LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു

ഡല്‍ഹി: ഗുജറാത്ത് കോൺഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ പാര്‍ട്ടി വിട്ടു. ഗുജറാത്ത് കോണ്‍ഗ്രസിനകത്തെ ചേരിപ്പോരിനെ തുടർന്നാണ് ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ ഹാര്‍ദിക് പാട്ടേല്‍ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. താന്‍ പാര്‍ട്ടി വിടണമെന്ന് ആഗ്രഹിക്കുന്ന നിരവധി നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. അതിനാല്‍ താന്‍ കോണ്‍ഗ്രസില്‍ ഉറച്ച് നില്‍ക്കുമെന്നും പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. 

കോൺഗ്രസ് പാർട്ടിയിൽ നിന്നും സ്ഥാനമൊഴിയാനുള്ള ധൈര്യം ഞാൻ സംഭരിക്കുകയാണ്. എന്റെ തീരുമാനത്തെ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചെങ്കിലും ഗുജറാത്തിന് വേണ്ടി ക്രിയാത്മകമായി ഇടപെടാന്‍ എനിക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കുള്ള രാജിക്കത്ത് പങ്കുവെച്ച് ഹാർദിക് പട്ടേൽ ട്വിറ്റർ പോസ്റ്റിൽ കുറിച്ചു. 2019 -ലെ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പാണ് ഹാർദിക് പട്ടേൽ കോണ്‍ഗ്രസില്‍ ചേരുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗുജറാത്ത് വര്‍ക്കിംഗ് പ്രസിഡന്‍റായ താന്‍ സംസ്ഥാനത്ത് നടക്കുന്ന പാര്‍ട്ടി യോഗങ്ങള്‍ അറിയാറില്ല. തന്നെ ഒരു മീറ്റിംഗിലും പങ്കെടുപ്പിക്കുന്നില്ലെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും തന്നെ പുറത്താക്കാന്‍ ശ്രമിക്കുകയാണെന്നും ഹാർദിക് പട്ടേൽ നേരത്തെ തുറന്നടിച്ചിരുന്നു. ഹൈക്കമാന്‍ഡിനോട് ഈ വിഷയം പരിഗണിക്കണമെന്നും ഹാർദിക് ആവശ്യപ്പെട്ടിരുന്നു. അതേസമയം കഴിഞ്ഞയാഴ്ച്ച രാജസ്ഥാനില്‍ വെച്ച് നടന്ന കോണ്‍ഗ്രസ് പാര്‍ട്ടി സമ്മേളനമായ ചിന്തന്‍ ശിബിരത്തിലും ഹാര്‍ദിക് പങ്കെടുത്തിരുന്നില്ല. 

അതേസമയം, ഹാർദിക് പട്ടേൽ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. രണ്ട് തവണ അദ്ദേഹം ബിജെപിയുടെ സംസ്ഥാന പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ ഹാർദിക് പട്ടേലിനെതിരെ ചുമത്തിയ കേസുകള്‍ ബിജെപി സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളില്‍ നിന്നും തന്‍റെ പേരിനൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവെന്ന വാക്ക് നീക്കം ചെയ്ത  ഹാർദിക് പട്ടേല്‍ കാവി ഷാള്‍ ധരിച്ച ആളിന്‍റെ ചിത്രം പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കുകയും ചെയ്തിരുന്നു. 

Contact the author

National Desk