വാഷിംഗ്‌ടണ്‍: ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരിന് പിന്തുണയുമായി മുൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഹിലരി ക്ലിന്റൺ. 2012ൽ സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ കൊളംബിയയിലേക്കുള്ള യാത്രക്കിടെ ക്ലബില്‍ യാത്ര ചെയ്യുന്ന തന്‍റെ ചിത്രത്തോടൊപ്പം 'നൃത്തം തുടരുക സന്ന മരിന്‍' എന്ന കുറിപ്പ് ട്വീറ്റ് ചെയ്താണ് ഹിലരി ഫിൻലൻഡ് പ്രധാനമന്ത്രിക്ക് പിന്തുണയറിയിച്ചത്. ഹിലരി ക്ലിന്റന് നന്ദിയറിയിച്ച് സന്ന മരിനും രംഗത്തുവന്നു. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സന്ന മരിന്‍.
അടുത്തിടെ സന്ന മരിന്‍ കൂട്ടുകാര്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്നതിന്‍റെയും മദ്യപിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാജ്യം ഭരിക്കേണ്ട പ്രധാനമന്ത്രി സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിച്ച് നടക്കുകയാണ് എന്നായിരുന്നു ഉയര്‍ന്നുവന്ന പ്രധാന വിമര്‍ശനം. മദ്യപിച്ച് ലക്കുകെട്ടാണ് സന്ന നൃത്തം ചെയ്തതെന്നും അവര്‍ ലഹരി ഉപയോഗിച്ചിരുന്നു എന്നും ആരോപണങ്ങളുയര്‍ന്നു. തുടര്‍ന്ന് തെറ്റിദ്ധാരണ മാറ്റാനായി അവര്‍ ലഹരിമരുന്ന് പരിശോധനയ്ക്കും വിധേയയായി. പ്രധാനമന്ത്രി മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന പരിശോധനാ ഫലവും പുറത്തുവന്നിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതിനുപിന്നാലെ വിവാദത്തില്‍ പ്രതികരിച്ച് സന്ന മരിന്‍ രംഗത്തെത്തിയിരുന്നു. താനും ഒരു മനുഷ്യനാണെന്നും സന്തോഷവും വിനോദവുമെല്ലാം ആഗ്രഹിക്കാറുണ്ടെന്നും സന്ന പറഞ്ഞു. പാട്ടുപാടുന്നതും ഡാന്‍സ് ചെയ്യുന്നതുമെല്ലാം നിയമാനുസൃതമാണെന്നും താന്‍ ഒഴിവുസമയങ്ങളില്‍ എന്തുചെയ്യുന്നു എന്നതിനേക്കാള്‍ ജോലി ചെയ്യുമ്പോള്‍ അത് കൃത്യമായി ചെയ്യുന്നുണ്ടോ എന്നതിനാണ് രാജ്യത്തെ ജനങ്ങള്‍ പ്രാധാന്യം കൊടുക്കുക എന്നാണ് വിശ്വാസമെന്നും സന്ന പറഞ്ഞിരുന്നു. ഫിന്‍ലാന്‍ഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവേയാണ് സന്ന മരിന്‍ വിവാദത്തെക്കുറിച്ച് പ്രതികരിച്ചത്.