കോഴിക്കോട്: കോഴിക്കോട് പ്രോവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ ശിരോവസ്ത്ര വിലക്കിനെതിരെ പ്രതിഷേധം ശക്തം. എം എസ് എഫ് ഹരിത ഇന്ന് സ്കൂളിന് മുന്നില്‍ പ്രതിഷേധിക്കും. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പരാതി ബോധിപ്പിക്കാനാണ് വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന്റെ തീരുമാനം. പ്ലസ് വണില്‍ പുതുതായി അഡ്മിഷല്‍ ലഭിച്ച് എത്തിയ വിദ്യാര്‍ത്ഥിനിയോടാണ് സ്കൂളില്‍ ശിരോവസ്ത്രം അനുവദിക്കില്ലെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞത്.
സ്കൂളിന്റെ യൂണീഫോമില്‍ ശിരോവസ്ത്രമില്ലെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കുമെങ്കില്‍ വിദ്യാര്‍ത്ഥിനിയെ സ്കൂളില്‍ ചേര്‍ത്താല്‍ മതിയെന്നും സ്കൂളിലെ പ്രധാനാധ്യാപിക പറഞ്ഞതായി രക്ഷിതാവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സ്കൂളിലെ ശിരോവസ്ത്ര വിലക്കിനെതിരെ പ്രതിഷേധം ശക്തം ശക്തമായത്.
അതേസമയം, കുറച്ചു കുട്ടികള്‍ക്കുമാത്രമായി സ്കൂളിന്റെ നിയമങ്ങള്‍ മാറ്റാന്‍ പറ്റില്ലെന്നാണ് പ്രിന്‍സിപ്പാളിന്റെ വാദം. 'സ്കൂളുകാര്‍ക്ക് തീരുമാനിക്കാമല്ലോ എങ്ങനെ വേണം യൂണീഫോമെന്ന്. ഇങ്ങനെ തന്നെയാണ് കുറേക്കാലമായി പോയിക്കോണ്ടിരിക്കുന്നത്. ആ കാര്യങ്ങള്‍ കുട്ടിയോടും രക്ഷിതാവിനോടും പറഞ്ഞിട്ടുണ്ട്. അഡ്മിഷന്റെ സമയത്ത് അവര്‍ക്ക് തീരുമാനിക്കാം ഈ സ്കൂളില്‍ നില്‍ക്കണോ ട്രാന്‍സ്ഫര്‍ ഓപ്ഷന് കൊടുത്ത് മാറണോ എന്ന്'-പ്രിന്‍സിപ്പാള്‍ ഡോ. സില്‍വി ആന്റണി കൂട്ടിച്ചേര്‍ത്തു. ശിരോവസ്ത്രം ഇടാന്‍ അനുവദിക്കുന്നില്ലെന്ന് നേരത്തെയും കോഴിക്കോട് പ്രൊവിഡന്‍സ് സ്കൂളിനെതിരെ പരാതിയുയര്‍ന്നിട്ടുണ്ട്.