LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എ കെ ആന്‍റണിയുടെ ചോദ്യത്തില്‍ സതീഷസുധാരകരാദികള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌- ക്രിസ്റ്റിന കുരിശിങ്കല്‍

തൃക്കാക്കരയിൽ ചർച്ച ചെയ്യപ്പെടേണ്ടത് വികസനമാണ്. വികസനം സ്വപ്നം കാണുന്നവരും വികസന വിരുദ്ധരും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഈ ഉപതെരഞ്ഞെടുപ്പിൽ നടക്കുക.'' - എന്നിങ്ങനെ പിണറായി മുതൽ എം സ്വരാജ് വരേയുള്ളവർ മുന്നോട്ടുവെച്ച ചർച്ച scope ഉണ്ടായിട്ടും ഏറ്റെടുക്കാനുള്ള രാഷ്ട്രീയ കുശലതയില്ലാത്ത സതീഷസുധാകരാദികൾ അപ്പപ്പോൾ വീണു കിട്ടുന്ന വിവാദങ്ങൾ കൊഴുപ്പിച്ച് തൃക്കാക്കരയിൽ തുഴഞ്ഞുകയറാം എന്നാണ് കണക്കുകൂട്ടിയത്.

1.സഭയുടെ സ്ഥാനാർത്ഥി. 

2. എൽ ഡി എഫ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ബാഹ്യ ഇടപെടൽ.

3. അതിജീവിതയെ അപമാനിക്കുന്നു.

4. അശ്ശീല വീഡിയോയെ തള്ളിപ്പറയാതിരിക്കൽ.

തുടങ്ങി പ്രചാരണത്തിൻ്റെ മുന ചിതറിപ്പോയതിന് ഉദാഹരണങ്ങൾ നിരവധിയുണ്ട്. ഏറ്റവുമൊടുവിൽ ''നിങ്ങളെന്തിനാണ് തൃക്കാക്കര പിടിക്കാൻ ഇങ്ങനെ പെടാപാട് പെടുന്നത്? അത് ഞങ്ങളുടെ സീറ്റല്ലെ? ഞങ്ങൾക്ക് തന്നൂടെ?'' പറ്റില്ല അല്ലെ... '' എന്ന തരത്തിൽ 'ചിത്രം' സിനിമയിലെ മോഹന്‍ലാല്‍ ലെവലില്‍ ഉള്ളില്‍ തേങ്ങിയൊരു സുധാകര മൊഴി.  ഈ ഘട്ടത്തിലാണ് ഏ കെ ആൻ്റണിയുടെ രംഗപ്രവേശം. കേന്ദ്രത്തില്‍ അങ്ങേരൊന്നും ചെയ്തില്ല, പാര്‍ലമെന്റില്‍ എഴുന്നേറ്റുനിന്നില്ല, സംഘടന തകരുമ്പോള്‍ കയ്യും കെട്ടി നോക്കിനിന്നു... തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് ആന്റണിയെ കൊച്ചാക്കി കോമഡിയാക്കുന്നവര്‍ക്കുള്ള മറുപടിയായിരുന്നു ആ ലോഞ്ചിംഗ്! 

എന്തുകൊണ്ടാണ് അങ്ങനെ? 

അത് പറയാം. തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ തന്നെ ഇടതുമുന്നണി അജണ്ട നിശ്ചയിച്ചു കഴിഞ്ഞിരുന്നു. കെ റെയില്‍ കല്ല്‌ നാട്ടുകയും കോണ്‍ഗ്രസുകാര്‍ അത് പറിച്ചോണ്ടോടുകയും ചെയ്യുന്ന ഹാസ്യ പരിപാടി അരങ്ങേറുന്ന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. അതുകൊണ്ടുതന്നെ കെ റെയില്‍ അനുകൂലികളായ സംസ്ഥാന സര്‍ക്കാരും സര്‍ക്കാര്‍ അനുഭാവികളും വികസനവാദികളായും  കെ റെയില്‍ വരരുത് എന്ന് ശഠിച്ച് കുറ്റി പറിച്ചുനടന്നവര്‍ വികസന വിരുദ്ധരായും മുദ്രകുത്തപ്പെടണം എന്ന ലക്ഷ്യത്തോടുകൂടിയാണ് എല്‍ ഡി എഫ് തങ്ങളുടെ തെരഞ്ഞെടുപ്പ് അജണ്ട സെറ്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും തെരഞ്ഞടുപ്പ് പോരാട്ടങ്ങളുടെ മുന്നില്‍ നിന്നുകൊണ്ട് 'വികസനമാണ് ചര്‍ച്ച' എന്നങ്ങ് കാച്ചി. സ്വാഭാവികമായും കെ സുധാകരനും വി ഡി സതീശനും വെള്ളം കുടിക്കും എന്നവര്‍ കണക്കുകൂട്ടി. ഒരു അജണ്ട ഒരു കൂട്ടര്‍ ഇടുമ്പോള്‍ മറുവിഭാഗം അത് ഏറ്റെടുക്കണമെങ്കില്‍ ആ ചര്‍ച്ചയില്‍ മേല്‍ക്കൈ നേടാനാകും എന്ന് അവര്‍ക്ക് പൂര്‍ണ്ണബോധ്യം ഉണ്ടാകണം. ദൌര്‍ഭാഗ്യവശാല്‍ അത്തരം ഒരു ശുഭാപ്തി വിശ്വാസമോ വിശകലന ശേഷിയോ ഒരുമയോ കെ സുധാകരനും വി ഡി സതീശനും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ഗോദയില്‍ എല്ലാറ്റിനും മുന്‍ കൈ ഇതുവരെ ലഭിച്ചത് ഇടതുമുന്നണിക്കാണ്. അവര്‍ വികസനം ചര്‍ച്ച ചെയ്യുകയും കെ റെയിലിന്റെ അനിവാര്യതയെ കുറിച്ചും കേരളം പുരോഗമിക്കേണ്ടതിനെ കുറിച്ചും യു ഡി എഫ് എങ്ങിനെ കേരളത്തിന്റെ വികസനത്തിന് വഴിമുടക്കികളായി നില്‍ക്കുന്നുവെന്നതിനെ കുറിച്ചും വിശദീകരിച്ചു നടന്നുകൊണ്ടിരിക്കുന്നു. 

ആരാണ് കേരളത്തില്‍ വികസനം കൊണ്ടുവന്നത്?

മേല്പറഞ്ഞ എല്‍ ഡി എഫ് പ്രചാരണം മുറുകിക്കൊണ്ടിരിക്കുമ്പോഴാണ് ഡല്‍ഹിവാസം അവസാനിപ്പിച്ച് തിരിച്ചെത്തിയ ഏ കെ ആന്റണി വികസനത്തെ കുറിച്ച് ഒരൊന്നൊന്നര ചോദ്യം തിരിച്ചുന്നയിച്ചത്. ആരാണ് കേരളത്തില്‍ വികസനം കൊണ്ടുവന്നത് എന്നതായിരുന്നു ആ പവന്‍ മാറ്റ് ചോദ്യം. സമാര്‍ട്ട് സിറ്റിയും കൊച്ചി മെട്രോയും വല്ലാര്‍പാടവും നെടുമ്പാശ്ശേരി വിമാനത്താവളവും സ്ഥിതിചെയ്യുന്ന എറണാകുളം ജില്ലയില്‍ വെച്ച് ഈ ചോദ്യം ഉന്നയിച്ചാല്‍ തങ്ങള്‍ക്ക് മോശം സംഭവിക്കില്ല എന്ന് മാത്രമല്ല എല്‍ ഡി എഫിനെ പ്രതിരോധത്തിലാക്കുകയും ചെയ്യാം എന്ന രാഷ്ട്രീയ കൌശലമുണ്ട് ആ ചോദ്യത്തില്‍. മേല്‍ സൂചിപ്പിച്ച പദ്ധതികളെല്ലാം കൊണ്ടുവന്നത് യു ഡി എഫാണ് എന്ന് പറയാനും ആ ഘട്ടങ്ങളിലൊക്കെ ആ പദ്ധതിയെ എതിര്‍ക്കാനാണ് സിപിഎമ്മും എല്‍ ഡി എഫും ശ്രമിച്ചത് എന്ന് പറഞ്ഞ് അവരെ പ്രതിരോധത്തിലാക്കാനും പിണറായി തന്നെ മുന്നോട്ടുവെച്ച 'വികസന അജണ്ട' ചര്‍ച്ചയ്ക്കെടുത്താല്‍ സാധിക്കുമെന്ന തിരിച്ചറിവാണ് ആന്റണി ആ പവന്‍ മാറ്റ് ചോദ്യത്തിലൂടെ പ്രകടിപ്പിച്ചത്. കൂട്ടത്തില്‍ കമ്പ്യൂട്ടറിനെ എതിര്‍ത്തതും ട്രാക്ടറിനെതിരെ നിന്നതുമായ കാര്യങ്ങള്‍ ചര്‍വ്വിതചര്‍വ്വണം ചെയ്യാം. ഇത്രയുമായിരുന്നു ആന്‍റണിയുടെ ലക്‌ഷ്യം. തുടര്‍ചര്‍ച്ചയിലും ടി വി യിലും വികസനം വീണ്ടും ചര്‍ച്ചയായാല്‍ സിപിഎം വെള്ളം കുടിക്കും, പ്രതിരോധത്തിലാകും എന്ന് ആന്‍റണിക്ക്  മുന്‍കൂട്ടിക്കാണാന്‍ കഴിഞ്ഞത് പതിറ്റാണ്ടുകളായി കേരളരാഷ്ട്രീയത്തിന്‍റെ നേതൃനിരയില്‍ നിന്ന് പയറ്റിയതിന്റെ അനുഭവത്തില്‍ നിന്നാണ്. ഒരു കാര്യം തീര്‍ത്ത്‌ പറയാം വികസനം എന്ന പിണറായിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ ആന്റണി ഡല്‍ഹിയില്‍ നിന്ന് വരേണ്ടിവന്നു എന്നതാണ് സത്യം. 

സതീഷസുധാരകരാദികള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌

വരുന്നതിനനുസരിച്ച് പറഞ്ഞു പറഞ്ഞു പോകാം എന്ന് കരുതിയ സുധാകരനും വി ഡി സതീശനും ഇതില്‍ നിന്ന് പഠിക്കാന്‍ ഏറെയുണ്ട്. സ്ഥാനാര്‍ഥിത്വം തീരുമാനിക്കുന്നതില്‍ സഭക്ക് പങ്കുണ്ട് എന്ന പ്രസ്താവന ചാടിവീണ് തിരുത്തിയ രമേശ്‌ ചെന്നിത്തലയേയും കേരളത്തില്‍ വികസനം കൊണ്ടുവന്നത് ആരാണ് എന്ന വളരെ പ്രസക്തമായ ചോദ്യം ഉയര്‍ത്തിയ ആന്റണിയേയും പരിണതപ്രജ്ഞനായ ഉമ്മന്‍ ചാണ്ടിയെയും കവച്ചുവെച്ച് മുന്നോട്ടുപോകാം എന്നങ്ങ് ആശിക്കരുത്.  അവരെക്കൂടി കൂട്ടിയിരുത്തി മുന്നോട്ടുപോകാന്‍ നിങ്ങള്‍ക്ക് സാധിച്ചാല്‍ മാതമേ ദൈവത്തിന്‍റെ സ്വന്തം നാട്ടിലെങ്കിലും പാര്‍ട്ടിയെ പിടിച്ചുനിര്‍ത്താന്‍ സാധിക്കൂ. കാരണം അവര്‍ കമ്പും കല്ലും തിരിച്ചറിയുന്ന റിയല്‍ പോളിറ്റീഷ്യന്‍സാണ്. അവരെ വെറുപ്പിച്ചകറ്റി മൂലക്കിരുത്തിയാല്‍ ഭരണം കിട്ടില്ല എന്ന് മാത്രമല്ല ഉള്ള പാര്‍ട്ടി പോലും കാലിന്നടിയിലൂടെ ഒലിച്ചങ്ങുപോകാന്‍ അധികം സമയമെടുക്കില്ല എന്ന് സതീഷസുധാരകരാദികള്‍ക്ക് മനസ്സിലാക്കാന്‍ ഏ കെ ആന്‍റണിയുടെ ആ ചോദ്യത്തില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌.    

Contact the author

Christina Kurisingal

Recent Posts

Sufad Subaida 11 months ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 11 months ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Mridula Hemalatha 11 months ago
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More