LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വ്‌ളോഗര്‍ റിഫയുടെ മരണം; ഭര്‍ത്താവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. നിരവധി തവണ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും മെഹ്നാസ് അന്വേഷണ സംഘത്തിനുമുന്നില്‍ എത്താത്തതിനെത്തുടര്‍ന്നാണ് നടപടി. മെഹ്നാസ് രാജ്യം വിട്ടിട്ടില്ലെങ്കിലും സംസ്ഥാനാതിര്‍ത്തി കടന്നതായാണ് അന്വേഷണസംഘത്തിന്റെ നിഗമനം. റിഫയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബാംഗങ്ങള്‍ പരാതി നല്‍കിയതോടെയാണ് കേസന്വേഷിക്കുന്ന താമരശേരി ഡി വൈ എസ് പിയും സംഘവും കാസര്‍ഗോഡുളള മെഹ്നാസിന്റെ വീട്ടിലെത്തിയത്. 

കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തെങ്കിലും പൊലീസിന് മെഹ്നാസിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് തിങ്കളാഴ്ച്ച പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ മെഹ്നാസിനോട് ആവശ്യപ്പെട്ടിരുന്നു. ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെ വ്യാഴാഴ്ച്ച വരെ പൊലീസ്  സമയം അനുവദിച്ചുനല്‍കുകയായിരുന്നു. എന്നാല്‍ പെരുന്നാളിനുശേഷം യാത്ര പോയ മെഹ്നാസ് ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. നിലവില്‍ മെഹ്നാസിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റിഫയുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ രാസ പരിശോധനാ ഫലവും ലഭിച്ചതിനുശേഷം തുടര്‍നടപടികളിലേക്ക് കടന്നാല്‍മതിയെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. മരണത്തില്‍ ദുരൂഹതയാരോപിച്ച് റിഫയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതോടെ മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മാര്‍ട്ടം ചെയ്യുകയായിരുന്നു.

മാര്‍ച്ച് ഒന്നിനാണ് ദുബായിലെ ഫ്‌ളാറ്റില്‍ റിഫയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മെഹ്നാസാണ് റിഫയുടെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടന്‍തന്നെ മറവ് ചെയ്യുകയായിരുന്നു. മെഹ്നാസിന്റെ സ്വഭാവത്തില്‍ അസ്വഭാവികത തോന്നിയതോടെയാണ് റിഫയുടെ മാതാപിതാക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് പരാതി നല്‍കിയത്.

Contact the author

Web Desk