ഡല്‍ഹി: ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ ഗൗതം അദാനി ലോക സമ്പന്നരില്‍ മൂന്നാം സ്ഥാനത്ത്. ആഡംബര ബ്രാൻഡായ ലൂയിസ് വിറ്റൺ ചെയർമാൻ ബെർനാഡ് ആർനോൾട്ടിനെ മറികടന്നാണ് ഗൗതം അദാനി മൂന്നാം സ്ഥാനത്ത് എത്തിയത്. 137.4 ബില്യൺ ഡോളർ ആണ് അദാനിയുടെ ആസ്തി. ആദ്യമായാണ് ഏഷ്യയിൽ നിന്നുള്ള ഒരു വ്യക്തി ബ്ലൂംബെർഗ് ബില്യണയർ സൂചികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടംപിടിക്കുന്നത്. കഴിഞ്ഞ മാസമാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി ലോക കോടീശ്വരന്മാരില്‍ നാലാമനായി ഗൗതം അദാനി ഇടം പിടിച്ചത്. സ്പേസ് എക്സ്-ടെസ്ല സ്ഥാപകൻ ഇലോൺ മസ്കാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്ത് ആമസോൺ സി.ഇ.ഒ ജെഫ് ബെസോസാണ്. 91.9 ബില്യൺ ഡോളർ ആസ്തിയുമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി 11-ാം സ്ഥാനത്താണ്. ബ്ലൂംബർഗ് ഇൻഡെക്സിലെ ആദ്യ 10ൽ എട്ടും യു.എസിൽ നിന്നുള്ള കോടീശ്വരന്മാരാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ വർഷമാണ് അദാനി ഗ്രൂപ്പ് ചെയർമാനായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഉയർന്നത്. 1988-ൽ ഒരു ചെറിയ അഗ്രി-ട്രേഡിംഗ് സ്ഥാപനവുമായി ആരംഭിച്ചതാണ് അദാനി ഗ്രൂപ്പ്. ഇപ്പോൾ കൽക്കരി വ്യാപാരം, ഖനനം, ലോജിസ്റ്റിക്‌സ്, വൈദ്യുതി ഉൽപ്പാദനം, വിതരണം ഹരിത ഊർജം, വിമാനത്താവള നിർമ്മാണം, ഡാറ്റാ സെന്ററുകൾ, സിമന്റ് എന്നീ മേഖലകളിലെല്ലാം അദാനി ഗ്രൂപ്പ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക ബില്‍ഗേറ്റ്‌സ് ഉള്‍പ്പടെയുള്ളവര്‍ നീക്കിവെച്ചതാണ് ഇവരെ മറികടക്കാന്‍ അദാനിയെ സഹായിച്ചതെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തല്‍.