും രാജ്യത്തെ എത്തിച്ചുവെന്ന് സിപിഎം അടക്കമുള്ള ഇടതുപക്ഷത്താല്‍ ആരോപിക്കപ്പെടുന്ന കോണ്‍ഗ്രസിന് ചെയ്യാന്‍ കഴിഞ്ഞ ഒരു പോസിറ്റീവായ കാര്യം പോലും ഏറ്റെടുക്കാന്‍ സിപിഎം പാര്‍ട്ടിക്കും കേരളത്തിലെ സര്‍ക്കാരിനും കഴിയുന്നില്ല എന്നത് വലിയ പോരായ്മയായാണ് കേരളത്തിലെ എന്‍ ജി ഒ യൂണിയന്‍ അടക്കമുള്ള സംഘടനകള്‍ കാണുന്നത്. എന്നാല്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിന് പോലും ഇത് സംബന്ധിച്ച് ഒരു നിര്‍ദ്ദേശം കേരള സര്‍ക്കാരിന് മുന്നില്‍ വെക്കാന്‍ കഴിഞ്ഞില്ല. പകരം വന്‍കിട പദ്ധതിയായ കെ റെയിലിന് അനുകൂലമായി പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയെക്കൊണ്ട് പോലും സംസാരിപ്പിക്കാന്‍ സിപിഎം കേരളാ ഘടകത്തിന് സാധിക്കുകയും ചെയ്തു എന്നതാണ് യാഥാര്‍ഥ്യം. ഇത് ഇടത് സാമ്പത്തിക നയത്തില്‍ വെള്ളം ചേര്‍ക്കുന്ന സിപിഎം സമീപനമായാണ് കണക്കാക്കപ്പെടുന്നത്. 

പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്ന പ്രവര്‍ത്തങ്ങള്‍ രാജ്യത്ത് ത്വരിതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. തൊഴില്‍ നിയമങ്ങള്‍ പലവിധത്തില്‍ അട്ടിമറിക്കപ്പെടുകയും കരാര്‍ നിയമങ്ങള്‍ സാര്‍വത്രികമാക്കുകയും ചെയ്യുകയാണ്. ജോലി സമയം 8 മണിക്കൂര്‍ എന്നതില്‍ നിന്ന് 12 മണിക്കൂര്‍ ആക്കി വര്‍ദ്ധിപ്പിക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നീക്കം നടന്നത് കൊവിഡ്‌ അടച്ചുപൂട്ടലിന്റെ കാലത്താണ്. ചുരുക്കത്തില്‍ രാജ്യത്തെ എല്ലാ നിയമങ്ങളും തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും എതിരാകുകയും വന്‍കിട തൊഴിലുടമകള്‍ക്ക് അനുകൂലമാകുകയും ചെയ്യുന്ന ഘട്ടത്തിലാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിര്‍ത്താനും ജീവനക്കാര്‍ക്ക് ഏറ്റവും മെച്ചമുള്ള പഴയ പെന്‍ഷന്‍ പദ്ധതി തിരികെകൊണ്ടുവരാനും ശ്രമങ്ങള്‍ നടക്കുന്നത്. ഇത് ജീവനക്കാരില്‍നിന്നും ട്രേഡ് യൂണിയനുകളില്‍ നിന്നും സര്‍ക്കാരുകള്‍ക്ക് വലിയ തോതിലുള്ള പിന്തുണ ലഭിക്കാന്‍ ഇടയാക്കും. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജ്യത്ത് പശ്ചിമ ബംഗാള്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയാണ് നിലവിലുള്ളത്. കേരളത്തില്‍ ഇത് നിലവില്‍ വന്നത് 2014-മുതലാണ്‌. രാജ്യത്തെ എല്ലാ യൂണിയനുകളും ഇത് തൊഴിലാളി വിരുദ്ധമാണ് എന്നും പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെടുന്നവരാണ്. എന്നാല്‍ ഫലപ്രദമായ ചെറുത്തുനില്‍പ്പുകളോ ബദല്‍ നയസമീപനങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ പോലും ഈ വഴിക്കുള്ള ഒരു നീക്കവും ഇതുവരെ നടന്നിട്ടില്ല. ഒന്നാം പിണറായി സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കും എന്ന് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നുവെങ്കിലും രണ്ടാമതും അധികാരത്തിലെത്തിയിട്ടും ഇത്തരത്തില്‍ എന്തെങ്കിലും നീക്കം നടക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണാനില്ല. 

തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഏറ്റവും ആദ്യം സംസാരിക്കേണ്ടിയിരുന്ന ഇടതുപക്ഷത്തെയും കേരളത്തിലെ സിപിഎം സര്‍ക്കാരിനെയും  അമ്പരപ്പിച്ചുകൊണ്ടാണ് ഇപ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗഹ്ലോട്ട് പഴയ സ്കീമിലുള്ള സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ തിരികെ കൊണ്ടുവന്നത്. കോണ്‍ഗ്രസ് സംവിധാനത്തിലെ കെട്ടുറപ്പില്ലായ്മയും മതനിരപേക്ഷ ചേരിയിലെ ഐക്യമില്ലായ്മയും അലട്ടുമ്പോഴും അശോക്‌ ഗഹ്ലോട്ട്, ഭൂപേഷ് ഭാഗല്‍ എന്നീ നേതാക്കളുടെ രാഷ്ട്രീയ ഇച്ഛാശക്തിയും ഇടത് സാമ്പത്തിക നയത്തോട് അടുത്തുനില്‍ക്കുന്ന സമീപനങ്ങളും ജനങ്ങളോടുള്ള പ്രതിബദ്ധതയും പ്രതീക്ഷ പകരുന്നതാണ്. ഹിന്ദുത്വയുടെ മറവില്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയും അവകാശങ്ങള്‍ അട്ടിമറിക്കാനും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ സമ്പത്ത് കൊള്ളയടിക്കാനും അവസരം നല്‍കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത് എന്ന യഥാര്‍ത്ഥൃത്തോടുള്ള ഏറ്റുമുട്ടലാണ് സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ഉണ്ടാകേണ്ടത് എന്ന ശക്തമായ സന്ദേശം നല്‍കാന്‍ രാജസ്ഥാന്‍ സര്‍ക്കാരിനും അശോക്‌ ഗെഹ്ലോട്ടിനും സാധിച്ചിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക, രാഷ്ട്രീയ നയസമീപനങ്ങള്‍ക്കെതിരെ ഏറ്റവുമാദ്യം രംഗത്തുവരിക രാജ്യത്തെ ഇടത് സംസ്ഥാന സര്‍ക്കാരുകളായിരിക്കും എന്ന പ്രതീക്ഷയുടെ അട്ടിമറികൂടിയാണ് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത് എന്ന് കേരള സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നിസ്സംഗത മുന്‍നിര്‍ത്തി വിലയിരുത്താം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Sufad Subaida 11 months ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 11 months ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Mridula Hemalatha 11 months ago
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More