LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എന്താണ് ഡാഷ് ബോര്‍ഡ്? കേരളം ഗുജറാത്തില്‍ നിന്ന് എന്താണ് പഠിക്കുന്നത്?- ക്രിസ്റ്റിന കുരിശിങ്കല്‍

ഡാഷ് ബോര്‍ഡ് സിസ്റ്റം കേരളത്തില്‍ ചര്‍ച്ചയായത് ആ സോഫ്റ്റ്‌വെയര്‍ ആപ്ളിക്കേഷന്‍റെ മികവ് കൊണ്ടല്ല. മറിച്ച് സംഘപരിവാര്‍ ഭരണകൂട സംസ്ഥാപനത്തിന്റെ പരീക്ഷണശാലയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ കളിത്തൊട്ടിലുമായ ഗുജറാത്തില്‍ നിന്ന് മികച്ച ഭരണനിര്‍വഹണം പഠിക്കാന്‍ രാജ്യത്തെ ഏക ഇടതുപക്ഷ സര്‍ക്കാര്‍ പ്രതിനിധി സംഘത്തെ അയച്ചു എന്നതിന്റെ പേരിലാണ്. കേരളം ഭരിക്കുന്ന ഇടതുമുന്നണിക്ക് നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെ പരമോന്നത സമിതിയായ പോളിറ്റ്ബ്യൂറോയിലെ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറിയടങ്ങുന്ന സംഘത്തെ ഗുജറാത്തിലേക്ക് അയച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും സുരക്ഷയിലും ജിവിത നിലവാരത്തിലും ജനാധിപത്യപരമായ കീഴവഴക്കങ്ങളിലും ഇന്ത്യയിലെ 'നമ്പര്‍ വണ്‍' എന്ന് നാഴികക്ക് നാല്‍പ്പതുവട്ടം സ്വന്തം സര്‍ക്കാരിനാല്‍ വാഴ്ത്തപ്പെടുന്ന കേരളത്തിന്, ആയിരങ്ങളെ വംശഹത്യക്ക് ഇരയാക്കിയ, കോര്‍പ്പറേറ്റ് ദാസ്യത്തില്‍ പ്രവര്‍ത്തിക്കുന്ന, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പരീക്ഷണശാലയായ ഗുജറാത്തില്‍ നിന്ന് എന്താണ് പഠിക്കാനുള്ളത് എന്നതാണ് രാഷ്ട്രീയ കേരളം ഉയര്‍ത്തിയ ചോദ്യം.  

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഗുജറാത്തിലെ മുഖ്യമന്ത്രിക്കായി ഒരുക്കിയ ഡാഷ് ബോര്‍ഡ് സിസ്റ്റം പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് നിര്‍ദ്ദേശിച്ചതത്രെ! ഭരണകാര്യക്ഷമത ഉറപ്പുവരത്താന്‍ വെമ്പല്‍ കൊള്ളുന്ന നമ്മുടെ മുഖ്യമന്ത്രി വളരെ ഡിപ്ലോമാറ്റിക്കായി തലകുലുക്കി സമ്മതിച്ചുകൊണ്ട് തന്റെ ചീഫ് സെക്രട്ടറിയെ അങ്ങോട്ട്‌ അയച്ചു. ചീഫ് സെക്രട്ടറി അവിടം സന്ദര്‍ശിച്ച് ഡാഷ് ബോര്‍ഡ് സിസ്റ്റത്തെ വാഴ്ത്തി. ഒരു ഇടതുസര്‍ക്കാര്‍ രാജ്യത്ത് പലനിലയിലും അപകീര്‍ത്തി നേരിട്ടുകൊണ്ടിരിക്കുന്ന ഗുജറാത്ത് സര്‍ക്കാരിന്റെ ഭരണനിര്‍വഹണത്തെ പ്രശംസിക്കുന്നു എന്ന അര്‍ത്ഥത്തിലാണ് ദേശീയമാധ്യമങ്ങളടക്കം നമ്മുടെ ചീഫ് സെക്രട്ടറിയുടെ ഡാഷ് ബോര്‍ഡ് വാഴ്ത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്ത് സര്‍ക്കാരില്‍ നിന്ന് ഒന്നും പഠിക്കാനില്ലെന്ന രാഷ്ട്രീയ നിലപാട് സ്വീകരിച്ചിരുന്ന കേരളത്തിലെ മതനിരപേക്ഷ ബോധത്തിന് ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള നടപടിയാണ് കേരളാ സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ചത്. ഇതാണ്  മാധ്യമങ്ങളുടെ സമീപനത്തില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയുക. തീവ്രഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ഗുജറാത്തിനെ ചേര്‍ത്തുപിടിച്ചു എന്ന ആരോപണം കേരളം നേരിടുമ്പോള്‍, അത് എങ്ങനെ തങ്ങളുടെ നയസമീപനങ്ങളെ ന്യായീകരിക്കാനും കൂടുതല്‍ ജനസമ്മതി നേടാനും ആയുധമാക്കാം എന്നതിനെ കുറിച്ചായിരിക്കും ഗുജറാത്ത് സര്‍ക്കാര്‍ ചിന്തിക്കുക. ഗുജറാത്ത് നിയമസഭയുടെ കാലാവധി അവസാനിക്കുന്ന ഈ ഘട്ടത്തില്‍ അത് വളരെ പ്രാധാനമാണ്. ആ കരുതലും രാഷ്ട്രീയ ബോധവുമാണ്  ഇടതുപക്ഷം ഭരിക്കുന്ന കേരളാ സര്‍ക്കാരിന് ഇല്ലതെപോയത്. 

മേല്‍പറഞ്ഞ രാഷ്ട്രീയ വിമര്‍ശനങ്ങളൊന്നും ഒരു സോഫ്റ്റ്‌വെയര്‍ ആപ്ളിക്കേഷന്‍ എന്ന നിലയില്‍ ഡാഷ് ബോർഡ് സിസ്റ്റത്തെ ബാധിക്കേണ്ട കാര്യമില്ല. അത് പഠിക്കാന്‍ ഗുജറാത്തില്‍ പോകേണ്ടിയിരുന്നോ എന്ന കാര്യം മാത്രമാണ് തുടക്കത്തില്‍ പ്രശ്നവത്കരിച്ചത്. തീര്‍ച്ചയായും ഭരണനിര്‍വ്വഹണത്തിന്, പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി എത്തിച്ചുനല്‍കാന്‍ ഏറ്റവും നവീനമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിന് ജനാധിപത്യബോധമുള്ള ഒരാള്‍ക്കും എതിര് നില്‍ക്കാന്‍ സാധ്യമല്ല. അതുകൊണ്ടുതന്നെ ഡാഷ് ബോർഡ് സിസ്റ്റം പോലുള്ള ആപ്പുകളെ ഏകപക്ഷീയമായ എതിര്‍ക്കാനുമാവില്ല.

എന്താണ് ഡാഷ് ബോര്‍ഡ് വികസനം?

കഴിഞ്ഞ പത്തിരുപത് വര്‍ഷങ്ങളായി ഗുജറാത്ത് ഭരിക്കുന്ന ബിജെപി, 2019-ൽ വിജയ് രൂപാണി മുഖ്യമന്ത്രിയായിരിക്കെയാണ് ഡാഷ് ബോർഡ് സിസ്റ്റം കൊണ്ടുവന്നത്. നാഷണല്‍ ഇന്‍ഫര്‍മേറ്റിക് സെന്ററിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംസ്ഥാനത്തെ ഭരണകാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ വിരല്‍ തുമ്പില്‍ എത്തുമെന്നതാണ് ഈ മോഡലിന്‍റെ പ്രത്യേകത. ഇതുവഴി എല്ലാ ദിവസവും വിവിധ വകുപ്പുകളിലെ പ്രവര്‍ത്തനങ്ങള്‍  അവലോകനം നടത്താനും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രിക്ക് സാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ഓഫീസിലോ വസതിയിലോ മറ്റ് സ്ഥലങ്ങളിലോ ഇരുന്ന് ഭരണപരമായ കാര്യങ്ങളില്‍ വളരെ വ്യക്തതയോടെ ഇടപെടാന്‍ മുഖ്യമന്ത്രിക്ക് ശേഷി നല്‍കുന്ന സോഫ്റ്റ്‌വെയര്‍ ആപ്ളിക്കേഷനാണിത്. പദ്ധതികള്‍ വിലയിരുത്താനും അത് ഏകോപിപ്പിക്കാനും ഇതില്‍ പ്രത്യേക സംവിധാനമുണ്ടാകും. കൂടാതെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന മികവ് വിലയിരുത്താനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ അപ്പോള്‍ തന്നെ അവര്‍ക്ക് നല്‍കാനും സാധിക്കും. മുഖ്യമന്ത്രിതന്നെ നേരിട്ട് മോണിറ്റര്‍ ചെയ്യുന്നതിനാല്‍ ഫയലുകളില്‍ പെട്ടെന്ന് തീര്‍പ്പുണ്ടാക്കാനും സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തന മികവ് ഉറപ്പുവര്‍ത്താനും ഡാഷ് ബോർഡ് സിസ്റ്റം വഴി സാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ മേല്‍ സൂചിപ്പിച്ചതു പ്രകാരം സാധാരണക്കാരായ ജനങ്ങളുടെ പരാതികള്‍ക്ക് വളരെ വേഗത്തില്‍ തീര്‍പ്പുണ്ടാക്കുന്നതിനും ചുവപ്പ് നാടയില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനും സാധിക്കുമെന്നതാണ് ഡാഷ് ബോർഡ് സിസ്റ്റത്തിന്റെ വലിയ സവിശേഷതയായി എണ്ണപ്പെടുന്നത്. 

450- ലധികം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ പദ്ധതിയും ഡാഷ് ബോര്‍ഡ് സംവിധാനം വിലയിരുത്തുക. ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളായ അഭ്യന്തരം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങിയവയെ കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ഡാഷ് ബോര്‍ഡ് സംവിധാനം എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് പഠിക്കാനാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കേരളത്തിലെ ഉദ്യോഗസ്ഥ പ്രതിനിധി സംഘം ഗുജറാത്ത് സന്ദര്‍ശിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയെല്ലാം കോര്‍ത്തിണക്കി മികച്ച രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ഗുജറാത്തിന് സാധിച്ചിരുന്നുവെന്നാണ് ഡാഷ് ബോര്‍ഡ് സംവിധാനത്തെ അനുകൂലിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. ഈ സംവിധാനം നടപ്പിലായതോടെ ഓഫീസ് പരിഷ്കരണം, പദ്ധതി നിര്‍വ്വഹണം, ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, വ്യക്തിഗത നിരീക്ഷണം തുടങ്ങിയ മേഖലകളില്‍ മികച്ച നേട്ടം ഗുജറാത്തിന് കൈവരിക്കാനായി എന്നാണ് പദ്ധതിയെ അനുകൂലിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്.

ഡാഷ് ബോര്‍ഡിലെ ജനാധിപത്യ വിരുദ്ധത  

ഡാഷ് ബോര്‍ഡ് സിസ്റ്റം ഭരണനിര്‍വ്വഹണ കാര്യത്തില്‍ മികവ് പുലര്‍ത്താന്‍ മുഖ്യമന്ത്രിയെ സഹായിക്കുന്നു എന്ന് പറയുമ്പോള്‍ പോലും വിദഗ്ദരിലും രാഷ്ട്രീയ ചിന്തകരിലും ഈ സംവിധാനത്തെ എതിര്‍ക്കുന്നവരുടെ എണ്ണം കുറവല്ല. മുഖ്യമന്ത്രി എന്ന ഒരൊറ്റ വ്യക്തിയിലേക്ക് സംസ്ഥാനത്തിന്‍റെ മുഴുവന്‍ കാര്യങ്ങളും ചുരുക്കപ്പെടുമെന്നതാണ് അവര്‍ പ്രധാനമായും ഉന്നയിക്കുന്നത്. കൂട്ടായ നേതൃത്വം, തീരുമാനം തുടങ്ങിയ ഏറ്റവും അടിസ്ഥാനപരമായ ജനാധിപത്യ പ്രക്രിയകളെ അത് ഇല്ലായ്മ ചെയ്യും. ബിജെപി കൊണ്ടു വന്ന ഡാഷ് ബോര്‍ഡ് വികസന പദ്ധതിക്ക് പിന്നില്‍ അധികാര കേന്ദ്രീകരണമാണ് ഉദ്ദേശിക്കുന്നത്. എല്ലാം ഒറ്റ ബിന്ദുവില്‍ കേന്ദ്രീകരിക്കുകയെന്ന ബിജെപി നയത്തിന്‍റെ മറ്റൊരു പകര്‍പ്പായി മാത്രമേ ഡാഷ് ബോര്‍ഡ് വികസനത്തെ ജനാധിപത്യവാദികള്‍ക്ക് വിലയിരുത്താന്‍ സാധിക്കുകയുള്ളൂ. ഗുജറാത്ത് മോഡല്‍ വികസനത്തെക്കുറിച്ച് നിലനില്‍ക്കുന്ന നിരവധിയായ രാഷ്ട്രീയ ആരോപണങ്ങള്‍ ഇതിനെ ശരിവെയ്ക്കുന്നുമുണ്ട് എന്ന വസ്തുത ഡാഷ് ബോര്‍ഡ് സിസ്റ്റത്തിന്റെ ആരാധകര്‍ മറന്നുകൂടാത്തതാണ്. 

ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളെ കൃത്യമായി നിരീക്ഷിച്ച്, അവരെ കോര്‍ത്തിണക്കി മികച്ച രീതിയില്‍ ഭരണം മുന്‍പോട്ടു കൊണ്ടുപോകാമെന്ന നയം തന്നെയാണ് ഇതിലെ പ്രധാനപോരായ്മയായി വിലയിരുത്തപ്പെടുന്നത്. കാരണം ഇതുതന്നെ ഒരുകൂട്ടം  ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന മികവിനെ ചോദ്യം ചെയ്യുന്നതിലേക്കും അവരെ അവിശ്വസിക്കുന്നതിലേക്കും നയിക്കാം. മേല്‍ സൂചിപ്പിച്ച വിധം  ജനാധിപത്യത്തിന് പകരം  ഏകാധിപത്യപ്രവണത നേതാക്കളില്‍ വളര്‍ന്നുവരാന്‍ സഹായിക്കുന്ന ഒരു സംവിധാനമായി ഡാഷ് ബോര്‍ഡ് സിസ്റ്റം മാറുമെന്നും വിലയിരുത്തപ്പെടുന്നു  

ഗുജറാത്ത് മോഡലിനെ പുകഴ്ത്തിയ അബ്ദുള്ളക്കുട്ടിക്കെതിരെ നടപടി എടുത്ത, ഷിബു ബേബി ജോണിന്‍റെ ഗുജറാത്ത് സന്ദര്‍ശനത്തെ വലിയ വിവാദമാക്കി മാറ്റിയ, മോദിയും അമിത് ഷായും അധികാര പടവുകള്‍ കീഴടക്കാന്‍ ആയിരങ്ങളെ കൊന്നോടിക്കിയെന്ന് വിമര്‍ശിക്കുന്ന ഇടതുപക്ഷം ഇതെല്ലാം മറന്നുകൊണ്ടാണ് ഗുജറാത്തില്‍ നിന്ന് പഠിക്കാമെന്ന തീരുമാനമെടുത്തത് എന്നത് രാഷ്ട്രീയ കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയാണ് ഉണ്ടായത്. ഇതും വരും കാലത്ത് അവരുടെ രാഷ്ട്രീയ വിശ്വാസ്യതയെ പോലും നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരിക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Christina Kurisingal

Recent Posts

Sufad Subaida 2 weeks ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 2 weeks ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More