LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അപ്പോൾ.., കേരളത്തിൽ ഈ കൊറോണ എന്ന് തീരും ? എത്ര പേർ മരിക്കും ? - മുരളി തുമ്മാരുകുടി

കൊറോണ മോഡലിംഗ്

കേരളത്തിൽ കഴിഞ്ഞ പത്തുവര്‍ഷമായി ഞാൻ ഏതൊരു ലെക്ച്ചറിന് പോയാലും ഉറപ്പായിട്ടും കിട്ടുന്ന ഒരു ചോദ്യമുണ്ട്.

"ചേട്ടാ/സാർ, മുല്ലപ്പെരിയാർ പൊട്ടുമോ ?"

ഈ ചോദ്യത്തിന് ശാസ്ത്രീയമായി  രണ്ട് സാദ്ധ്യതകൾ ആണല്ലൊ ഉള്ളത്.

1. പൊട്ടും

2. പൊട്ടില്ല.

പക്ഷെ മലയാളികൾക്ക് ഈ ചോദ്യത്തിന് രണ്ടു സാദ്ധ്യതകൾ ആണ് ഉള്ളത്

1. പൊട്ടും

2. പൊട്ടും

ഞാൻ സംസാരിക്കുന്നത് പഞ്ചായത്ത് അംഗമാണോ പാർലിമെന്‍റ്  അംഗമാണോ, എൻജിനീയർ ആണോ ഡോക്ടർ ആണോ, സ്‌കൂൾ കുട്ടികയാണൊ പ്രായം ചെന്നയാളാണൊ എന്നതൊന്നും അവരുടെ ഉത്തരത്തെ മാറ്റുന്നില്ല. ശാസ്ത്രീയമായി എന്ത് ഉത്തരം പറഞ്ഞാലും അവർ അതിന് മറുവാദവുമായി വരും.

അതുകൊണ്ട് ഞാൻ ഈ ചോദ്യത്തിന് ശാസ്ത്രീയമായി ഉത്തരം പറയാറില്ല. എന്നുവെച്ച് ഉത്തരം പറയാതെ പോരാരുമില്ല.

"ഒരു അണ കെട്ടുന്നതും, ഒരു വിവാഹം കഴിക്കുന്നതും ഒരുപോലെയാണ്. കെട്ടുന്നതെല്ലാം പൊട്ടാനുള്ള ഒരു സാധ്യത ഉണ്ട്"

സദസ്സിൽ ചിരി

"പക്ഷെ ഏത് അണക്കെട്ട് പൊട്ടുമെന്നൊ ഏത് ദാമ്പത്യം തകരുമെന്നൊ എന്നത് അത് എന്നാണ് കെട്ടിയത് എന്നതിനെ മാത്രല്ല ആശ്രയിച്ചിരുന്നത്, എത്ര നന്നായിട്ടാണ് അണക്കെട്ടൊ വിവാഹജീവിതമൊ നമ്മൾ മെയ്ന്‍റെന്‍ ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചാണ് "

വീണ്ടും ചിരി,

പക്ഷെ ചോദ്യം തീരുന്നില്ല.

"അപ്പൊ ചേട്ടാ ഭൂകമ്പം ഉണ്ടായാലോ ?"

ഞാൻ പറഞ്ഞല്ലോ, ഈ ചോദ്യത്തിന് മലയാളികളുടെ ഉത്തരം കിട്ടുന്നത് വരെ ചോദ്യോത്തരം തുടരും, അതുകൊണ്ട് ഞാൻ അടുത്ത വിഷയത്തിലേക്ക് കടക്കും.

"അടുത്ത ചോദ്യം പ്ളീസ്..."

ഈ ചോദ്യം പക്ഷെ മലയാളികളുടെ മനസ്സിൽ കാലങ്ങളായി കിടക്കുന്നുണ്ട്. ഒരു വലിയ ഭൂകമ്പം ഉണ്ടായാൽ മുല്ലപ്പെരിയാർ പൊട്ടുമോ ?

ഇതിന് ശാസ്ത്രീയമായി ഒരു ഉത്തരമില്ലേ ?.

ഉണ്ടല്ലോ.

ലോകത്തിലെ ആദ്യത്തെ അണക്കെട്ടൊ ഏറ്റവും പഴയ അണക്കെട്ടൊ ഒന്നുമല്ല മുല്ലപ്പെരിയാറിലേത്. അണക്കെട്ടുകളുടെ സുരക്ഷാ  സിവിൽ എഞ്ചിനീയറിങ്ങിലെ പാഠ്യവിഷയമാണ്.

രണ്ടു മാർഗ്ഗങ്ങൾ ഞാൻ എന്‍റെ കേരളത്തിലെ സിവിൽ എഞ്ചിനീയറിങ്ങ് സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്.

1. Physical Modeling -  അണക്കെട്ടിന്‍റെ ഒരു മാതൃക ഉണ്ടാക്കുക, അതിൽ സാധ്യതയുള്ള സമ്മർദ്ദങ്ങൾ ഈ മാതൃകയിൽ പ്രയോഗിക്കുക. ഒരു അണക്കെട്ട് ഭൂകമ്പം ഉണ്ടായാൽ എങ്ങനെ പ്രതികരിക്കുമെന്ന് പഠിക്കാനായി "ഷേക്കിങ്ങ് ടേബിൾ" എന്നൊരു സംവിധാനം ശാസ്ത്ര ലോകത്ത് ഉണ്ട്. നമ്മൾ ഉണ്ടാക്കിയ അണക്കെട്ടിന്‍റെ മാതൃക അതിന്‍റെ മുകളിൽ കയറ്റിവെച്ച് വിവിധ ശക്തിയിലുള്ള ഭൂകമ്പത്തിന്‍റെ ശക്തികൾക്ക് അതിനെ വിധേയമാക്കുക. എങ്ങനെയാണ് മോഡൽ ആ സാഹചര്യത്തിൽ പ്രതികരിക്കുക എന്നത് യഥാർത്ഥത്തിൽ അണക്കെട്ട് എങ്ങനെ പ്രതികരിക്കുമെന്നതിന്‍റെ ഏകദേശ രൂപം ആയിരിക്കും.

ഒരു ഡാമിന്‍റെ ഭൗതികമായ മോഡൽ ഉണ്ടാക്കി ടെസ്റ്റ് ചെയ്യാൻ പല പരിമിതികളും ഉണ്ട്. ഒന്നാമത്തേത് വലുപ്പം. ലോകത്ത് ഇന്ന് ലഭ്യമായ ഏറ്റവും വലുപ്പമുള്ള ഷേക്കിങ്ങ് ടേബിളിന് മുന്നൂറ് ചതുരശ്ര മീറ്റർ വആണല്ലുലൊപ്പവും ഇരുപത് മീറ്റർ നീളവുമാണ് ഉള്ളത്. അപ്പോൾ അതിൽ കയറ്റിവെക്കുന്ന ഏതൊരു മോഡലിന്‍റെയും വലുപ്പം അതിലും കുറഞ്ഞതായിരിക്കുമല്ലോ. ഇന്ത്യയിൽ ചെന്നൈയിലെ എസ്.സി.ആര്‍.സി (Structural Engineering Research Center} യിലാണ് ദേശീയ ടെസ്റ്റിംഗ് ഫെസിലിറ്റി ആയി ഒരു ഷേക്ക് ടേബിൾ ഉള്ളത്, എഴുപത്തിയഞ്ചു ചതുരശ്ര മീറ്റർ വലുപ്പം. അപ്പോൾ വളരെ ചെറിയ ഒരു മോഡൽ മാത്രമേ ഇവിടെ ടെസ്റ്റ് ചെയ്യാൻ പറ്റൂ. ചെയ്യുന്ന മോഡലിന്‍റെ വലുപ്പം കുറയുന്തോറും അതിൽ നിന്നും കിട്ടുന്ന കണക്കുകൾ   വലിയ സ്ട്രക്ച്ചറിലേക്ക് പ്രൊജക്റ്റ് ചെയ്യുന്നതിന് പരിമിതികൾ ഉണ്ട്. ഭൗതികമായ മോഡലിംഗിന് വേറെയും പരിമിതികളുണ്ട്.

2. Mathematical Modeling - ഭൗതികമായി ഉള്ള മോഡലിങ്ങിന്‍റെ ചിലവും പരിമിതികളും ഒഴിവാക്കാനാണ് കണക്കിന്‍റെ ലോകത്ത് ഡാമിനെ മോഡൽ ചെയ്യുന്നത്. ഇതാകുമ്പോൾ വലുപ്പമൊന്നും ഒരു പരിമിതി അല്ല. എത്ര വലിയ ഭൂകമ്പവും എളുപ്പത്തിൽ നമുക്ക് സിമുലേറ്റ് ചെയ്യാം. ഒരു അണക്കെട്ട് പഴയതാണെങ്കിലും അക്കാര്യം മോഡലിങ്ങിൽ പരിഗണിക്കാം. വെള്ളപ്പൊക്കവും ഭൂകമ്പവും വേണമെങ്കിൽ ഒരുമിച്ചു കൊണ്ടുവരാം. സാദ്ധ്യതകൾ അനന്തമാണ്.

പക്ഷെ ഒറ്റ പ്രശ്നമേയുള്ളൂ. ഒരു അണക്കെട്ടിനെ ഭൗതിക രൂപത്തിൽ നിന്നും  കണക്കിലേക്ക് മാറ്റുമ്പോൾ അനവധി അനുമാനങ്ങൾ നമ്മൾ നടത്തേണ്ടിവരും. മോഡലിന്‍റെ റിസൾട്ടൊക്കെ ഈ അനുമാനങ്ങളുടെ കൃത്യത അനുസരിച്ചിരിക്കും. ഒരു വസ്തുവിന്‍റെ കണക്കിലുള്ള മോഡൽ എത്രമാത്രം നന്നായി നടത്താമെന്നത് അടിസ്ഥാനപരമായി രണ്ടു കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒന്ന് എത്രമാത്രം നന്നായി ശാസ്ത്രം ആ വിഷയത്തെ പഠിച്ചിട്ടുണ്ട്. രണ്ട്, എത്ര മാത്രം കമ്പ്യൂട്ടർ പവർ നമുക്ക് ലഭ്യമാണ്.   ചവറാണ് മോഡലിന്‍റെ അകത്തേക്ക് പോകുന്നതെങ്കിൽ ചവർ തന്നെയാണ് പുറത്തേക്ക് വരിക (Garbage In Garbage Out) എന്നത് മോഡലിംഗ് പഠിപ്പിക്കുമ്പോൾ ഞങ്ങളെ പഠിപ്പിക്കുന്ന അടിസ്ഥാന പാഠമാണ്.

കമ്പ്യൂട്ടറിൽ നിന്നും മോഡലിന്‍റെ റിസൾട്ട് വരുമ്പോൾ ഒരു കുഴപ്പമുണ്ട്. വളരെ കൃത്യമായിട്ടാണ് ഉത്തരം കിട്ടുന്നത്, മോഡലിന്‍റെ പുറകുവശത്ത് നടത്തിയിരിക്കുന്ന അനുമാനങ്ങളൊന്നും പുറത്തുവരുന്ന മോഡലിന്‍റെ ഔട്ട് പുട്ടിൽ കാണില്ല. അപ്പോൾ അനുമാനങ്ങൾ അറിയാതെ മോഡലിംഗ് മാത്രം നോക്കി അണക്കെട്ട് പൊട്ടുമെന്നൊ പൊട്ടില്ലെന്നോ പറയുന്നതിൽ ശാസ്ത്രത്തിന് പരിമിതിയുണ്ട്. ഓരോ മൺസൂൺ കാലത്തും നമ്മുടെ കാലാവസ്ഥയൊക്കെ ശാസ്ത്രജ്ഞമാർ മോഡൽ ചെയ്യാറുണ്ട്. ഏറെ സങ്കീർണ്ണമാണ് കാലാവസ്ഥയുടെ മോഡലിംഗ്. നൂറു വർഷത്തിലേറെയായി നമുക്ക് ഈ വിഷയം അറിയാമെങ്കിലും സൂപ്പർ കമ്പ്യൂട്ടറുകളൊക്കെ വന്നിട്ടുണ്ടെങ്കിലും നമ്മുടെ കാലാവസ്ഥാ പ്രവചനമൊന്നും ശരിയാവാത്തതിന്‍റെ കാരണം പ്രകൃതി ശക്തികളെ നാം ഇനിയും പൂർണ്ണമായും മനസ്സിലാക്കിയിട്ടില്ല എന്നതും എല്ലാ സാധ്യതകളും ഉൾപ്പെടുത്തി മോഡൽ ഉണ്ടാക്കിയാൽ ഒരു ഔട്ട്പുട്ട് വരാൻ ഇപ്പോഴത്തെ കമ്പ്യൂട്ടർ കഴിവിൽ ആഴ്ചകൾ എടുക്കും എന്നതുമൊക്കെ തന്നെയാണ്.

ഇതൊക്കെ ഇപ്പോൾ ഓർക്കാൻ കാരണമുണ്ട്. കൊറോണ എന്നുവരെ നീണ്ടു നിൽക്കും,  എത്ര ആളുകളെ ബാധിക്കും, എത്ര ആളുകൾ മരിക്കും എന്നതിനെപ്പറ്റിയൊക്കെ ലോകത്തെമ്പാടും മോഡലുകൾ ഉണ്ടാക്കുന്ന കാലമാണല്ലോ. കേരളത്തിലും ഒന്നിൽ കൂടുതൽ മോഡലുകൾ ഞാൻ കണ്ടിരുന്നു. വളരെ കൃത്യമായി ഏപ്രിൽ അവസാനത്തോടെ "ഇത്ര ലക്ഷം ആളുകൾക്ക് ബാധിക്കും, ഇത്ര  ആളുകൾ ആശുപത്രിയിൽ എത്തും" എന്ന് ഒരു മോഡൽ, അല്ല ജൂണിലാണ് കൂടുതൽ ആളുകൾക്ക് അസുഖം ഉണ്ടാകാൻ പോകുന്നതെന്നും ആശുപത്രിയിൽ എത്തുന്നതെന്നുമുള്ള മറ്റൊരു മോഡൽ. ഇത് രണ്ടുമല്ലാതെയും മോഡലുകൾ കാണും. ഞാൻ കണ്ടിട്ടില്ല എന്നേയുള്ളൂ.

അപ്പോൾ ഇതിൽ ഏതാണ് ശരിയായ മോഡല്‍ ?, എന്നാണ് കൊറോണക്കാലം അവസാനിക്കുന്നത് ?, എത്ര ആളുകൾക്ക് അസുഖം ഉണ്ടാകും ?,ആശുപത്രിയിൽ എത്തും ?,  മരിക്കും ?.

വളരെ ന്യായമായ ചോദ്യങ്ങൾ ആണ്. ഉത്തരം പറയാൻ ശാസ്ത്രജ്ഞമാർ ബാധ്യസ്ഥരുമാണ്.

പക്ഷെ ഇവിടെയാണ് ശാസ്ത്രത്തിന്‍റെ മറ്റൊരു പരിമിതി നമ്മൾ മനസ്സിലാക്കേണ്ടത്.

ഈ ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ ശാസ്ത്രത്തിന്‍റെ കയ്യിൽ തൽക്കാലം ഉള്ളത് കണക്കുകൾ കൊണ്ടുള്ള മോഡൽ മാത്രമാണ്. പക്ഷെ അങ്ങനെ ഒരു മോഡൽ ഉണ്ടാക്കുമ്പോൾ അതിലേക്ക് അനവധി അനുമാനങ്ങൾ പോകുന്നുണ്ട്, ആ അനുമാനങ്ങൾ എത്രമാത്രം ശരിയാണ് എന്നതിനനുസരിച്ചിരിക്കും മോഡൽ റിസൾട്ടുകളുടെ കൃത്യത.

ആരോഗ്യരംഗത്ത് മോഡൽ ഉപയോഗിക്കുന്നത് ആദ്യമായിട്ടൊന്നുമല്ല. പക്ഷെ കൊറോണയുടെ കാര്യത്തിൽ ഇപ്പോഴും നമുക്കറിയാത്ത ഏറെ കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് ചൂട് കൂടുമ്പോൾ കൊറോണയുടെ വ്യാപനത്തിന് എന്ത് സംഭവിക്കും, ഹ്യൂമിഡിറ്റിയും കൊറോണയും തമ്മിലുള്ള ബന്ധമെന്താണ്, ലോക്ക് ഡൌൺ പ്രഖ്യാപിച്ചാൽ എത്ര ശതമാനം ആളുകൾ അത് കൃത്യമായി പാലിക്കും, എന്നിങ്ങനെ പലതും.

മോഡലിംഗ് ചെയ്യുന്നവർക്ക് ഇതിന്‍റെ പരിമിതികൾ കൃത്യമായി അറിയാം, അക്കാര്യം അവർ പറയുന്നുമുണ്ട്. പക്ഷെ മോഡലിംഗ് ഔട്ട്പുട്ട് വായിക്കുന്ന ഈ രംഗത്ത് പരിചയമില്ലാത്തവർക്ക് ഈ കണക്കുകൾ "കൃത്യമാണ്" എന്ന് തോന്നും, ചിലർ പേടിക്കും, ചിലർ അത് ഒളിച്ചുവെക്കാൻ നോക്കും.

അപ്പോൾ ഈ കൊറോണ മോഡലിംഗ് പ്രത്യേകിച്ച് ഗുണമില്ലാത്ത ഒന്നാണെന്നാണോ പറഞ്ഞു വരുന്നത് ?

തീർച്ചയായും അല്ല. വരും ആഴ്ചകളിലും മാസങ്ങളിലും എങ്ങനെയാണ് കൊറോണ ലോകത്തെ ബാധിക്കുന്നത് എന്ന് പ്രവചിച്ചാൽ മാത്രമേ ലോകത്തിന് അതിനായി തയ്യാറെടുക്കാൻ പറ്റൂ. പ്രവചനത്തിൽ കാണുന്ന കണക്കുകളിലെ ഗൗരവം മനസ്സിലാക്കി സർക്കാരും ജനങ്ങളും മുൻ‌കൂർ നടപടികൾ എടുക്കുമ്പോൾ കൊറോണയുടെ വ്യാപനവും ആഘാതവും കുറയുന്നു (അതായത് പ്രവചനം തെറ്റുന്നു).

കൊറോണ ഇറ്റലിയെ ബാധിച്ച കാലത്ത് ലോക്ക് ഡൌൺ ഒന്നും വേണ്ട എന്ന അഭിപ്രായമായിരുന്നു ഇംഗ്ലണ്ടിന് ഉണ്ടായിരുന്നത്. രോഗം പരന്ന് സമൂഹത്തിന് മൊത്തം "herd immunity" വരുന്നതാണ് സാമ്പത്തിക തകർച്ച ഉണ്ടാകാതെ ഈ വിഷയം കൈകാര്യം ചെയ്യാൻ നല്ലതെന്ന് പ്രധാനമന്ത്രി കരുതി. അപ്പോഴാണ് ഇമ്പീരിയൽ കോളേജ് ഒരു മോഡലുമായി വരുന്നത്. അത്തരം ഒരു തന്ത്രം പിന്തുടർന്നാൽ അഞ്ചു ലക്ഷം ആളുകൾ വരെ ഇംഗ്ലണ്ടിൽ മരിക്കാം എന്ന് അവരുടെ മോഡൽ പ്രവചിച്ചു. കേട്ടതും ആളുകൾ പേടിച്ചു, സർക്കാർ തന്ത്രം മാറ്റി, രാജ്യം ലോക്ക് ഡൗണിൽ ആയി. പുതിയ സാഹചര്യത്തിൽ മരണം ഇരുപത്തിനായിരത്തിന് താഴെയാകുമെന്ന് അതേ പ്രൊഫസർ പുതിയ പ്രവചനവുമായി വന്നു. ഇനിയും സാഹചര്യങ്ങൾ മാറാം, വീണ്ടും മോഡലിലേക്ക് പോകുന്ന അനുമാനങ്ങൾ മാറും, പ്രവചനങ്ങളും. അതാണ് ശാസ്ത്രത്തിന്‍റെ രീതി.

സാധാരണ ആളുകൾക്ക് ഇത് ഉൾക്കൊള്ളുക അത്ര എളുപ്പമല്ല, "കൃത്യമായ കണക്കുകൾ, സംശയത്തിന് ഇടയില്ലാത്ത വണ്ണം പറഞ്ഞു കേൾക്കുന്നതാണ് ആളുകൾക്ക് ഇഷ്ടം. ടി വി ചർച്ചയിലൊക്കെ ശാസ്ത്രജ്ഞന്മാർ പൊട്ടിപ്പാളീസാകുന്നതും കപടശാസ്ത്രജ്ഞർക്ക് മേൽക്കൈ കിട്ടുന്നതും അതുകൊണ്ടാണ്.  

"The trouble with the world is that the stupid are cocksure and the intelligent are full of doubt." എന്ന് പറഞ്ഞത് ബെർട്രാൻഡ് റസ്സൽ ആണ്.

അപ്പോൾ കേരളത്തിൽ ഈ കൊറോണ എന്ന് തീരും ?, എത്ര രോഗികൾ ഉണ്ടാകും ?

എത്ര പേർ മരിക്കും ?

ഈ ചോദ്യങ്ങളുടെ ഉത്തരം തേടി സാധാരണക്കാർ മോഡലിന്‍റെ പുറകെ പോകാതിരിക്കുന്നതാണ് ബുദ്ധി. അക്കാര്യം മോഡലിങ്ങ് അറിയുന്നവർ ചെയ്യട്ടെ, തീരുമാനങ്ങൾ എടുക്കാൻ ഉത്തരവാദിത്തപ്പെട്ടവരുടെ മുന്നിൽ മോഡലിന്‍റെ  അനുമാനങ്ങളും പരിമിതികളും ഉൾപ്പടെ വെക്കട്ടെ. എല്ലാ പരിമിതികളും മനസ്സിലാക്കി അവർ തീരുമാനങ്ങൾ എടുക്കട്ടെ.

നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ഉണ്ട്.

1. കൊറോണക്കെതിരെയുള്ള യുദ്ധം ഒരു മാരത്തോൺ ഓട്ടമാണ്, അല്ലാതെ ഇരുന്നൂറു മീറ്റർ ഓട്ടമല്ല എന്ന് വീണ്ടും വീണ്ടും ഓർക്കുക ! കൊറോണയുടെ ഒന്നാം വരവിനെ നാം പിടിച്ചു കെട്ടി. രണ്ടാമത്തെ വരവിലും ഭൂതം തിരിച്ചു കുപ്പിലേക്ക് പോകുന്ന കാഴ്ചയാണ് കാണുന്നത്. പക്ഷെ ആഘോഷത്തിന് സമയമായിട്ടില്ല. കൊറോണക്ക് ശാസ്ത്രം പ്രതിവിധി കണ്ടുപിടിക്കുന്നത്രയും നാൾ എന്നുവേണമെങ്കിലും സമൂഹത്തിലൂടെ സുനാമിപോലെ ഈ രോഗം പടരാം, അത് ലക്ഷങ്ങളിൽ എത്താം, മോഡലുകളെ സത്യമാക്കാം.

2. നമ്മുടെ ആരോഗ്യ സംവിധാനങ്ങളെ കുറിച്ച് നമുക്ക് ഏറെ അഭിമാനിക്കാമെങ്കിലും ഏറെ പരിമിതികൾ ഉള്ള ഒന്നാണ് അതെന്ന്  വീണ്ടും  വീണ്ടും മനസ്സിലാക്കണം. നമ്മളെക്കാൾ എത്രയോ ഭൗതിക സൗകര്യങ്ങളും പണവും ആളോഹരി ആശുപത്രികളും ആരോഗ്യ പ്രവർത്തകരുമൊക്കെയുള്ള സ്ഥലങ്ങളെ കൊറോണ എടുത്തിട്ട് കുടഞ്ഞു. അപ്പോൾ നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്കകത്ത് നിന്നുകൊണ്ട് ഈ യുദ്ധം ചെയ്യാനുള്ള സാഹചര്യം നമ്മുടെ ആരോഗ്യപ്രവർത്തകർക്ക് ഉണ്ടാക്കിക്കൊടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഈ മോഡലുകളിൽ പറയുന്ന അക്കങ്ങൾ അത് ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ അത് നല്ല കാര്യമാണ്. മുകരുതലുകളിൽ അല്പം പോലും കുറവുണ്ടാക്കാനുള്ള സമയമായിട്ടില്ല.

3. വരുന്ന ആഴ്ചകളും മാസങ്ങളും വെല്ലുവിളികളുടേത് തന്നെയാണ്. "കേരളം അതി ജീവിച്ചു" "കേരള മോഡൽ" എന്നൊക്കെ ചിന്തിച്ചും പറഞ്ഞും ഓവറാക്കരുത്.  ആരോഗ്യരംഗത്തെ വെല്ലുവിളി നാം അതിജീവിച്ചാൽ പോലും സാമ്പത്തിക രംഗം, തൊഴിൽ രംഗം, വിദ്യാഭ്യാസം, പ്രവാസികളുടെ കാര്യം ഇതൊക്കെ നമ്മുടെ മുന്നിൽ, നമുക്ക് നമ്മുടെ പരിമിതികൾക്കുള്ളിൽ കൈകാര്യം ചെയ്യാനാവാത്ത വെല്ലുവിളികളായി ഉയർന്നു വരികയാണ്.

4. മറ്റു നാടുകളിൽ നിന്നും വരുന്ന, വരാൻ പോകുന്ന,  മോശപ്പെട്ട വാർത്തകൾ, സാമ്പത്തികം, തൊഴിൽ, വിദ്യാഭ്യാസം എന്നീ കാര്യങ്ങളിൽ കേരളത്തിൽ തന്നെയുള്ള വെല്ലുവിളി. ഇത് രണ്ടും കൊറോണക്കാലത്തെ നേരിടാനുള്ള നമ്മുടെ മനസികാരോഗ്യത്തെയും ആത്മവിശ്വാസത്തേയും ബാധിക്കാൻ പോവുകയാണ്.

ഞാൻ പ്രതീക്ഷിച്ചത് പോലെയും, മുൻപ് പറഞ്ഞിരുന്നത് പോലെയും മലയാളി സമൂഹം ഏറ്റവും ഒത്തൊരുമയോടെ ഈ വിഷയത്തെ നേരിടുകയാണ്. ആരോഗ്യ വെല്ലുവിളി നേരിടാൻ നാം കാണിച്ച ഒത്തൊരുമയും പ്ലാനിങ്ങും മറ്റു രംഗങ്ങളിലും കാണിച്ചാൽ നമുക്ക് വലിയ പരിക്കില്ലാതെ രക്ഷപെടാൻ ഒരു സാധ്യതയെങ്കിലും ഉണ്ട്.

അങ്ങനെ വെല്ലുവിളികളിൽ നിന്നും കൂടുതൽ ഒത്തൊരുമയോടെ ഉണർത്തെഴുന്നേൽക്കുന്ന ഒരു മലയാളി സമൂഹത്തെയാണ് ഈ ഈസ്റ്റർ ദിനത്തിൽ ഞാൻ സ്വപ്നം കാണുന്നത്.



Contact the author

Web Desk

Recent Posts

Sufad Subaida 11 months ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 11 months ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Mridula Hemalatha 11 months ago
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More